കാനഡ ● ഉയിർപ്പിന്റെ സ്വർഗ്ഗീയ ആനന്ദവും പരിശുദ്ധ സുറിയാനി ആരാധനാ പാരമ്പര്യത്തിന്റെ ആത്മീയതയും കോർത്തിണക്കി ‘മോദം ഭൂസ്വർഗ്ഗങ്ങൾ’ (Modam Bhooswargangal) എന്ന പുതിയ ആരാധനാഗാനം പുറത്തിറങ്ങി. വടക്കേ അമേരിക്കയിലെ മലങ്കര അതിഭദ്രാസനത്തിനു കീഴിലുള്ള കാനഡ ബ്രാംപ്ടൺ സെന്റ് ജോർജ് സുറിയാനി ഓർത്തഡോക്സ് പള്ളിയാണ് ഈ ആരാധനാഗാനം വിശ്വാസി സമൂഹത്തിനായി സമർപ്പിച്ചത്.
പെസഹായുടെയും ഉയിർപ്പിന്റെയും ദൈവീക രഹസ്യങ്ങളിലേക്ക് (റാസ) വിശ്വാസികളെ ആനയിക്കുന്ന ഈ ഗാനം, സുറിയാനി സഭയുടെ പൗരാണികമായ പ്രാർത്ഥനാ സൗന്ദര്യം തുളുമ്പുന്നതാണ്. വികാരി റവ. ഫാ. ജിജു ജോസഫിന്റെ ആത്മീയ മാർഗ്ഗനിർദ്ദേശത്തിൽ ഒരുങ്ങിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് പള്ളിയിലെ ക്വയർ അംഗങ്ങളാണ്.
അലീഷ റെജി തോമസ്, അഞ്ജു അലക്സ്, അഞ്ജു സാറ എബ്രഹാം, അതീന മാത്യു, ദീപ ജോയി ചെറിയാൻ, ഗബ്രിയ മറിയം സജി, ഹെസ്രിയ മറിയം സജി, ലിജി വർഗീസ്, റേച്ചൽ മരിയ ഷൈജൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സംഗീതസംവിധാനം ബേസിൽ ബാബുവിന്റെയും, സംവിധാനമൊരുക്കിയത് സോണറ്റ് സണ്ണിയുടേയും നേതൃത്വത്തിലാണ്. ദൃശ്യാവിഷ്ക്കാരം ബേസിൽ തേലക്കാട്ടും ജോസഫ് വർഗീസും നിർമ്മാണം ജെ.ബി.എസ് മീഡിയ ഹൗസുമാണ് നിർവഹിച്ചത്.
ഉയിർപ്പിന്റെ സന്തോഷവും പ്രത്യാശയും ഹൃദയങ്ങളിൽ നിറയ്ക്കുന്ന ഈ ആരാധനാഗാനം ഇതിനോടകം തന്നെ വിശ്വാസികൾക്കിടയിൽ ശ്രദ്ധേയമായിരിക്കുന്നു. ആരാധനയുടെ ആത്മീയ അനുഭവം പകർന്നു നൽകുന്ന ‘മോദം ഭൂസ്വർഗ്ഗങ്ങൾ’ ജെ.എസ്.സി ന്യൂസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.