മണർകാട് ● പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനവുമായും അതിന്റെ പരമാധ്യക്ഷനായ പരിശുദ്ധ പാത്രിയർക്കീസ് ബാവയുമായും മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിനുള്ള ചരിത്രപരവും ആത്മീയവുമായ അഭേദ്യബന്ധത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ വിഘടിത ഓർത്തഡോക്സ് വിഭാഗം കാതോലിക്ക നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെ മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രതിഷേധം ശക്തമാകുന്നു.ഇതിന്റെ ഭാഗമായി ഇന്ന് (നവംബർ 26, വ്യാഴാഴ്ച) വൈകിട്ട് ആറിന് പള്ളി അങ്കണത്തിൽ പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കും.
പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനും അന്ത്യോഖ്യാ സിംഹാസനവുമായുള്ള കത്തീഡ്രലിന്റെ ചരിത്രപരവും ആത്മീയവുമായ ബന്ധം പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തുന്നതിനുമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ തിമോത്തിയോസ് തോമസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ഭാരവാഹികൾ, വൈദികർ തുടങ്ങിയവർ പങ്കെടുക്കും.
കത്തീഡ്രലിന്റെ ആരംഭകാലം മുതൽ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനവുമായി നിലനിൽക്കുന്ന ആത്മീയവും സഭാപരവുമായ ബന്ധത്തിന്റെ ചരിത്രപരമായ തുടർച്ചയും പരിശുദ്ധ പാത്രിയർക്കീസ് ബാവമാരുടെ സന്ദർശനങ്ങളും ശുശ്രൂഷകളും ഈ ബന്ധത്തിന്റെ ആഴവും ദൃഢതയും വ്യക്തമാക്കുന്നതാണെന്ന് കത്തീഡ്രൽ ട്രസ്റ്റിമാർ അറിയിച്ചു.
