കളമശ്ശേരി ● അങ്കമാലി മേഖലയിലെ കളമശ്ശേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ഒക്ടോബർ 24, ശനിയാഴ്ച) സമാപനമാകും. വൈകിട്ട് ഏഴിന് ദൈവാലയ അങ്കണത്തിൽ നടക്കുന്ന സമാപന സമ്മേളനം കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 5.45-ന് സന്ധ്യാപ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ദൈവാലയ ഗായകസംഘം പ്രാർത്ഥനാഗാനം ആലപിക്കും. പൊതുസമ്മേളനത്തിൽ ഇടവക വികാരി ഫാ. ഏലിയാസ് പി. ജോർജ് പുത്തൻപുരയ്ക്കൽ സ്വാഗതം ആശംസിക്കും. അങ്കമാലി മേഖലാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന മത്സ്യബന്ധന, സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീ. വി.ഇ. അബ്ദുൾ ഗഫൂർ ഡയറക്ടറി പ്രകാശനം നിർവഹിക്കും. ഹൈബി ഈഡൻ എം.പി., കളമശ്ശേരി മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ, കളമശ്ശേരി മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ ശ്രീമതി ഷഹനാ സാംജി സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, മുൻ വികാരിമാരെ പ്രതിനിധീകരിച്ച് വന്ദ്യ സാജു ചെറുവിള്ളിൽ കോറെപ്പിസ്കോപ്പ, ഇടവകയിലെ വൈദികൻ ഫാ. എബി ബാബു എന്നിവർ ആശംസകൾ അർപ്പിക്കും.
സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് വനിതാ സമാജം സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. ഇടവകയിൽ ശുശ്രൂഷ നിർവഹിച്ച മുൻ വികാരിമാർ, സ്ഥാപകാംഗങ്ങൾ, ദൈവാലയത്തിൽ മികച്ച സേവനം അനുഷ്ഠിച്ചവർ എന്നിവരെ ചടങ്ങിൽ ആദരിക്കും. ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന സിഡിയുടെ പ്രകാശനവും നടക്കും.
സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ക്രിസ്ത്യൻ ഫെലോഷിപ്പ് പ്രസിഡന്റ് സിബി കുര്യൻ പള്ളിയുടെ ചരിത്രം അവതരിപ്പിക്കും. പള്ളി ട്രഷറർ റോണി വർഗീസ് നന്ദി അറിയിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.
ഒക്ടോബർ 25 ഞായറാഴ്ച രാവിലെ ഏഴിന് പ്രഭാതപ്രാർത്ഥനയും എട്ടിന് വിശുദ്ധ കുർബ്ബാനയും നടക്കും. അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിക്കും.
ഇടവക വികാരി ഫാ. ഏലിയാസ് പി. ജോർജ് പുത്തൻപുരയ്ക്കൽ, പ്രസിഡന്റ് സിബി കുര്യൻ, സെക്രട്ടറി പി.പി. ഫിലിപ്പ്, ട്രഷറർ റോണി വർഗീസ്, ഭരണസമിതി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
സുവർണ്ണ ജൂബിലി സമാപന സമ്മേളനവും ഞായറാഴ്ചത്തെ വിശുദ്ധ കുർബ്ബാനയും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയം സംപ്രേഷണം ചെയ്യും.
