പുത്തൻകുരിശ് ● മലങ്കരയുടെ യാക്കോബ് ബുർദ്ദാന ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാളിന് ബാവ അന്ത്യവിശ്രമം കൊള്ളുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലെ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ കൊടിയേറി.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ കൊടിയേറ്റ് നിർവ്വഹിച്ചു. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ്ജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, വൈദികർ, വർക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങി നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.
കൊടിയേറ്റിനു മുന്നോടിയായി ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബാവായുടെ മാതൃഇടവകയായ പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് ഇടവകാംഗങ്ങൾ കാൽനടയായി പാത്രിയർക്കാ സെന്ററിലെത്തി ബാവായുടെ കബറിങ്കൽ പാച്ചോർ നേർച്ച സമർപ്പിച്ചു. തുടർന്ന് സന്ധ്യാപ്രാർത്ഥനയും നടന്നു.
ഒക്ടോബർ 26 തിങ്കളാഴ്ച രാവിലെ 7 മണിക്ക് നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. ഒക്ടോബർ 27 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയും 28 ബുധനാഴ്ച രാവിലെ 7 മണിക്ക് അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തയും 29 വ്യാഴാഴ്ച 7 മണിക്ക് അഭിവന്ദ്യ ഗബ്രിയേൽ മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. ഈ ദിവസങ്ങളിൽ വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് അഭിവന്ദ്യ ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന നടക്കും. വൈകിട്ട് 6 മണിക്ക് വിവിധ മേഖലകളിൽ നിന്നുള്ള കാൽനട തീർത്ഥയാത്രകൾ കബറിങ്കൽ എത്തുന്നു. ശ്രേഷ്ഠ കാതോലിക്ക ബാവായുടേയും അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടേയും സഭാ ഭാരവാഹികളുടേയും നേതൃത്വത്തിൽ തീർത്ഥാടകരെ സ്വീകരിക്കും.
തുടർന്ന് 6.15-ന് മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കോസ് ഡിജിറ്റൽ മ്യൂസിയത്തിന്റെ കൂദാശയും സമർപ്പണവും ശ്രേഷ്ഠ ബാവ നിർവഹിക്കും. 6.30-ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ സഹ കാർമികത്വത്തിലും സന്ധ്യാ പ്രാർത്ഥന നടക്കും. തുടർന്ന് ബാവായുടെ നാമത്തിൽ നേർച്ച സദ്യയും ക്രമീകരിച്ചിട്ടുണ്ട്.
പ്രധാന ശ്രാദ്ധപ്പെരുന്നാൾ ദിനമായ ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 8.30-ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന നടക്കും. തുടർന്ന് അനുസ്മരണ പ്രസംഗം, നേർച്ചസദ്യ, കൊടിയിറക്കം എന്നിവ നടക്കുന്നതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.








