ചെമ്പ് ● കണ്ടനാട് ഭദ്രാസനത്തിലെ ചെമ്പ് സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാളിന് തുടക്കമായി. ജൂലൈ 1 ബുധൻ അഭിവന്ദ്യ മോർ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ നടന്നവി. മൂന്നിന്മേൽ കുർബ്ബാനയ്ക്കു ശേഷം പെരുന്നാൾ കൊടിയേറ്റ് നിർവഹിച്ചു. വൈകിട്ട് സന്ധ്യാപ്രാർത്ഥനയും വചന ശുശ്രൂഷയും നടന്നു.
ഇന്ന് (ജൂലൈ 2 വ്യാഴം) രാവിലെ 7 30-ന് പ്രഭാത പ്രാർത്ഥന, 8-ന് വി. കുർബ്ബാന, വൈകിട്ട് 6.30-ന് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന, പ്രസംഗം, 8-ന് പ്രദക്ഷിണം, 9.15-ന് ആശിർവാദം എന്നിവ നടക്കും.
പ്രധാനപ്പെരുന്നാൾ ദിനമായ നാളെ (ജൂലൈ 3 വെള്ളി) രാവിലെ 6-ന് പ്രഭാത പ്രാർത്ഥന, 6.45-ന് വിശുദ്ധ കുർബ്ബാന, 8-ന് പ്രഭാതപ്രാർത്ഥന എന്നിവ നടക്കും. 9-ന് നടക്കുന്ന വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. 10.30-ന് അനുഗ്രഹ പ്രഭാഷണം, തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡ് ദാനവും ചാരിറ്റി ഫണ്ട് വിതരണവും നടക്കും. തുടർന്ന് പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
വികാരി ഫാ. ജോയി ആനക്കുഴി, ട്രസ്റ്റി ഇ.എം. സാബു ഇടമ്മറ്റം, സെക്രട്ടറി ഐസക് പൗലോസ് കൊച്ചുപ്ലാംവീട്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.
പ്രധാനപ്പെരുന്നാൾ ശുശ്രൂഷകൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.


