പെരുമ്പാവൂർ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനം – പെരുമ്പാവൂർ മേഖലയിലെ സീനിയർ വൈദീകനും വേങ്ങൂർ മോർ കൗമ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവുമായ ചുണ്ടക്കുഴി നെടുങ്കണ്ണി കുഴിക്കാട്ടിൽ ഫാ. കെ.പി പൗലോസ് (88) കർത്താവിൽ നിദ്ര പ്രാപിച്ചു.
കോടനാട് മോർ ഔഗേൻ സ്കൂളിൽ മൂന്ന് പതിറ്റാണ്ടോളം അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം, എം.ജെ.എസ്.എസ്.എ. വേങ്ങൂർ ഡിസ്ട്രിക്ടിന്റെ മുൻ ഇൻസ്പെക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ഭൗതികശരീരം ഇന്ന് (ഒക്ടോബർ 25, ഞായറാഴ്ച) വൈകിട്ട് അഞ്ചിന് നെടുങ്കണ്ണിയിലുള്ള ഭവനത്തിൽ എത്തിക്കും. തുടർന്ന് വൈകിട്ട് ആറിന് സന്ധ്യാപ്രാർത്ഥന ആരംഭിക്കും.
നാളെ (ഒക്ടോബർ 26, തിങ്കളാഴ്ച) രാവിലെ ഒൻപതിന് അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ മുഖ്യകാർമികത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് രാവിലെ 11 മുതൽ വേങ്ങൂർ പള്ളിയുടെ ചാപ്പലിലേക്കും കുരിശിൻതൊട്ടികളിലേക്കും നഗരികാണിക്കൽ നടത്തും. ഉച്ചയ്ക്ക് 12ന് വേങ്ങൂർ മോർ കൗമ യാക്കോബായ സുറിയാനി പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും.
കളമശ്ശേരി സെന്റ് ജോർജ്, തുരുത്തിപ്ലി സെന്റ് തോമസ്, പതിനാലാം മൈൽ സെന്റ് ഇഗ്നാത്തിയോസ്, ചെമ്പൻകുഴി സെന്റ് ജോൺസ്, നെല്ലിമോളം സെന്റ് മേരീസ്, മണ്ണൂർ സെന്റ് ജോർജ്, കുട്ടമംഗലം നമ്പൂരിക്കൂപ്പ് സെന്റ് മേരീസ്, വേങ്ങൂർ മോർ കൗമാ, ചുണ്ടക്കുഴി സെന്റ് ജോർജ്, നെടുങ്ങപ്ര സെന്റ് മേരീസ്, ഓടക്കാലി സെന്റ് മേരീസ്, പാണിയേലി ജോർജ് പള്ളികളിലും ഐമുറി ഈസ്റ്റ്, ഐമുറി വെസ്റ്റ്, ചൂരമുടി, ആനക്കല്ല്, അശമന്നൂർ, രായമംഗലം ചാപ്പലുകളിലും അദ്ദേഹം വൈദികസേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ മുടക്കുഴ എം.ജി.എം. സണ്ടേസ്ക്കൂൾ ഹെഡ്മാസ്റ്റാറായും മുടക്കുഴ സെന്റ് തോമസ് സണ്ടേസ്ക്കൂൾ പ്രസിഡന്റായും പ്രവർത്തിച്ചു.
ഭാര്യ പരേതയായ ബസ്ക്യോമോ ഏലിയാമ്മ ചുണ്ടക്കുഴി പൊട്ടയ്ക്കൽ കുടുംബാംഗമാണ്. പരേതനായ ഷാജി, ഷാലി (അദ്ധ്യാപിക, നിർമ്മല സ്കൂൾ, മൂവാറ്റുപുഴ), കുര്യാക്കോസ് (സീനിയർ മാനേജർ, ആപ്റ്റീവ് കണക്ഷൻ സിസ്റ്റംസ്, ആരക്കുന്നം), സാറാ പോൾ (പ്ലസ് ടു അദ്ധ്യാപിക, സെന്റ് ഇഗ്നേഷ്യസ് സ്കൂൾ, കാഞ്ഞിരമറ്റം) എന്നിവർ മക്കളും മലയിടംതുരുത്ത് പുറമഠം കുടുംബാംഗം മോളി, കൂത്താട്ടുകുളം ആറൂർ ഇടപ്പുതുശ്ശേരിൽ സാജൻ ഫിലിപ്പോസ് (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്), അരുവപ്പാറ പാത്തിയ്ക്കൽ കുടുംബാംഗം ലിന, കാഞ്ഞിരമറ്റം കുഴിയേലിൽ ബിനു ജോസഫ് (പ്ലസ് ടു അദ്ധ്യാപകൻ, സെന്റ് ഇഗ്നേഷ്യസ് സ്കൂൾ, കാഞ്ഞിരമറ്റം) എന്നിവർ മരുമക്കളുമാണ്.
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആദരാഞ്ജലികൾ.
