വയനാട് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനത്തിന്റെ ‘കൂട്’ പദ്ധതിയുടെ ഭാഗമായി ഭദ്രാസനത്തിലെ മുഴുവൻ കുടുംബങ്ങൾക്കും സ്നേഹസമ്മാനമായി തെങ്ങിൻതൈകൾ നൽകുന്നു.
‘മുറ്റത്തൊരു തെങ്ങ്, മുന്നോട്ടൊരു താങ്ങ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ വയനാട്, നീലഗിരി ജില്ലകളിലെ 5,300 കുടുംബങ്ങൾക്കാണ് മികച്ചയിനം തെങ്ങിൻതൈകൾ വിതരണം ചെയ്യുന്നത്.
കേവലം ഒരു തൈ വിതരണത്തിനപ്പുറം, കാർഷിക സംസ്കൃതിയെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
തെങ്ങിൻതൈ എങ്ങനെ നടണമെന്നും പരിപാലിക്കണമെന്നുമുള്ള വിശദാംശങ്ങളും ഇതോടൊപ്പം നൽകുന്നുണ്ട്. വളർച്ചയുടെ ഓരോ ഘട്ടവും രേഖപ്പെടുത്തേണ്ടതുമുണ്ട്. ഇതിന് പുറമേ അഞ്ചുവർഷം കഴിഞ്ഞ് വിളവെടുത്താൽ എല്ലാ കുടുംബങ്ങളും ഒരു തേങ്ങാക്കുല ഭദ്രാസനത്തിന് മടക്കി നൽകണം. എല്ലാ കുടുംബങ്ങളിൽ നിന്നും തേങ്ങയെത്തുമ്പോൾ അത് വലിയ വരുമാനമാകുമെന്നും, കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നും ഭദ്രാസനം കണക്കുകൂട്ടുന്നു. തെങ്ങാണങ്കിൽ വേര് മുതൽ ഓലയും, കൊതുമ്പും തേങ്ങയും വരെ എല്ലാം ഉപയോഗിക്കാനാകുമെന്നതും സവിശേഷതയാണ്. നാളികേര വികസന ബോർഡിൽ നിന്നാണ് വിതരണത്തിന് ആവശ്യമായ തൈകൾ എത്തിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഭദ്രാസനത്തിനു കീഴിലെ നിർധന കുടുംബങ്ങൾക്ക് നേരത്തേ കാർഷികോപകരണങ്ങൾ നൽകിയിരുന്നു.
തൃക്കൈപ്പറ്റ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ചടങ്ങിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. എല്ലാ കുടുംബങ്ങളിലും എന്തെങ്കിലും സഹായം എത്തണമെന്ന ചിന്തയാണ് പദ്ധതിക്കു പിന്നിലെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു.
ഭദ്രാസന ജോയിന്റ് സെക്രട്ടറി ബേബി വാളംകോട്ട്, കൂട് കോർഡിനേറ്റർ ഫാ. ഷിജിൻ കടമ്പക്കാട്ട്, ഇടവക വികാരി ഫാ. ജോർജ് നെടുന്തള്ളി, ട്രസ്റ്റി ബാബു കുര്യാക്കോസ്, സെക്രട്ടറി സാലി വേണാട്ട്, ഔസേഫ് വേണാട്ട്, ബീന സാബു, ഭദ്രാസന കൗൺസിലർമാർ, മാനേജിങ് കമ്മിറ്റിയംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ തൈ വിതരണം നടത്തി. മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ വളപ്പിൽ തൈനട്ട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബിജുമോൻ കാർലോട്ടുകുന്നേൽ, ഫാ. സോജൻ വാണാക്കുടി, ഫാ. എൽദോ ലീലാഭവനം, ഫാ. ലിജോ, ട്രസ്റ്റി ടി.കെ. തോമസ്, സെക്രട്ടറി വി.എം. സാബു, ജോ. ട്രസ്റ്റി ജിതിൻ കാരുകുഴി എന്നിവർ നേതൃത്വം നൽകി.










