കൊളോൺ ● മലങ്കര സിറിയക് ഓർത്തഡോക്സ് യൂത്ത് അസോസിയേഷൻ (എം.എസ്.ഓ.വൈ.എ) യൂറോപ്പിന്റെ നേതൃത്വത്തിൽ ജർമ്മനിയിലെ കൊളോണിൽ സംഘടിപ്പിച്ച ദ്വിദിന യൂത്ത് കോൺഫറൻസ് ‘റിവൈവ് 26’ സമാപിച്ചു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 150-ഓളം യുവജനങ്ങൾ പങ്കെടുത്ത കോൺഫറൻസ് ആത്മീയ നവീകരണത്തിനും വിശ്വാസപഠനത്തിനും സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനുമുള്ള വേദിയായി.
ആധുനിക ജീവിതസാഹചര്യങ്ങളിലെ തിരക്കുകളിൽനിന്ന് മാറി, വിശ്വാസത്തിൽ ആഴപ്പെടാനും ആത്മീയാനുഭവങ്ങൾ പങ്കുവയ്ക്കാനും സഭയുടെ പാരമ്പര്യത്തെയും വിശ്വാസത്തെയും കൂടുതൽ അടുത്തറിയാനും യുവജനങ്ങൾക്ക് കോൺഫറൻസ് അവസരമൊരുക്കി. “വെളിച്ചത്തിൽ നടക്കുക” (1 യോഹന്നാൻ 1:7) എന്നതായിരുന്നു ഈ വർഷത്തെ കോൺഫറൻസിന്റെ പ്രമേയം. പ്രമേയത്തെ ആസ്പദമാക്കി യുവജന സംവാദം, ബൈബിൾ ക്ലാസുകൾ, വർക്ക്ഷോപ്പുകൾ, പ്രഭാഷണങ്ങൾ, ‘ബെദ് ഗാസോ’ ആത്മീയ ഗാനസന്ധ്യ, വിവിധ വിനോദപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
യൂറോപ്പ് ഭദ്രാസനാധിപനും വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്തയും തിരുവനന്തപുരം മേഖലാ മെത്രാപ്പോലീത്തയും എം.എസ്.ഓ.വൈ.എ പ്രസിഡന്റുമായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ, യൂറോപ്പ് ഭദ്രാസനത്തിലെ വൈദികരുടെയും ഭാരവാഹികളുടെയും സഹകരണത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിച്ചത്.
കോൺഫറൻസിന്റെ ഒന്നാംദിനം നടന്ന ഉദ്ഘാടനച്ചടങ്ങിൽ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. യൂറോപ്പിലെത്തിയ യുവജനങ്ങൾ അവിടെയുള്ള അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനൊപ്പം, ദൈവം നയിച്ച വഴികളും നൽകിയ അനുഗ്രഹങ്ങളും മറക്കരുതെന്ന് മെത്രാപ്പോലീത്ത ഓർമിപ്പിച്ചു. ദൈവത്തോട് ചേർന്നുനിന്ന് സഭയുടെ വിശ്വാസത്തിലും ആത്മീയതയിലും ഉറച്ചുനിൽക്കുമ്പോഴാണ് ജീവിതം അനുഗ്രഹപൂർണമാകുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ജർമ്മനിയിലെ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ ഫിലക്സിനോസ് മത്തിയാസ് നായിസ് മെത്രാപ്പോലീത്ത ഉദ്ഘാടനപ്രസംഗം നടത്തി. എം.എസ്.ഓ.വൈ.എ വൈസ് പ്രസിഡന്റ് ഫാ. രഞ്ചു എബ്രഹാം കുര്യൻ സ്വാഗതം ആശംസിച്ചു. എം.എസ്.ഒ.സി. യൂറോപ്പ് ഭദ്രാസന സെക്രട്ടറി വന്ദ്യ ജോഷ്വാ റമ്പാച്ചൻ, സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് സിറിയക് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ഗബ്രിയേൽ ദയാൻ, യൂറോപ്പ് ഭദ്രാസന ജോയിന്റ് സെക്രട്ടറി വർഗീസ് കെ. എബ്രഹാം എന്നിവർ ആശംസകൾ നേർന്നു.
കോൺഫറൻസിന്റെ ഭാഗമായി അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെയും വന്ദ്യ ജോഷ്വാ റമ്പാച്ചന്റെയും നേതൃത്വത്തിൽ വിവിധ ക്ലാസുകൾ നടന്നു. യുവജനങ്ങൾക്കായി മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘Ask the Bishop – Talk Show’ ശ്രദ്ധേയമായി. യൂറോപ്പിലെ മലങ്കര സുറിയാനി ക്രിസ്ത്യാനികൾ നേരിടുന്ന സ്വത്വപ്രതിസന്ധി, മറ്റു സഭകളുമായുള്ള എക്യുമെനിക്കൽ ബന്ധങ്ങൾ, പരസ്പര കൂദാശാ ധാരണകൾ, യൂറോപ്പിലെ സഭയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കുമുള്ള സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ സംവാദത്തിൽ ചർച്ചയായി.
യുവജനങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മെത്രാപ്പോലീത്ത മറുപടി നൽകി. യൂറോപ്പിലെ മാറിവരുന്ന സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങളിൽ സഭയുടെ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനൊപ്പം മറ്റു സഭകളുമായുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും മെത്രാപ്പോലീത്ത വിശദീകരിച്ചു. സംശയങ്ങൾ തുറന്നുപറയാനും സഭയുടെ ഭാവിയെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും സംവാദം യുവജനങ്ങൾക്ക് അവസരമായി.
പരിശുദ്ധ സഭയിലെ വിശുദ്ധ കുർബാനയിലും വിശുദ്ധ കൂദാശകളിലും ശുശ്രൂഷകളിലും ആലപിക്കുന്ന ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച ‘ബെദ് ഗാസോ’ ആത്മീയ ഗാനസന്ധ്യ കോൺഫറൻസിലെ പ്രധാന ആകർഷണങ്ങളിലൊന്നായി. യൂറോപ്പ് ഭദ്രാസനത്തിലെ വിവിധ പള്ളികളിൽനിന്നുള്ള ഗായകർ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചത്. ഫാ. പോൾ പി. ജോർജിന്റെ നേതൃത്വത്തിലായിരുന്നു ഗാനസന്ധ്യ.
കോൺഫറൻസിന്റെ സമാപനദിനത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. ജർമ്മനിയിലെ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ ഫിലക്സിനോസ് മത്തിയാസ് നായിസ് മെത്രാപ്പോലീത്തയും അഭിവന്ദ്യ മോർ യൂലിയോസ് ഹന്ന അയ്ദിൻ മെത്രാപ്പോലീത്തയും സഹകാർമികരായി. സഭയിലെ വൈദികരും യൂറോപ്പിലെ സുറിയാനി ഓർത്തഡോക്സ് വിശ്വാസികളും വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു.
എം.എസ്.ഓ.വൈ.എ സെക്രട്ടറി അബ്ലിൻ പി. എൽസൺ, ജോയിന്റ് സെക്രട്ടറി അലീന തങ്കച്ചൻ, ട്രഷറർ ഷോൺ ജിയോ, കമ്മിറ്റി അംഗങ്ങൾ എന്നിവർ കോൺഫറൻസിന്റെ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ആത്മീയ നവീകരണത്തിനും വിശ്വാസത്തിലുള്ള വളർച്ചയ്ക്കും യുവജനങ്ങൾക്കിടയിലെ ഐക്യവും സൗഹൃദവും ദൃഢമാക്കുന്നതിനും ‘റിവൈവ് 26’ വഴിയൊരുക്കി.













