പുത്തൻകുരിശ് ● സഭാ ചരിത്രത്തിലെ വിശിഷ്ടവും സുദീർഘവുമായ വി. മൂറോൻ കൂദാശയ്ക്കു പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രൽ അങ്കണത്തിൽ ആയിരങ്ങളുടെ വിശ്വാസ സാക്ഷ്യം. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യകാർമികത്വത്തിലും ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ സഹകാർമികത്വത്തിലും രണ്ടു ദിവസങ്ങളിലായി നടന്ന മൂറോൻ കൂദാശയിൽ ആഗോള സഭയെ പ്രതിനിധീകരിച്ചു 30 പേർ ഉൾപ്പെടെ അറുപതോളം ബിഷപ്പുമാർ പങ്കാളികളായി. കൂദാശയുടെ പ്രാരംഭ ഘട്ടം വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ചിരുന്നു. സഭയിൽ അത്യപൂർവമായി നടത്തുന്ന ചടങ്ങാണു വി. മൂറോൻ കൂദാശ.
40 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ ആയിരുന്നു മൂറോൻ കൂദാശ. പരിശുദ്ധ പാത്രിയർക്കീസ് ബാവാ, ശ്രേഷ്ഠ കാതോലിക്കാ ബാവാ, മെത്രാപ്പൊലീത്തമാർ എന്നിവർ പ്രദക്ഷിണമായി മദ്ബഹയിലേക്ക് എത്തിയതോടെ ഇന്നലെ ചടങ്ങുകൾക്കു തുടക്കമായി. മൂറോൻ തൈലവുമായി സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തിമോത്തിയോസ് നീങ്ങി. മരക്കുരിശുമായി അൽമായ ട്രസ്റ്റി തമ്പു ജോർജ് തുകലനും വേദപുസ്തകവുമായി വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറയും പാത്രിയർക്കാ പതാകയുമേന്തി സഭാസെക്രട്ടറി ജേക്കബ് സി. മാത്യുവും പ്രദക്ഷിണത്തിന്റെ മുൻപിൽ നടന്നു.
കുദാശ മധ്യേ പരിശുദ്ധ പാത്രിയർക്കീസ് ബാവായും കാതോലിക്കാ ബാവായും കുബ്സോയിൽ (കൂടാരം) പ്രവേശിച്ച് മെത്രാപ്പൊലീത്തമാരുടെയും വൈദികരുടെയും ശെമ്മാശന്മാരുടെയും സെമിനാരി വിദ്യാർഥികളുടെയും അകമ്പടിയോടെ പ്രദക്ഷിണം നടത്തി. തുടർന്നു കൂദാശയുടെ ബാക്കി ഭാഗങ്ങൾ പൂർത്തീകരിച്ചു. കൂദാശയ്ക്കു ശേഷം പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ കുർബാനയും നടന്നു.
കുങ്കുമപ്പൂവ്, കറുവാപ്പട്ട, ജാതിക്ക, കുരുമുളക്, ചുക്ക്, ഗ്രാമ്പു, ജടാമഞ്ചി, ബൽ സാം തൈലം, ഒലിവെണ്ണ തുടങ്ങിയവ ചേർന്നതാണ് മൂറോൻ തൈലം. ഭൗതിക വസ്തുക്കൾ, വിശുദ്ധ വസ്തുക്കളായി മാറുന്ന ശുശ്രൂഷയാണ് മൂറോൻ കൂദാശയെന്നു പരിശുദ്ധ പാത്രിയർക്കീസ് ബാവാ പറഞ്ഞു. അന്ത്യോഖ്യാ സിംഹാസനത്തെ അംഗീകരിക്കുന്നതിൻ്റെ പ്രതീകം കൂടിയാണിത്.
150 വർഷം മുൻപ് മുളന്തുരുത്തി സുന്നഹദോസിനോട് അനുബന്ധിച്ചാണ് മലങ്കരയിൽ മൂറോൻ കൂദാശ ആദ്യം നടന്നത്. പാത്രിയർക്കീസ് ബാവാമാരുടെ നേതൃത്വത്തിൽ 5 തവണ മലങ്കരയിൽ മൂറോൻ കൂദാശ നടന്നിട്ടുണ്ട്. 3 തവണ മൂറോൻ കൂദാശയിൽ സംബന്ധിച്ച ഫാ. തോമസ് കുപ്പമല ഉൾപ്പെടെ നൂറുകണക്കിനു വൈദികരുടെ പങ്കാളിത്തം ചടങ്ങിനു മിഴിവേകി. മാമോദീസ ശുശ്രൂഷ, ദേവാലയ കൂദാശ എന്നിവയ്ക്കാണു മൂറോൻ തൈലം ഉപയോഗിക്കുന്നത്.