പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവാ പാവപ്പെട്ടവരുടെ പ്രവാചകനായി, അശരണര്‍ക്ക് ആലംബമായി പ്രതിസന്ധികളില്‍ കരുത്തനായി, വിശ്വാസികളുടെ ഹൃദയത്തില്‍ ഇടംപിടിച്ചു. സരസമായ ഭാഷണം കൊണ്ടും, ഹൃദ്യമായ ഇടപെടല്‍ കൊണ്ടും, കഠിനമായ അദ്ധ്വാനം കൊണ്ടും, പ്രാര്‍ത്ഥനയും ഉപവാസവും കൈമുതലാക്കി പരി. സഭയ്ക്ക് സുധീരമായ നേതൃത്വം നല്കി. വിശ്വാസം പണയപ്പെടുത്തുവാനുള്ളതല്ല, മറിച്ച് ക്രിസ്തീയ ജീവിതം രക്ഷാകരമാക്കുവാനുള്ളതാണ് എന്ന ഉത്തമ ബോധ്യത്തില്‍ അടിയുറച്ച് ജീവിതാന്ത്യം വരെ പുരോഭാഗത്തുനിന്ന് പടപൊരുതിയ ധീരയോദ്ധാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. പരി. സഭയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ശ്രേഷ്ഠബാവായുടെ വേര്‍പാട് തീരാനഷ്ടം വരുത്തിയിരിക്കുന്നു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ കൂടിയ സഭാ വര്‍ക്കിംഗ് യോഗത്തില്‍ മലങ്കര മെത്രാപ്പോലീത്തായും, പരി. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭി. ജോസഫ് മോര് ഗ്രിഗോറിയോസ് തിരുമേനി അദ്ധ്യക്ഷ പ്രസംഗത്തില്‍ അനുസ്മരിച്ചത്.
സഭയ്ക്ക് വേണ്ടി ഏറെ ത്യാഗം സഹിച്ച് ജനഹൃദയങ്ങളില്‍ കുടിയേറിയ ആത്മീയ ആചാര്യനായിരുന്നു ശ്രേഷ്ഠ ബാവായെന്ന് അഭി. ഡോ. മാത്യൂസ് മോര് ഈവാനിയോസ്, അഭി. ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ് എന്നീ മെത്രാപ്പോലീത്താമാര്‍ അനുസ്മരിച്ചു.
മലങ്കര സഭയിലെ എല്ലാ പള്ളികളിലും നവംബര്‍ മാസം 29-ാം തീയതി വെള്ളിയാഴ്ച ശ്രേഷ്ഠ ബാവായുടെ 30-ാം ഓര്‍മ്മദിനം പ്രമാണിച്ച് വി. കുര്‍ബ്ബാനയും, നേര്‍ച്ച വിളമ്പും നടത്തുവാനും, 40-ാം അടിയന്തിരം ശ്രേഷ്ഠ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തന്‍കുരിശ് മോര് അത്തനേഷ്യസ് കത്തീഡ്രലില്‍ ഡംസംബര്‍ മാസം 9 തിങ്കളാഴ്ച വിപുലമായി നടത്തുവാനും തീരുമാനിച്ചു. ആകമാന സുറിയാനി സഭയുടെ പരമമേലദ്ധ്യക്ഷന്‍ മോറാന്‍ മോര് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ വി. കുര്‍ബ്ബാനയ്ക്കും, കബറിങ്കലെ ധൂപ പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം പരി. പാത്രിയര്‍ക്കീസ് ബാവാ ഉത്ഘാടനം ചെയ്യും. ശ്രേഷ്ഠ ബാവായെ അനുസ്മരിച്ച് സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് അനുസ്മരണ സമ്മേളനം നടത്തുവാനും തീരുമാനിച്ചു.
ശ്രേഷ്ഠ ബാവായുടെ പാവന സ്മരണയ്ക്കായി ശ്രേഷ്ഠ ബാവായുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മൂന്ന് വാല്യങ്ങളായി ജീവചരിത്ര ഗ്രന്ഥം പ്രസിദ്ധീകരിക്കുവാനും, ശ്രേഷ്ഠ ബാവായുടെ പ്രഭാഷണങ്ങളും, ആരാധനകളും, ശ്രേഷ്ഠ ബാവായും പരി. സഭയുമായി ബന്ധപ്പെട്ട ചരിത്ര രേഖകളും, അമൂല്യ വസ്തുക്കളും ഉള്‍പ്പെടുത്തി ഒരു ബൃഹത് ഡിജിറ്റല്‍ മ്യൂസിയം നിര്‍മ്മിക്കുവാനുള്ള പദ്ധതികള്‍ക്ക് വര്‍ക്കിംഗ് കമ്മിറ്റി രൂപം നല്കി. നവംബര്‍ മാസം 19-ാം തീയതി കൂടുന്ന സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളും.
ഇന്നു കൂടിയ വര്‍ക്കിംഗ് കമ്മറ്റിയോഗത്തില്‍ സഭാ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി മാത്യു എന്നിവര്‍ പ്രസംഗിച്ചു.