ന്യൂകാസിൽ ● മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ (എം.എസ്.ഒ.സി.) യു.കെ. കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫാമിലി കോൺഫറൻസ് സെപ്റ്റംബർ 26, 27 തീയതികളിൽ ന്യൂകാസിൽ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ ആതിഥേയത്വത്തിൽ വിപുലമായ പരിപാടികളോടെ നടന്നു. യുകെയിലെ വിവിധ ഇടവകകളിൽ നിന്നുള്ള കുടുംബങ്ങളുടെയും വിശ്വാസികളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ച കോൺഫറൻസ് ആത്മീയ സംഗമത്തിനും കുടുംബബന്ധങ്ങളുടെ ദൃഢീകരണത്തിനും വേദിയായി.
കൊളോസ്യർ 2:7 ആസ്പദമാക്കി “ക്രിസ്തുവിൽ വേരൂന്നി പണിയപ്പെട്ടവരായി, വിശ്വാസത്തിൽ ശക്തിപ്പെട്ട് നന്ദിയാൽ നിറഞ്ഞവരായി” എന്നതായിരുന്നു ഈ വർഷത്തെ കോൺഫറൻസിന്റെ പ്രമേയം.
സണ്ടർലാൻഡിലെ ഹോട്ടൺ ലെ സ്പ്രിങ്ങിലുള്ള സണ്ടർലാൻഡ് ലൈവിലായിരുന്നു സമ്മേളനം. കൊടി ഉയർത്തൽ, ഉദ്ഘാടന പ്രാർഥന, ബൈബിൾ വായന, സ്വാഗതസന്ദേശം, വിവിധ ആത്മീയ പഠന ക്ലാസുകൾ, സംവാദങ്ങൾ എന്നിവ കോൺഫറൻസിന്റെ ഭാഗമായി നടന്നു. യുകെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കോൺഫറൻസിന് നേതൃത്വം നൽകി.
ഫാ. മെറിൻ മാത്യു വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. യുകെയിലെ യാക്കോബായ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള സംവാദം കോൺഫറൻസിലെ പ്രധാന പരിപാടികളിലൊന്നായിരുന്നു. “പ്രവാസി സമൂഹമെന്ന നിലയിൽ യുകെയിലെ യാക്കോബായ ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തിൽ ഫാ. മജു മണി പ്രബന്ധം അവതരിപ്പിച്ചു. വന്ദ്യ രാജു ചെറുവള്ളിൽ കോറെപ്പിസ്കോപ്പ, ഫാ. എൽദോസ് കാവുങ്കാപ്പിള്ളിൽ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.
സൺഡേ സ്കൂൾ കുട്ടികൾക്കും യുവജനങ്ങൾക്കും വിദ്യാർഥികൾക്കുമായി പ്രത്യേക സെഷനുകളും ക്രമീകരിച്ചിരുന്നു. വിവിധ ഇടവകകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ, ചെണ്ടമേളം, കരിമരുന്ന് പ്രയോഗം, സൗഹൃദസംഗമം എന്നിവയും നടന്നു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സ്പോൺസർമാരുടെ സന്ദേശവും ഉണ്ടായിരുന്നു.
സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ പ്രഭാതപ്രാർഥനയോടെയാണ് രണ്ടാം ദിവസത്തെ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് വിശുദ്ധ കുർബാന, പ്രദക്ഷിണം, നേർച്ച, ലേലം, സമാപന സമ്മേളനം എന്നിവ നടന്നു. ഉച്ചഭക്ഷണത്തിനും യാത്രയയപ്പിനും ശേഷം കോൺഫറൻസ് സമാപിച്ചു.
ആത്മീയ വിശ്വാസത്തിൽ വളരുന്നതിനും കുടുംബങ്ങൾ തമ്മിലുള്ള ഐക്യവും പരസ്പരസഹകരണവും ശക്തിപ്പെടുത്തുന്നതിനും യുകെയിലെ സഭാസമൂഹത്തിന്റെ കൂട്ടായ്മ കൂടുതൽ ദൃഢമാക്കുന്നതിനും ഫാമിലി കോൺഫറൻസ് വേദിയായി.








