പെരുമ്പാവൂർ ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ സുവിശേഷ സംഘടനയായ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ ഓഫ് ദി ഈസ്റ്റ് (EAE) തിരുകൊച്ചി മേഖലയുടെ ആദ്യ ജനറൽ ബോഡി യോഗം പെരുമ്പാവൂർ സെന്റ് തോമസ് ഹെഡ് ഓഫീസ് ചാപ്പലിൽ നടന്നു.
തിരുകൊച്ചി മേഖല പ്രസിഡന്റും, ഇ.എ.ഇ ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മോർ ക്രിസോസ്റ്റോമോസ് മാർക്കോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹ കല്പനയോടെയാണ് യോഗം ആരംഭിച്ചത്. മെത്രാപ്പോലീത്ത അധ്യക്ഷനായ യോഗത്തിൽ റീജിയന് കീഴിലെ വിവിധ ഇടവകകളിൽ നിന്നുള്ള ഇ.എ.ഇ ജനറൽ ബോഡി അംഗങ്ങൾ, ഇടവക ഭാരവാഹികൾ, യുവജന പ്രസ്ഥാനം, സൺഡേ സ്കൂൾ, വനിതാ സമാജം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
റീജിയന്റെ ആത്മീയവും ഭരണപരവുമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത യോഗം, 2026-ലെ ഇ.എ.ഇ റീജിയണൽ അഡ്മിനിസ്ട്രേഷൻ ചട്ടപ്രകാരമായി 15 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു.
2026–2027 വർഷത്തേക്കുള്ള റീജിയൻ സെക്രട്ടറിയായി റവ.ഫാ. തോമസ് മാളിയേക്കൽ, ട്രസ്റ്റിയായി ഡോ. ഷിബു എം. സി., വൈദിക സെക്രട്ടറിയായി റവ.ഫാ. ബേസിൽ ജോസഫ് വേഴപ്പറമ്പിൽ, വനിതാ സമാജം റീജിയൻ ഡയറക്ടറായി വെരി.റവ.ഫാ. പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ, യുവജന പ്രസ്ഥാനം റീജിയൻ ഡയറക്ടറായി റവ.ഫാ. ഷിബു സി. കുര്യൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അബ്രഹാം തോട്ടുപുറവും, എൽദോസ് പോളും ഓഡിറ്റർമാരായി തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭരണസമിതിക്ക് യോഗം ആശംസകൾ നേർന്നു. തിരുകൊച്ചി മേഖലയുടെ ആത്മീയ വളർച്ചയ്ക്കും സുവിശേഷ പ്രവർത്തനങ്ങൾക്കും പുതിയ നേതൃത്വം ഫലപ്രദമായ മാർഗനിർദേശം നൽകട്ടെയെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.



