മൂവാറ്റുപുഴ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ വാളകം മേഖലയിലെ വിവിധ പള്ളികളുടെയും, ചാപ്പലുകളുടെയും, ഭക്ത സംഘടനകളുടെയും നേതൃത്വത്തിൽ വലിയ നോമ്പിനോടനുബന്ധിച്ച് വാളകം പഞ്ചായത്ത് സ്റ്റേഡിയം മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ നഗറിൽ സംഘടിപ്പിക്കുന്ന 34-ാമത് വാളകം മേഖല സുവിശേഷയോഗം ആരംഭിച്ചു. മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. നേരത്തെ യോഗത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് പ്രസിഡന്റ് വന്ദ്യ ജോർജ് മാന്തോട്ടം കോറെപ്പിസ്കോപ്പ കൊടി ഉയർത്തി. റാക്കാട് പള്ളി സഹവികാരി ഫാ. ബേസിൽ പതിവാരത്ത് പറമ്പിൽ, മേക്കടമ്പ് പള്ളി വികാരി ഫാ. ജോബി ജോൺ കുമളിൽ, കൂടാതെ യോഗത്തിന്റെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
ഒന്നാം ദിവസത്തെ യോഗത്തിന് കുന്നയ്ക്കാൽ സെന്റ് ജോർജ് യാക്കോബായ വലിയ പള്ളി വികാരി ഫാ. ബേസിൽ ഞാനമറ്റത്തിൽ അധ്യക്ഷത വഹിച്ചു. വന്ദ്യ ഏലിയാ റമ്പാച്ചൻ മുഖ്യസന്ദേശം നൽകി. കുന്നയ്ക്കാൽ സെന്റ് ജോർജ് വലിയ പള്ളി ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഫാ. ജോർജ്ജ് കളപ്പുരയ്ക്കൽ കൃതജ്ഞത രേഖപ്പെടുത്തി.
ഇന്ന് (ഫെബ്രുവരി 19 വ്യാഴം) ഫാ. എൽദോസ് ചെറുവള്ളിൽ അധ്യക്ഷനാകും. വാളകം സെന്റ് ജോർജ് ചാപ്പൽ ക്വയർ ഗാനശുശ്രൂഷ നടത്തും. ഫാ. ജിനു പള്ളിപ്പാട്ട് മുഖ്യസന്ദേശം നിർവഹിക്കും. ഫാ. ജോർജ്ജ് ചേന്നോത്ത് കൃതജ്ഞത അറിയിക്കും. നാളെ (ഫെബ്രുവരി 20 വെള്ളി) ഫാ. ജോൺ തോമസ് കൂമുള്ളിൽ അധ്യക്ഷനാകും. മേക്കടമ്പ് എം.ഐ.എൻ ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും. ഫാ. ജാൻസൺ വയനാട് മുഖ്യസന്ദേശം നൽകും. ഫാ. പൗലോസ് ഞാറ്റുംകാല കൃതജ്ഞത അർപ്പിക്കും.
ഫെബ്രുവരി 21 ശനി ഫാ. എൽദോസ് മോളേക്കുടിയിൽ അധ്യക്ഷത വഹിക്കും. റാക്കാട് സെന്റ് മേരീസ് ചർച്ച് ക്വയർ സംഗീത ശുശ്രൂഷ നടത്തും. ഫാ. ബേസിൽ പതിയാരത്തുപറമ്പിൽ കോതമംഗലം മുഖ്യസന്ദേശം നൽകും. ഫാ. ജോയി പോൾ മനയത്ത് കൃതജ്ഞത രേഖപ്പെടുത്തും.
ഫെബ്രുവരി 22 ഞായർ വൈകിട്ട് 6.30-ന് ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി വികാരി ഫാ. ബിജു കൊരട്ടിയിൽ അധ്യക്ഷനാകും. വന്ദ്യ പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പ മുഖ്യസന്ദേശം നൽകും. വാളകം പഞ്ചായത്ത് പ്രസിഡൻ്റ് രജിത സുധാകരൻ ജെ.എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് ദാനം നിർവഹിക്കും. രാത്രി 9 മണിക്ക് വാളകം മേഖല സുവിശേഷ യോഗം പ്രസിഡന്റ് വന്ദ്യ ജോർജ് മാന്തോട്ടം കോറെപ്പിസ്കോപ്പ സമാപന സന്ദേശം നൽകും. ജനറൽ കൺവീനർ എ.വി. തങ്കച്ചൻ, സെക്രട്ടറി ബിജു സി.കെ. ചുണ്ടയിൽ, സുവിശേഷയോഗം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.




