പുത്തൻകുരിശ് ● വിശുദ്ധ മൂറോൻ കൂദാശയിൽ സംബന്ധിക്കുവാനും പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയെ കണ്ട് അനുഗ്രഹം തേടാനുമായി പുത്തൻകുരിശിലേക്ക് പതിനായിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തിയത്. ഇതോടെ പാത്രിയർക്കാ സെന്ററും പരിസരവും വിശ്വാസികളെക്കൊണ്ട് നിറഞ്ഞു.
വിവിധ ഭദ്രാസനങ്ങളിൽ നിന്നും വലിയ വാഹനങ്ങളിലാണ് വിശ്വാസികൾ എത്തിയത്. യാക്കോബായ സഭയുടെ 1500 ഓളം പള്ളികളിൽ നിന്നായി 10 പേരടങ്ങുന്ന പള്ളി പ്രതിനിധികളും സഭയുടെ സമീപ ഭദ്രാസനങ്ങളിലെ വിശ്വാസികളും രാവിലെ എത്തിയതോടെ സംഘാടകർ കരുതിയിരുന്ന കസേരകൾ തികയാതെയായി. നിൽക്കാൻപോലും ഇടമില്ലാത്ത അവസ്ഥയിൽ വിശ്വാസികൾ റോഡിലും പാത്രിയർക്കാ സെൻ്ററിൻ്റെ മുറ്റത്തും കോളേജ് പരിസരത്തുമെല്ലാം നിറഞ്ഞു.
മൈതാനത്ത് കനത്ത ചൂടിനെ അവഗണിച്ചും വിശ്വാസ തീക്ഷ്ണതയിൽ കൂദാശയ്ക്കു സാക്ഷ്യം വഹിച്ച വിശ്വാസികൾ അന്ത്യോഖ്യായും മലങ്കരയുമായുള്ള ബന്ധത്തെ അരക്കിട്ടുറപ്പിച്ചു. പുത്തൻകുരിശ് പരിസരത്തെ ഗതാഗതം പൂർണമായും രാവിലെ മണിക്കൂറുകളോളം നിലച്ച അവസ്ഥയായി. പോലീസിനും വൊളൻ്റിയേഴ്സിനും ജനത്തെയും വാഹനങ്ങളെയും നിയന്ത്രിക്കുവാൻ പാടുപെടേണ്ടിവന്നു.
ഉച്ചയ്ക്കുശേഷം തിരക്ക് നിയന്ത്രണവിധേയമായിരുന്നെങ്കിലും മുഖ്യമന്ത്രി വി.ഡി. സതീശനും നടൻ മമ്മൂട്ടിയുമെത്തിയപ്പോഴേക്കും തിരക്കുകൂടി.മാർ ജോർജ് മഠത്തിക്കണ്ട ത്തിൽ, ഡോ. ആന്റണി വാലുങ്കൽ, സിറിൾ മാർ ബസേലിയോസ്, ഡോ. സാമുവൽ മാർ തെയോഫിലോസ്, റവ. കുര്യൻ പീറ്റർ, എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എംഎൽഎമാ രായ വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, റോയി കെ. പൗലോസ്, മനോജ് മുത്തേടൻ, ഷിബു തെക്കുംപുറം, മുൻ മന്ത്രിമാരായ കെ. ബാബു, ഡൊമിനിക് പ്രസൻ്റേഷൻ തുടങ്ങിയവർ പങ്കെടുത്തു. സഭാ വർക്കിങ് കമ്മിറ്റി അംഗങ്ങളും മാനേജിങ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.