പാത്രിയർക്കാ സെൻ്ററിലെ സെൻ്റ് അത്താനാസിയോസ് കത്തീഡ്രലിൽ വെള്ളിയാഴ്ച പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ നേതൃത്വത്തിൽ നടക്കുന്നത് ഏറെ പരിശുദ്ധി നിറഞ്ഞ ചടങ്ങാണെന്ന് സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ. പരിശുദ്ധ പാത്രിയർക്കീസ് ബാവായാൽ മാത്രം കൂദാശ ചെയ്യപ്പെടുന്ന വിശുദ്ധ മൂറോൻ പരിശുദ്ധാത്മ പൂർത്തീകരണം കൊടുക്കുന്ന ദിവ്യാഭിഷേക തൈലമാണ്. ഇതിൽ 10 സുഗന്ധദ്രവ്യങ്ങളുടെ കൂട്ടുകളാണുള്ളത്.
അതിൽ ബൽസാം തൈലം ക്രിസ്തുവിന്റെ ദൈവത്വത്തെയും ഒലിവെണ്ണ ക്രിസ്തുവിൻ്റെ മനുഷ്യത്വത്തെയും സൂചിപ്പിക്കുന്നു. ക്രിസ്തുവിന്റെ ദൈവത്വം മനുഷ്യത്വത്തിലേക്ക് ചേർന്നതിനെ സൂചിപ്പിച്ചുകൊണ്ട് ഈ നിർമിതിയിൽ ബൽസാം തൈലം ഒലിവെണ്ണയുടെ മുകളിൽ ഒഴിക്കുന്നു.
കൂടാതെ കുങ്കുമപ്പൂവ്, പച്ച ഞെരിയാസ്, ജടാമഞ്ചി (നർദീൻ തൈലം), കറുവപ്പട്ട, ജാതിക്ക, കുരുമുളക്, ചുക്ക്, കരയാമ്പൂ എന്നിവ വിവിധ ആത്മീയ അർഥങ്ങൾ ഉദ്ദേശിച്ച് ചേർക്കുന്നു. പരിശുദ്ധ ശുശ്രൂഷയിലൂടെ വിശുദ്ധ മൂറോൻ എന്ന അമൂല്യനിധി ദൈവം നമുക്ക് തരുകയാണ് ചെയ്യുന്നതെന്ന് തമ്പു ജോർജ് തുകലൻ പറഞ്ഞു.
ഇത് ചരിത്രമുഹൂർത്തം
മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷം മലങ്കരസഭയ്ക്ക് ഒരു ചരിത്ര മുഹൂർത്തമാണെന്ന് സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു. വിശുദ്ധ മൂറോൻ കൂദാശ ആത്മീയ ഉണർവ് പകരും. പരിശുദ്ധ പാത്രിയർക്കീസ് ബാവയും ശ്രേഷ്ഠ കാതോലിക്കാ ബാവയും ആഗോള സഭയിലെ അറുപതിലധികം മെത്രാപ്പോലീത്തമാരും അണിനിരക്കുന്ന ചടങ്ങുകൾ സഭയുടെ ഐക്യത്തിൻ്റെയും കൂട്ടായ്മയുടെയും കൂടി പ്രഖ്യാപനമാണെന്നും ജേക്കബ് സി. മാത്യു പറഞ്ഞു.