മുളന്തുരുത്തി ● 150 വർഷങ്ങൾക്കു മുൻപ് മുളന്തുരുത്തിയിൽ ആദ്യ സുന്നഹദോസ് വിളിച്ചുചേർത്ത പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവയെ വിശുദ്ധനായി പ്രഖ്യാപിക്കാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ സാന്നിധ്യത്തിൽ ചേർന്ന മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആഗോള എപ്പിസ്കോപ്പൽ സുന്നഹദോസ് തീരുമാനിച്ചു. ഇതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കാനും സിനഡിൽ തീരുമാനമായി.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയുടെ അഭിപ്രായം പരിഗണിച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവ ഇതിന് അനുമതി നൽകിയതിനെ തുടർന്നാണ് സിനഡിൻ്റെ തീരുമാനം. സുറിയാനി ഓർത്തഡോക്സ് സഭയുടെയും മലങ്കര സഭയുടെയും ചരിത്രത്തിൽ നിർണായക ഇടപെടലുകൾ നടത്തിയ പാത്രിയർക്കീസാണ് പത്രോസ് തൃതീയൻ ബാവ.
1876-ൽ മുളന്തുരുത്തിയിൽ പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാ ത്രിയർക്കീസ് ബാവ വിളിച്ചുചേർത്ത മുള ന്തുരുത്തി സുന്നഹദോസിൻ്റെ 150-ാമത് വാർഷികാഘോഷവും ആഗോള എപ്പി സ്കോപ്പൽ സുന്നഹദോസും സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ സിനഡിൽ അധ്യക്ഷത വഹിച്ചു. സുന്നഹദോസിൽ ഓറിയൻ്റൽ ഓർത്തഡോക്സ് സഭകളിൽ നിന്നടക്കം വിദേശത്തു നിന്നുള്ള മുപ്പതോളം മെത്രാപ്പോലീത്തമാരും ഇന്ത്യയിൽ നിന്നുള്ള മുപ്പതോളം മെത്രാപ്പോലീത്തമാരും പങ്കെടുത്തു.
മലങ്കരയിലെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള പ്രതിനിധികളും വൈദികരും സുന്നഹദോസിൽ പങ്കെടുത്തു. സഭയുടെ വർക്കിങ് കമ്മിറ്റിയും മാനേജിങ് കമ്മിറ്റിയും സുന്നഹദോസിൻ്റെ ഭാഗമായി നടന്നു. രാവിലെ മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ കവാടത്തിനു മുന്നിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവയെ മാർത്തോമൻ കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് പാത്രിയർക്കീസ് ബാവ പള്ളിയിലെത്തി പ്രാർഥന നടത്തിയ ശേഷം വിശ്വാസികൾക്ക് ശ്ലൈഹിക വാഴ്വ് നൽകി.