ഷിക്കാഗോ ●മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര് ബസ്സേലിയോസ് ജോസഫ് ബാവായുടെ നോര്‍ത്ത് അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ആഗസ്റ്റ് 2 ഞായറാഴ്ച ഷിക്കാഗോയില്‍ ഗംഭീര സ്വീകരണം നല്‍കും.
ഷിക്കാഗോ നോര്‍ത്ത് ലേക്കിലുള്ള സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിലാണ് സ്വീകരണ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8.30-ന് സെന്റ് പീറ്റേഴ്സ് പള്ളിയിലെത്തുന്ന ശ്രേഷ്ഠ ബാവായ്ക്ക് ഷിക്കാഗോയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദീകരും, വിശ്വാസികളുും ചേര്‍ന്ന് സ്വീകരിക്കും.
പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം ശ്രേഷ്ഠ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് ശ്രേഷ്ഠ ബാവായെ ആദരിക്കുന്ന പ്രത്യേക സ്വീകരണ സമ്മേളനം നടക്കും. സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി വികാരി വന്ദ്യ സക്കറിയ തേലപ്പിള്ളില്‍ കോറെപ്പിസ്ക്കോപ്പ അദ്ധ്യക്ഷത വഹിക്കും. സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളി വികാരിമാരായ വന്ദ്യ മാത്യു കരിത്തലക്കല്‍ കോറെപ്പിസ്കോപ്പ, ഫാ. ലിജു പോള്‍, സെന്റ് മാര്‍ക്സ് ക്നാനായ യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. തോമസ് മേപ്പുറത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. ഷിക്കാഗോ സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളി, സെന്റ് മാര്‍ക്സ് ക്നാനായ യാക്കോബായ സുറിയാനി പള്ളി എന്നിവിടങ്ങളിലെ വൈദീകരും നൂറുകണക്കിന് വിശ്വാസികളുും ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സ്വീകരണ സമ്മേളനത്തിന് ശേഷം എല്ലാ വിശ്വാസികള്‍ക്കുമായി സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
