- അഭിവന്ദ്യ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത
പരിശുദ്ധ സഭയിൽ പരിശുദ്ധ പാത്രിയർക്കീസും കാതോലിക്കയും മാത്രം നിർവ്വഹിക്കുന്ന ശുശ്രൂഷയാണ് വിശുദ്ധ മൂറോൻ കൂദാശ. എന്നാൽ അത്യാവശ്യ സന്ദർഭത്തിൽ പാത്രിയർക്കീസ് ബാവായുടെ അനുവാദത്തോടുകൂടി മേൽപട്ടക്കാർക്കും ഈ കൂദാശ നിർവഹിക്കാവുന്നതാണ്. പരിശുദ്ധ സഭയിൽ ആത്മാഭിഷേകത്തിന്റെ ഭാഗമായിട്ടാണ് വിശുദ്ധ മൂറോൻ ഉപയോഗിക്കുന്നത്, മാമ്മോദീസനിക്ക് ശേഷം സ്ഥാനാർഥിയെ വിശുദ്ധ മൂറോൻ അഭിഷേകം ചെയ്യുന്നു. ഇതുകൂടാതെ മാമ്മോദീസ ജലത്തിന്റെ ശുദ്ധീകരണം, ദേവാലയ കൂദാശ, തബലൈത്ത കൂദാശ എന്നിവയ്ക്ക് വിശുദ്ധ മുറോൻ ഉപയോഗിച്ച് വരുന്നു. കാനോൻ അനുസരിച്ച് നോമ്പോടും ഒരുക്കത്തോടും കൂടി പെസഹ വ്യാഴാഴ്ച ആണ് ഈ കൂദാശ നിർവഹിക്കുന്നത്. മൂറോൻ എന്ന വാക്ക് ഗ്രീക്ക് ഭാഷയിലെ മീറോൻ എന്ന പദത്തിൽ നിന്നാണ് രൂപം പ്രാപിച്ചിട്ടുള്ളത്. ഇതിന് സുഗന്ധ തൈലം, സുഗന്ധം എന്നിങ്ങനെ അർഥമുണ്ട്. സുറിയാനി ഭാഷയിൽ മിറാ എന്ന വാക്കുമായി ബന്ധപ്പെട്ടാണ് മൂറോൻ എന്ന പദം രൂപപ്പെട്ടിരിക്കുന്നത്. മീറ കർത്താവിൻ്റെ മരണത്തെ സൂചിപ്പിക്കുന്നു.
പഴയനിയമ പശ്ചാത്തലം
അഭിഷേക തൈലത്തെക്കുറിച്ചുള്ള പരാമർശങ്ങൾ പഴയനിയമത്തിൽ കാണാവുന്നതാണ്, തലയിൽ തൈലം ഒഴിച്ച് അഭിഷേകം ചെയ്യുന്ന രീതി പഴയനിയമത്തിൽ നിലനിന്നിരുന്നു. പഴയ നിയമത്തിൽ ഒരു വ്യക്തിയെ പ്രത്യേക ലക്ഷ്യത്തിനുവേണ്ടി വേർതിരിക്കപ്പെടുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു അഭിഷേകം നടത്തിയിരുന്നത്. പഴയ നിയത്തിൽ മൂന്ന് തരത്തിലുള്ള ആളുകളെ അഭിഷേകം ചെയ്തിരുന്നു.
പുരോഹിതന്മാർ, പ്രവാചകന്മാർ, രാജാക്കന്മാർ എന്നിവരായിരുന്നു. വ്യക്തികളെ കൂടാതെ പഴയനിയമത്തിൽ അഭിഷേകം തൈലം ഉപയോഗിക്കുന്നത് സമാഗമന കൂടാരം ശുദ്ധീകരിക്കുന്നതിനും കാഴ്ചയപ്പത്തിന്റെ മേശ ശുദ്ധീകരിക്കുന്നതിനും, ദേവാലയ ഉപകരണങ്ങൾ ശുദ്ധീകരിക്കുന്നതിനും വേണ്ടിയാണ്. പഴയനിയമത്തിൽ പ്രധാനമായും അഭിഷേക തൈലം ഒരു വ്യക്തിയെയോ, വസ്തുവിനെയോ ശുദ്ധീകരിച്ച് വേർതിരിക്കുന്ന ബാഹ്യകർമ്മം ആയിട്ടാണ് കരുതുന്നത്. ക്രിസ്ത്യാനികളെ പ്രധാനമായിട്ടും പുതിയ നിയമത്തിൽ അഭിഷേകം പ്രാപിച്ചവർ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
മുറോന്റെ ഉപയോഗം പുതിയ നിയമത്തിലെ കൈവച്ചും ആയിട്ട് ബന്ധപ്പെട്ട് വികസിച്ചതാണ് എന്ന് പാരമ്പര്യം പറയുന്നു. ആദിമ സഭയിൽ സ്നാനം ഏൽക്കുന്നവർക്ക് കൈവപ്പിലൂടെ ആത്മാവിനെ നൽകിയിരുന്നു. ഇത് പ്രധാനമായിട്ടും അപ്പോസ്തോലൻമാരും അവരുടെ പിൻഗാമികളായ എപ്പിസ്കോപ്പൻമാരും മാത്രം നിർവ്വഹിച്ച് വന്ന ഒന്നായിരുന്നു.
എന്നാൽ സഭ വിവിധ ഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചപ്പോൾ അപ്പോസ്തോലന്മാർക്കോ എപ്പിസ്കോപ്പന്മാർക്കോ എല്ലായിടത്തും നേരിട്ട് എത്തിചേർന്ന് കൈവപ്പ് നൽകാൻ പ്രായോഗിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അതുകൊണ്ട് അഭിഷേക തൈലം ഉപയോഗിച്ച് ആത്മാവിനെ പകരുന്ന രീതി നിലവിൽ വന്നു. കൈവപ്പിന് പകരമായി അഭിഷേക തൈലം പൂശുന്ന രീതി ഇപ്രകാരം നിലവിൽ വന്നു. ഇത് നിർവഹിച്ചത് അപ്പോസ്തോലന്മാരാൽ അധികാരപ്പെടുത്തുന്ന വ്യക്തികൾ മാത്രമായിരുന്നു.
സഭാപാരമ്പര്യം അനുസരിച്ച് സെഹിയോൻ മാളികയിൽ വച്ച് അപ്പോസ്തോലൻമാർ ആദ്യമായി വിശുദ്ധ മൂറോൻ കൂദാശ നിർവ്വഹിച്ചു. കർത്താവിൻ്റെ കബറടക്ക സമയത്ത് ഉപയോഗിച്ചിരുന്ന അഖിലും മൂറും അതുപോലെ തന്നെ കർത്താവിൻ്റെ മൃതശരീര ത്തിൽ പൂശുവാനായി സ്ത്രീകൾ കൊണ്ടുവന്ന സുഗന്ധ ദ്രവ്യങ്ങളും ഒലിവ് എണ്ണയും ചേർത്ത് ആണ് അപ്പോസ്തോലൻമാർ പ്രാർത്ഥനയോടെ ഈ കൂദാശ നിർവ്വഹിച്ചത്. പഴയനിയമത്തിൽ മോശയിൽ മാത്രം നിഷിപ്തമായ ഒന്നാണ് അഭിഷേക തൈലത്തിൻ്റെ ഉപയോഗം.
ഇതിന്റെ അടിസ്ഥാനത്തിൽ വിശുദ്ധ മൂറോൻ ഉണ്ടാക്കുന്നതിനും പകർന്ന് കൊടുക്കുന്നതിനും മേൽപട്ടക്കാർക്ക് മാത്രമേ അവകാശമുള്ളു.
വിശുദ്ധ മുറോൻ കൂദാശ ചെയ്യുന്ന രീതി
മൂറോൻ തൈലത്തിനു വേണ്ട എല്ലാ വസ്തുക്കളും തയാറാക്കുന്നത് പുരോഹിതന്മാർ മാത്രം ആകുന്നു. മൂറോൻ്റെ പ്രധാന ചേരുവ ഒലിവ് എണ്ണയും ബൽസാം എന്ന സുഗന്ധ ദ്രവ്യവുമാണ്. ഇവ കൂടാതെ ചുക്ക്, കുരുമുളക്, ജാതി, കുങ്കുമപ്പൂവ്, നർദ്ദീൻ, കറുകപ്പട്ട, പച്ച ഞെരിയാസ് എന്നീ സുഗന്ധങ്ങളും ഉപയോഗിക്കുന്നു.
സുഗന്ധ ദ്രവ്യങ്ങൾ പൊടിച്ച് ഭരണിയിൽ ക്രമീകരിച്ച ഒലിവ് എണ്ണയിൽ ചേർക്കുകയും പിന്നീട് ആ ഭരണി ഒരു ചെമ്പ് പാത്രത്തിലെ വെള്ളത്തിൽ തൂക്കിയിട്ട് മൂന്ന് മണിക്കുറോളം തിളപ്പിക്കും. അതിനുശേഷം പച്ച ഞെരിയാസ് ഇട്ട് ഒരു മണിക്കൂർ കൂടി തിളപ്പിക്കും.
പിന്നീട് അത് മറ്റൊരു പാത്രത്തിൽ കൂദാശയ്ക്ക് വേണ്ടി പകർന്ന് വയ്ക്കും. മൂറോൻ കൂദാശയുടെ സമയത്ത് മേൽപറഞ്ഞതു പോലെ ക്രമീകരിച്ച എണ്ണയിൽ ബൽസാം തൈലം പ്രാർത്ഥനയോടുകൂടി പ്രധാന മേൽപട്ടക്കാരൻ അതിൽ ചേർക്കുന്നു.
മൂറോൻ കൂദാശ ഏറ്റവും ശ്രേഷ്ഠമായി നിർവ്വഹിക്കുന്ന ഒന്നാണ്. ഈ കൂദാശ പ്രധാനമായിട്ടും രണ്ട് ഭാഗങ്ങളായിട്ടാണ് നടത്തുന്നത്. ആദ്യത്തേത് ഒരുക്കത്തിൻ്റെയും രണ്ടാമത്തേത് പൂർത്തീകരണത്തിന്റെയും ശുശ്രൂഷയാണ്.
കൂദാശ സമയത്ത് രണ്ട് പ്രദക്ഷിണം നടത്തുന്നു. ആദ്യത്തേത് ശുദ്ധീകരണത്തിൻ്റെതാകുന്നു. ഒരു മേൽപട്ടക്കാരൻ മൂറോൻ കൊണ്ടുപോകേണ്ട വഴി (പള്ളിയ്ക്ക് ചുറ്റും) ധൂപകുറ്റിയുമായി പുറപ്പെട്ട് ശുദ്ധീകരിക്കുന്നു. രണ്ടാമത്തെ പ്രദക്ഷിണം മുറോൻ തൈലം വഹിച്ച് കൊണ്ട് പാത്രിയർക്കീസ് നടത്തുന്നു.
ആദ്യം ശുദ്ധീകരിച്ച പാതയിലൂടെയാണ് ഈ പ്രദക്ഷിണം നടത്തുന്നത്. ഈ സമയത്ത് പാത്രിയർക്കീസ് മുറോൻ പാത്രത്തോടു കൂടി കൂടാരത്തിൽ മറച്ചിരിക്കും.
“ആദ്യത്തെ പ്രദക്ഷിണം കർത്താവിന് വഴി ഒരുക്കിയ യോഹന്നാൻ സ്നാപകനെ സൂചിപ്പിക്കുന്നു. രണ്ടാമത്തേത് കർത്താവിന്റെ ദൈവത്വത്തെയും ആഗമനത്തെയും സൂചിപ്പിക്കുന്നു.
തുടർന്ന് ശോശാപ്പ കൊണ്ട് മുറോൻ പാത്രം മൂടി ത്രോണോസിൽ വച്ച് ശുദ്ധീകരണത്തിൻ്റെ ശുശ്രൂഷ നടത്തി ക്രമം അവസാനിക്കുന്നു.
മൂറോൻ ശുശ്രൂഷയുടെ അടിസ്ഥാനം വേദശാസ്ത്രം മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിനെ സൂചിപ്പിക്കുന്നു. ക്രിസ്തുവിൽ ദൈവത്വവും മനുഷ്യത്വവും ഒന്നായി ചേർന്നതിനെ മുറോൻ പരിമളക്കൂട്ട് സൂചിപ്പിക്കുന്നു. പരിശുദ്ധ പാത്രിയർക്കീസ് ബാവ നിർവ്വഹിക്കുന്ന കൂദാശയ്ക്ക് സഭാംഗങ്ങളായ നമുക്ക് പ്രാർഥനയോടെ ഒരുങ്ങാം.