പുത്തൻകുരിശ് ● കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തന്നോട് ഏറെ സഹകരിച്ചിട്ടുണ്ടെന്ന് പത്മഭൂഷൻ മമ്മൂട്ടി പറഞ്ഞു.
പുത്തൻകുരിശിൽ ശ്രേഷ്ഠ കാതോലിക്ക ബാവായുടെ പേരിലുള്ള മൂന്നാമത് ശ്രേഷ്ഠ ബാവ പുരസ്കാരം പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം പ്രസംഗിക്കുകയായിന്നു മമ്മൂട്ടി,
ശ്രേഷ്ഠ ബാവായെ മഹത് വ്യക്തിത്വമായി ഞാൻ കണ്ടിരുന്നു. ബാവയുടെ വേർപാട് തനിക്ക് വ്യക്തിപരമായ നഷ്ടമായിരുന്നു.
വിദ്വേഷം പകർന്നു നൽകുന്ന ഒരുപാട് കാര്യങ്ങൾ കണ്ടും കേട്ടുമാണ് ഓരോ ദിവസവും കടന്നു പോകുന്നത്. നമ്മുടെ ശത്രു തിന്മയാണ്. വെറുപ്പ് തിന്മയുടെ പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ശത്രുക്കളേയും മിത്രങ്ങളാക്കി മാറ്റാൻ നമ്മൾ മുൻകൈയെടുക്കണം. എല്ലാ മതഗ്രന്ഥങ്ങളും പറയുന്നത് സമാധാനം നൽകണമേയെന്നാണ്.
പരസ്പരം സമാധാനം ആശംസിക്കുമ്പോൾ നമ്മുടെ ശത്രു അലിഞ്ഞ് ഇല്ലാതാകുമെന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടി ദൈവം സ്പർശിച്ച മനുഷ്യനാണെന്ന് ചടങ്ങിൽ സംബന്ധിച്ച ശ്രേഷ്ഠം കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു