പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാളിന് പ്രാർത്ഥനാനിർഭരമായ തുടക്കം. പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് (ഒക്ടോബർ 26 തിങ്കളാഴ്ച) രാവിലെ ഏഴിന് നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.
പെരുന്നാളിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 5.30-ന് ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബാവായുടെ ഇടവകപ്പള്ളിയായ പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് ഇടവകാംഗങ്ങൾ കാൽനടയായി എത്തി ബാവായുടെ കബറിങ്കൽ പാച്ചോർ നേർച്ച സമർപ്പിക്കും. തുടർന്ന് വൈകിട്ട് 6 മണിക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് സന്ധ്യാപ്രാർത്ഥനയ്ക്ക് ശ്രേഷ്ഠ ബാവായും അഭിവന്ദ്യ മെത്രാപ്പോലീത്തമാരും നേതൃത്വം നൽകും.
ഒക്ടോബർ 26 മുതൽ 31 വരെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രാദ്ധപ്പെരുന്നാൾ ഭക്തിനിർഭരമായി ആചരിക്കും.



