
പരിപൂർണ്ണമായ ദൈവാശ്രയത്തിന്റെയും മുടക്കമില്ലാത്ത തപസ്യയുടെയും ഫലമായി ദൈവം കൈപിടിച്ചുയർത്തിയ ഒരു വ്യക്തിത്വത്തിനുടമയാണ് പുണ്യശ്ലോകനായ ഗീവർഗീസ് മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത. പത്തനംതിട്ട ചെന്നിത്തല നടയിൽ മാത്യു ഫിലിപ്പോസിന്റെയും ഏലിയാമ്മയുടെയും മകനായി 1933 ഏപ്രിൽ 5 ന് ജനനം. ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കി 1956 ൽ മോർ യൂലിയോസ് ഏലിയാസ് ബാവായിൽ നിന്നും കോറൂയോ പട്ടവും, 1957 ൽ മഞ്ഞിനിക്കര ദയറായിൽ നിന്ന് കശ്ശീശാ പട്ടവും സ്വീകരിച്ചു.
1959 മുതൽ കർണ്ണാടകയിൽ ചിതറിപാർക്കുന്ന സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ അദ്ദേഹം പ്രവർത്തിച്ചു. നല്ല നിലത്തു വീഴുന്ന വിത്തുകൾ നൂറുമേനി ഫലം കൊടുക്കുന്നുവെന്ന തിരുവെഴുത്ത് അഭി. തിരുമേനിയുടെ ജീവിതത്തിൽ നമുക്ക് ദർശിക്കുവാൻ കഴിയും.
1962 ജൂൺ മാസത്തിൽ ഹോണവാർ മിഷൻ്റെ മാനേജരായി എം.പി. ജോർജ് അച്ചൻ ചുമതലയേറ്റു (പുണ്യശ്ലോകനായ തിരുമേനി). ഇന്നത്തേതുപോലുള്ള യാത്രാസൗകര്യങ്ങൾ ഇല്ലാതിരുന്ന കാലഘ ട്ടത്തിൽ ഹോണവാറിൽ നിന്നും 22 കിലോമീറ്റർ ദൂരമുള്ള കുംടായിലെ കോളേജിൽ ചേർന്നു ഉന്നതപഠനത്തിനിടെ അന്നത്തെ സൗത്ത് കാനറ ജില്ലകളിലുള്ള ബ്രഹ്മവാർ, ഉദ്യാവാർ, അത്യാടി, മധ്യോടി, നോർത്ത് കാനറായിലുള്ള ഹോണവാർ സെന്റ് ആന്റണീസ് പള്ളി ഓർഫനേജ്, ഹോണവാറിലും ചുറ്റുപാടുമുള്ള സ്കൂളുകളുടെ ചുമതലകളും വഹിച്ചു. തൻ്റെ പ്രവർത്തനത്തിൽ ജാതിമത ദേശവ്യത്യാസം അദ്ദേഹം പുലർത്തിയില്ല.
ബഹുഭാഷാപണ്ഡിതനും വേദശാസ്ത്ര വിശാരദനുമായ തിരുമേനിയുടെ സാരഥ്യം ഹോണവാർ മിഷനേയും, പൗരസ്ത്യ സുവിശേഷ സമാജത്തേയും ഉയർച്ചയുടെ നെറുകയിലെത്തിച്ചു. സൗത്ത് കാനറായിലുള്ള കുടിയേറ്റസ്ഥലങ്ങളിൽ താമസിച്ച് അവിടെയുള്ള ജനങ്ങളുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കി അവർക്ക് വിദേശത്തു നിന്നും ഗോതമ്പ്, എണ്ണ, പാൽപ്പൊടി എന്നിവ എത്തിച്ച് വിതരണം ചെയ്തു. പട്ടിണിയെ ശമിപ്പിക്കുന്നതോടൊപ്പം നൂതനരീതിയിലുള്ള കൃഷികൾക്കുള്ള സാമ്പത്തിക സഹായങ്ങൾ ചെയ്തു പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഹോണവാറിലുള്ള അനാഥാലയം പിന്നോക്ക സമുദായത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി തിരുമേനി സ്ഥാപിച്ചതാണ്. ബ്രഹ്മവാറിലുള്ള ധ്യാനമന്ദിരം, വൃദ്ധമന്ദിരം എന്നിവ നിരാലംബ രായ വൃദ്ധൻമാർക്ക് ആശ്രയവും അത്താണിയുമാണ്.
കുടിയേറ്റ ജനതയെ സത്യവിശ്വാസത്തിൽ ഉറപ്പിച്ചു നിറുത്തുവാൻ പുതിയ ദേവാലയങ്ങൾ സ്ഥാപിക്കുകയും അവരിൽ നിന്നും അനേകരെ കണ്ടെത്തി പ്രേഷിതവേലക്കും ദൈവിക വേലക്കും നിയോഗിക്കുകയും ചെയ്തു. ഇങ്ങനെ പള്ളികളും അതിനോടു ചേർന്ന് വിദ്യാലയങ്ങളും സ്ഥാപിക്കുവാൻ പുണ്യശ്ലോകനായ പിതാവ് അനേകദൂരം കാൽനടയായി യാത്ര ചെയ്തിരുന്നു. താൻ ജനിച്ച മണ്ണിനേക്കാൾ അധികമായി കർണ്ണാടകയിൽ ചിതറി പാർക്കുന്ന തൻ്റെ മക്കളോടു കൂടെ ജീവിക്കുവാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടെത്തുവാനും ഇഷ്ടപ്പെട്ടിരുന്നു. തന്റെ അന്ത്യവിശ്രമത്തിന് മംഗലാപുരം തിരഞ്ഞെടുത്തതും അതിനാൽ തന്നെയാണ്.
വൈദികൻ ആയിരുന്നപ്പോഴും മെത്രാപ്പോലീത്ത ആയിരുന്നപ്പോഴും തിരുമേനി വിശ്വാസികൾക്ക് ഇടയിൽ കുബേര കുചേല വ്യത്യാസമില്ലാതെ കറിയില്ലാത്ത വചനപരമായ സത്യ വിശ്വാസ പ്രബോധനം നടത്തിപോന്നു. വേദപുസ്തകരമായതോ വേദ ശാസ്ത്രപരമായ ഏത് വിഷയവും തിരുമേനിയോട് ചോദിച്ചാൽ അതിനു ഉടൻ മറുപടി ലഭിക്കും. വേദപുസ്തകത്തിലെ വാക്യങ്ങൾ തിരുമേനിക്ക് കാണാപാടമായിരുന്നു. ഒരു കാലത്ത് ഏതും വിഷയവും വേദ പുസ്തകം നോക്കാതെ അതുമായി ബന്ധപ്പെട്ട വാക്യങ്ങൾ റെഫർ ചെയ്തു വിശദീകരണം നൽകുമായിരുന്നു. പ്രായം കൂടുതൽ ആയപ്പോൾ കൂടെയുള്ള ശെമ്മാശ്ശനെ കൊണ്ട് വായിപ്പിച്ച് തിരുമേനി വിശദീകരിക്കുമായിരുന്നു. അതിനാൽ തിരുമേനിയെ ചലിക്കുന്ന ബൈബിൾ വിജ്ഞാന കോശം എന്ന് പണ്ടുള്ള മുതിർന്നവർ പറയുമായിരുന്നു പ്രായത്തിന്റെ ബുദ്ധിമുട്ട് നിമിത്തം തിരുമേനിക്ക് സഹായിയായി 2006 ജൂലൈ 14 ന് മർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയെ വാഴിച്ചു. തുടർന്ന് തിരുമേനി തന്റെ സ്ഥാനം രാജി വെച്ചു വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
മംഗലാപുരം ജെപ്പു സെൻ്റ് ആൻ്റണീസ് പള്ളി തിരുമേനി തൻ്റെ സ്വന്തം ഭവനം പോലെ കരുതിയിരുന്നു. അസുഖം ബാധിതനായ ശേഷം പലപ്പോഴും ഇവിടെ വന്ന് തിരുമേനി വിശ്രമിക്കുമായിരുന്നു. രോഗത്തിന്റെ പിടിയിൽ അവശത അനുഭവിക്കുമ്പോഴും മക്കളോടുള്ള അതിയായ വാത്സല്യം സന്ദർശിക്കുവാൻ വരുന്നവരോട് ഇടപഴകുന്ന രീതിയിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. അനേകരുടെ ആശ്രയവും അത്താണിയുമായിരുന്ന അഭിവന്ദ്യ പിതാവ് 2011 മാർച്ച് 6-ാം തിയതി തൻ്റെ നാഥൻ തന്നെ ഏൽപ്പിച്ച ദൗത്യം എല്ലാം പൂർത്തിയാക്കി നിത്യതയിലേക്കു പ്രവേശിച്ചു.
