കൽക്കട്ട ● സെറാംപൂർ കോളേജ് സെനറ്റിന് കീഴിലുള്ള ബോർഡ് ഓഫ് തിയോളജിക്കൽ എഡ്യൂക്കേഷന്റെ (BTESSC) ‘എക്യുമെനിക്കൽ റിലേഷൻസ് ആൻഡ് ചർച്ച് മിനിസ്ട്രി കമ്മിറ്റി’ യോഗം 2026 മാർച്ച് 11-ന് സെറാംപൂരിലെ സെനറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. വിവിധ സഭകളെയും തിയോളജിക്കൽ സെമിനാരികളെയും കോളേജുകളെയും പ്രതിനിധീകരിച്ചുള്ള പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.
സഭകളും തിയോളജിക്കൽ സെമിനാരികളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും, മാറുന്ന
സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസൃതമായ ശുശ്രൂഷാ രീതികളും പരിശീലന സംവിധാനങ്ങളും രൂപപ്പെടുത്തുന്നതിനും യോഗം പ്രത്യേക ഊന്നൽ നൽകി. ദൈവശാസ്ത്ര വിദ്യാഭ്യാസത്തിന്റെ നിലവാരം അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തുന്നതിനായി അക്കാദമിക് കൗൺസിലുമായി സഹകരിച്ച് വിപുലമായ കർമ്മപദ്ധതികൾ ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു.
സഭകൾ, തിയോളജിക്കൽ കോളേജുകൾ, സഭാബന്ധിത സ്ഥാപനങ്ങൾ, സെക്യുലർ ഏജൻസികൾ എന്നിവയ്ക്കിടയിൽ നിരന്തരമായ ആശയവിനിമയം ഉറപ്പാക്കുക; നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിൽ സഭയ്ക്ക് ആവശ്യമായ ശുശ്രൂഷാ മാതൃകകൾ കണ്ടെത്തി അതിനനുസരിച്ചുള്ള പ്രത്യേക പരിശീലന പരിപാടികൾ നടപ്പിലാക്കുക; വിവിധ സെമിനാരികൾ തമ്മിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എക്സ്ചേഞ്ച് പ്രോഗ്രാം ഉൾപ്പെടെയുള്ള സഹകരണ പദ്ധതികൾ രൂപപ്പെടുത്തുക; ദൈവശാസ്ത്ര ചിന്തകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സെമിനാറുകളും ചർച്ചകളും സമ്മേളനങ്ങളും സംഘടിപ്പിക്കുക; അക്കാദമിക് കൗൺസിലിന്റെ സഹകരണത്തോടെ സെമിനാരികളിലെ അധ്യാപകരുടെ നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയവയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങൾ.
കമ്മിറ്റിയുടെ നേതൃനിരയിൽ റവ. ഡോ. സി.ഐ. ഡേവിഡ് ജോയ് (പ്രസിഡന്റ്), റവ. ഡോ. സെൽവം റോബർട്ട്സൺ (രജിസ്ട്രാർ), ഡോ. അശ്വതി ജോൺ (ഡീൻ ഓഫ് റിസർച്ച്), റവ. ഡോ. ഇലുങ്കീബെ സെലിയാങ് (സെക്രട്ടറി) എന്നിവർ പ്രവർത്തിക്കുന്നു. ഇവർക്ക് പുറമെ എം.എസ്.ഒ.റ്റി സെമിനാരി പ്രസിഡൻ്റ് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, ഡോ. എൻ.ജി. പ്രസുന, റവ. ഡോ. തപസ് ഘോഷ്, ഡോ. ഡെക്സ്റ്റർ മാബൻ, റവ. ഡോ. ചക്മേ മരാക് , ഡോ. നയൻബാല ദാസ് എന്നിവരും, ബാംഗ്ലൂർ CISRS, വെല്ലൂർ CMC എന്നീ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും കമ്മിറ്റിയിൽ അംഗങ്ങളാണ്.
സമൂഹത്തിൽ സഭയുടെ സാക്ഷ്യം കൂടുതൽ ശക്തമാക്കുന്ന എക്യുമെനിക്കൽ കാഴ്ചപ്പാടിലുള്ള ദൈവശാസ്ത്ര വിദ്യാഭ്യാസമാണ് കമ്മിറ്റി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
