ന്യൂജേഴ്സി (അമേരിക്ക) ● വടക്കേ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് 2026-ന് ന്യൂജേഴ്സിയിലെ അതിഭദ്രാസന ആസ്ഥാനത്ത് ഭക്തിനിർഭരമായ തുടക്കമായി. സമ്മേളനത്തിൻ്റെ മുഖ്യാതിഥിയായ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ പതാക ഉയർത്തി സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
“Growing Together in Faith, Fellowship and Service” എന്ന പ്രമേയത്തെ ആസ്പദമാക്കി ജൂലൈ 22 മുതൽ 25 വരെ നടക്കുന്ന സമ്മേളനത്തിൽ അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളിൽ നിന്നുള്ള യുവജനങ്ങളും കുടുംബങ്ങളും വൈദികരും സജീവമായി പങ്കെടുക്കുന്നു.
വടക്കേ അമേരിക്കൻ അതിഭദ്രാസനാധിപൻ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്കൊപ്പം വിവിധ മെത്രാപ്പോലീത്തമാർ, സഭാപിതാക്കന്മാർ, വൈദികർ, അതിഥി പ്രഭാഷകർ എന്നിവർ സംബന്ധിക്കുന്നുണ്ട്.
നാല് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ വിശുദ്ധ കുർബാന, ആത്മീയ പ്രഭാഷണങ്ങൾ, ബൈബിൾ പഠന ക്ലാസുകൾ, യുവജന-യുവതി സമ്മേളനങ്ങൾ, കുടുംബ സെഷനുകൾ, വൊക്കേഷൻ പരിശീലനങ്ങൾ, പാനൽ ചർച്ചകൾ, ടാലന്റ്റ് ഷോ, കൂട്ടായ പ്രാർത്ഥനകൾ, ആത്മീയ നവീകരണ പരിപാടികൾ എന്നിവ നടക്കും. യുവജനങ്ങളുടെ വിശ്വാസജീവിതം ശക്തിപ്പെടുത്തുന്നതിനും കുടുംബബന്ധങ്ങൾ ദൃഢമാക്കുന്നതിനും സഭാ പാരമ്പര്യത്തോടുള്ള പ്രതിബദ്ധത വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ ശ്രേഷ്ഠ കാതോലിക്ക ബാവ വിശ്വാസം, കൂട്ടായ്മ, ശുശ്രൂഷ എന്നിവയിൽ വളരേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു. സഭയുടെ ഭാവി യുവജനങ്ങളിലാണെന്നും, ക്രിസ്തുവിന്റെ സ്നേഹത്തിലും സഭയുടെ ആത്മീയ പാരമ്പര്യത്തിലും ഉറച്ചുനിന്ന് സമൂഹത്തിന് മാതൃകയാകുന്ന ജീവിതം നയിക്കാൻ യുവതലമുറ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ആത്മീയ-കുടുംബ സംഗമങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ്, വിവിധ സംസ്കാരങ്ങളിലും സാഹചര്യങ്ങളിലും ജീവിക്കുന്ന സുറിയാനി ഓർത്തഡോക്സ് വിശ്വാസി കുടുംബങ്ങളെ ഒരേ വേദിയിൽ ഒരുമിപ്പിച്ച് വിശ്വാസം, സാഹോദര്യം, ശുശ്രൂഷ എന്നീ മൂല്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്ന അനുഗ്രഹീതമായ സംഗമമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
