ന്യൂയോർക്ക് ● അമേരിക്കൻ ഐക്യനാടുകളിൽ ഹ്രസ്വസന്ദർശനം നടത്തിവരുന്ന മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാദേശിക തലവനും മലങ്കര മെത്രാപ്പോലീത്തായുമായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ ഉജ്ജ്വല വരവേൽപ്പ് നൽകി.
അമേരിക്കയിലെ ആദ്യ മലങ്കര ദൈവാലയവും അമേരിക്കൻ അതിഭദ്രാസനത്തിലെ പ്രഥമ ദൈവാലയവുമായ സ്റ്റാറ്റൻ ഐലൻഡ് മോർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് ദൈവാലയത്തിൽ ജൂലൈ 26-ന് ഞായറാഴ്ച രാവിലെ എത്തിയ ശ്രേഷ്ഠ ബാവായെയും അമേരിക്കൻ മലങ്കര അതിഭദ്രാസനാധിപനും പാത്രിയർക്കാ വികാരിയുമായ ആർച്ച് ബിഷപ്പ് അഭിവന്ദ്യ യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തായെയും പരമ്പരാഗത സുറിയാനി ആചാരപ്രകാരം വൈദികശ്രേഷ്ഠരും ശെമ്മാശന്മാരും വിശ്വാസിസമൂഹവും ചേർന്ന് ഭക്ത്യാദരപൂർവം ദൈവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു.
ഫാ. ആകാശ് പോൾ, ഫാ. ഗീവർഗീസ് ജേക്കബ് ചാലിശ്ശേരി എന്നിവർ കത്തിച്ച മെഴുകുതിരി സമർപ്പിച്ച് സ്വീകരിച്ചു. തുടർന്ന് ഇടവക ഗായകസംഘം സ്വാഗതഗാനമാലപിച്ചു. തുടർന്ന് നടന്ന പ്രഭാതപ്രാർത്ഥനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ശ്രേഷ്ഠ ബാവ മുഖ്യകാർമികത്വം വഹിച്ചു.
വിശുദ്ധ കുർബാന മധ്യേ വിശ്വാസികളെ അഭിസംബോധന ചെയ്ത് നടത്തിയ സന്ദേശത്തിൽ, ക്രിസ്തു കാട്ടിത്തന്ന ജീവിതമാർഗത്തിലൂടെ മുന്നേറുകയും എളിമയും ശുശ്രൂഷയും ജീവിതത്തിന്റെ മാർഗദർശകമാക്കുകയും ചെയ്യുമ്പോഴാണ് യഥാർഥ ക്രൈസ്തവ സാക്ഷികളാകാൻ കഴിയുകയെന്ന് ബാവ ഉദ്ബോധിപ്പിച്ചു.
സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഇടവകയ്ക്ക് ആശംസകൾ നേർന്ന ബാവ, അരനൂറ്റാണ്ട് മുൻപ് ജീവിതം കെട്ടിപ്പടുക്കുവാൻ അമേരിക്കൻ ഐക്യനാടുകളിൽ എത്തിയ സഭാമക്കളുടെ വിശ്വാസതീക്ഷ്ണതയും അടിയുറച്ച ദൈവവിശ്വാസവും പരിശുദ്ധ സഭയോടുള്ള ഭക്തിയുമാണ് ഈ ഇടവകയുടെ ആരംഭത്തിന് വഴിയൊരുക്കിയതെന്ന് അനുസ്മരിച്ചു. ഇടവകയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന എല്ലാവരെയും ബാവ അനുമോദിക്കുകയും ചെയ്തു.
ശേഷം ശ്രേഷ്ഠ ബാവായെ സ്വാഗതം ചെയ്ത് സംസാരിച്ച ആർച്ച് ബിഷപ്പ് യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത, വൈദികനായി അമേരിക്കയിൽ എത്തിയ ആദ്യകാലത്ത് തങ്ങളിരുവരും സ്റ്റാറ്റൻ ഐലൻഡ് മോർ ഗ്രിഗോറിയോസ് ദൈവാലയത്തിൽ വിശുദ്ധ ആരാധന അർപ്പിച്ച നാളുകൾ അനുസ്മരിച്ചു. ഈ ഇടവകയിൽ ശുശ്രൂഷ നിർവഹിച്ച സിറിയക്കാരും മലയാളികളുമായ കോറെപ്പിസ്കോപ്പമാരെയും വൈദികശ്രേഷ്ഠരെയും അദ്ദേഹം ആദരപൂർവം അനുസ്മരിച്ചു.
തുടർന്ന് പുനർനിർമാണം നടക്കുന്ന ദൈവാലയത്തിന്റെ ശിലാസ്ഥാപന ശുശ്രൂഷകൾ ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യകാർമികത്വത്തിലും ആർച്ച് ബിഷപ്പ് യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ സഹകാർമികത്വത്തിലും നടന്നു. ഫാ. വർഗീസ് പോൾ, ഫാ. ഫൗസ്റ്റീനോ ക്വിന്റാനില്ല, ഫാ. അജീഷ് മാത്യു, ഡീക്കൻ ആർവിൻ ആക്കാട്ടുപത്തിൽ, ഡീക്കൻ ജോയൽ ഫിലിപ്പ് എന്നിവർ വിശുദ്ധ ശുശ്രൂഷകളിൽ സഹകാർമികരായി. ഷെവ. ഈപ്പൻ മാളിയേക്കൽ, മുൻ ഭദ്രാസന കൗൺസിൽ അംഗങ്ങളായ പി. ഒ. ജോർജ്, ജിൻസ് മാത്യു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കാതോലിക്ക സ്ഥാനമേറ്റശേഷം ആദ്യമായി അമേരിക്കയിൽ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവ അർപ്പിച്ച വിശുദ്ധ കുർബ്ബാനയിലും അനുബന്ധ ശുശ്രൂഷകളിലും സ്റ്റാറ്റൻ ഐലൻഡിലെ സാമൂഹിക-സാംസ്കാരിക പ്രവർത്തകരും വിവിധ സമുദായ സംഘടനകളുടെ പ്രതിനിധികളും ന്യൂയോർക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിശ്വാസികളും ഇടവകാംഗങ്ങളോടൊപ്പം പങ്കുചേർന്നു.
ഇടവക വികാരി ഫാ. രാജൻ പീറ്റർ, സഹവികാരി ഫാ. ആകാശ് പോൾ, വൈസ് പ്രസിഡന്റ് ചാക്കോ പൗലോസ്, സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറർ ബെന്നി ചാക്കോ, ജോയിന്റ് സെക്രട്ടറി സാജൻ ജോർജ്, ജോയിന്റ് ട്രഷറർ അഡ്വ. പോൾ പീറ്റർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വനിതാസമാജം സെക്രട്ടറി സോഫി മാത്യു, വനിതാസമാജം ട്രഷറർ മിനിമോൾ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങുകൾ ക്രമീകരിച്ചു.








