മൂവാറ്റുപുഴ ● ഫെഡറൽ ബാങ്കിന്റെ ഡയറക്ടർ ബോർഡ് ചെയർമാനായി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഏലിയാസ് ജോർജിനെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അന്തിമ അംഗീകാരം ലഭിച്ചതിനെ തുടർന്നാണ് ബാങ്ക് ഡയറക്ടർ ബോർഡ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
മൂവാറ്റുപുഴ മേഖലയിലെ കാരിമറ്റം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം കൂടിയായ ഏലിയാസ് ജോർജ്, 1982 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും സംസ്ഥാന സർക്കാർ സംവിധാനങ്ങളിലുമായി 35 വർഷത്തോളം അദ്ദേഹം സേവനമനുഷ്ഠിച്ചു. സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ശക്തമായ പിന്തുണ നൽകിയ കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ഇ.പി. പൗലോസിന്റെ മകളുടെ പുത്രനാണ് അദ്ദേഹം.
കൊച്ചി മെട്രോ റെയിൽ പദ്ധതിക്ക് അനുമതി ലഭിച്ചതുമുതൽ ഉദ്ഘാടനം വരെ നടന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് ഏലിയാസ് ജോർജിന്റെ നേതൃത്വത്തിലായിരുന്നു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, യുണൈറ്റഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. 2012 മുതൽ 2018 വരെ കൊച്ചി മെട്രോ റെയിൽ കോർപറേഷന്റെ മാനേജിങ് ഡയറക്ടർ പദവിയും അദ്ദേഹം വഹിച്ചു. കൊച്ചി വാട്ടർ മെട്രോ യാഥാർഥ്യമാക്കുന്നതിലും അദ്ദേഹത്തിന്റെ സംഭാവന നിർണായകമായിരുന്നു.
കേരള സർക്കാരിന്റെ അഡിഷണൽ ചീഫ് സെക്രട്ടറി പദവി ഉൾപ്പെടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ മന്ത്രാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം, ധനകാര്യ നിയന്ത്രണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പ് തുടങ്ങിയ മേഖലകളിൽ ദീർഘകാല പ്രവർത്തനപരിചയം അദ്ദേഹം നേടിയിട്ടുണ്ട്.
ഐ.എ.എസ് സേവനത്തിൽ നിന്ന് വിരമിച്ചശേഷം പ്രമുഖ ആഗോള കൺസൾട്ടിങ് സ്ഥാപനമായ കെ.പി.എം.ജിയിൽ സീനിയർ പാർട്ണറായി പ്രവർത്തിച്ച അദ്ദേഹം, ഇൻഫ്രാസ്ട്രക്ചർ, ഗവൺമെന്റ്, ഹെൽത്ത്കെയർ വിഭാഗങ്ങളുടെ തലവനായി ആയിരത്തിലധികം കൺസൾട്ടന്റുമാരടങ്ങുന്ന സംഘത്തെ നയിച്ചു.
കൊച്ചി സർവകലാശാലയിൽ നിന്ന് നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്ങിൽ ബി.ടെക് ബിരുദം നേടിയ അദ്ദേഹം, പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർനാഷണൽ അഡ്മിനിസ്ട്രേഷൻ പബ്ലിക്കിൽ (ഐ.ഐ.എ.പി) നിന്ന് അന്താരാഷ്ട്ര സാമ്പത്തിക ബന്ധങ്ങളിൽ സ്പെഷ്യലൈസേഷനോടു കൂടിയ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കരസ്ഥമാക്കി. ഹാർവാർഡ് കെന്നഡി സ്കൂൾ ഓഫ് ഗവൺമെന്റ് ഉൾപ്പെടെ ഇന്ത്യയിലെയും അമേരിക്കയിലെയും വിവിധ മാനേജ്മെന്റ് ഡെവലപ്മെന്റ് കോഴ്സുകളും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്.
ഫെഡറൽ ബാങ്ക് ചെയർമാനായി നിയമിതനായ ഏലിയാസ് ജോർജിന് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആശംസകൾ.
