ന്യൂജേഴ്സി ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കയിൽ വടക്കേ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. അമേരിക്കൻ – കാനഡ അതിഭദ്രാസനാധിപൻ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ ചടങ്ങ് നടത്തപ്പെട്ടത്.
വിവിധ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെയും, മറ്റ് ക്രൈസ്തവ സഭകളുടെയും മേലധ്യക്ഷന്മാർ, വൈദികർ, വിശ്വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തത് ക്രൈസ്തവ ഐക്യത്തിന്റെയും സഭകൾ തമ്മിലുള്ള സാഹോദര്യത്തിന്റെയും മനോഹരമായ ദൃശ്യമായി. ചടങ്ങിൽ അമേരിക്ക, യുകെ, യൂറോപ്പ് ക്നാനായ അതിഭദ്രാസനാധിപൻ ആർച്ച് ബിഷപ്പ് മോർ സിൽവാനോസ് ആയൂബ്, സുറിയാനി ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് മോർ ഡയോണീസിയോസ് ജോൺ, അർമേനിയൻ ഓർത്തഡോക്സ് അപ്പസ്തോലിക സഭയുടെ ബിഷപ്പ് മെസ്രോപ്, കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ ബിഷപ്പ് ഡേവിഡ്, ബിഷപ്പ് ഗബ്രിയേൽ, എറിത്രിയൻ ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് അബൂനെ ഷെനൂദ, എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് അബൂനെ പെട്രോസ്, മലങ്കര കത്തോലിക്കാ സഭയുടെ മോർ സ്റ്റെഫാനോസ്, മോർ ഒസ്താത്തിയോസ്, മാർത്തോമ്മാ സുറിയാനി സഭയുടെ മോർ പൗലോസ് എന്നീ മെത്രാപ്പോലീത്തന്മാരും സന്നിഹിതരായിരുന്നു.
വിവിധ സഭകളുടെ മേലധ്യക്ഷന്മാർ ഒരേ വേദിയിൽ ഒന്നിച്ചുചേർന്ന് ശ്രേഷ്ഠ കാതോലിക്ക ബാവായെ ആദരിച്ചത് ക്രൈസ്വ ഐക്യത്തിന്റെയും പരസ്പര ബഹുമാനത്തിൻ്റെയും സഭകൾ തമ്മിലുള്ള സാഹോദര്യബന്ധത്തിന്റെയും ഹൃദയസ്പർശിയായ സാക്ഷ്യമായി മാറി. ചടങ്ങിൽ പങ്കെടുത്ത മേലധ്യക്ഷന്മാർ ശ്രേഷ്ഠ ബാവായ്ക്ക് ആശംസകൾ നേർന്ന് അമേരിക്കൻ സന്ദർശനത്തിന് എല്ലാ വിജയങ്ങളും ആശംസിച്ചു.
വടക്കേ അമേരിക്കൻ അതിഭദ്രാസനത്തിലെ വൈദികരും വിശ്വാസിസമൂഹവും ഒരുക്കിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിയ ശ്രേഷ്ഠ കാതോലിക്ക ബാവ, ക്രിസ്തുവിന്റെ സ്നേഹത്തിലും ഐക്യത്തിലും സഭകൾ ഒരുമിച്ച് മുന്നേറേണ്ടതിൻ്റെ ആവശ്യകതയെ ഓർമ്മിപ്പിച്ചു. അമേരിക്കൻ സന്ദർശനത്തിൻ്റെ ഭാഗമായി നടക്കുന്ന ആത്മീയ സമ്മേളനങ്ങൾ, യുവജന-കുടുംബ സംഗമങ്ങൾ, സഭാ പരിപാടികൾ എന്നിവയിൽ ശ്രേഷ്ഠ ബാവ തുടർന്നുള്ള ദിവസങ്ങളിൽ പങ്കെടുക്കും.












