കോതമംഗലം ● മുൻ മന്ത്രിയും കേരള കോൺഗ്രസ് പാർട്ടിയുടെ സമുന്നത നേതാവുമായ ടി.യു. കുരുവിള (90) അന്തരിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മെയ് 12 മുതൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മെയ് 30 ശനി വൈകിട്ട് 4 മണിക്ക് ഭൗതിക ശരീരം ചേലാട് തോമ്പ്രയിലെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. മെയ് 31 ഞായർ
രാവിലെ 8:30-ന് തോമ്പ്രയിലെ വീട്ടിൽ മരണാനന്തര ശുശ്രൂഷകൾ ആരംഭിക്കും. രാവിലെ 10 മുതൽ ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെൻ്റൽ കോളേജിൽ അനുസ്മരണവും പൊതുദർശനവും നടക്കും. ഉച്ചയ്ക്ക് 2-ന് ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ്-അനിയ വലിയ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
2006, 2011 എന്നീ വർഷങ്ങളിൽ കോതമംഗലം നിയോജക മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേയ്ക്ക് തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു. ലണ്ടനിലെ സൗത്ത് ഈസ്റ്റൺ യുണിവേഴ്സിറ്റിയിൽ നിന്ന് ഇദ്ദേഹത്തിന് ഓണററി ഡി.ലിറ്റ് ബിരുദവും ലഭിച്ചിട്ടുണ്ട്.
1936 ആഗസ്റ്റ് 13-ന് തോമ്പ്രയിൽ ഔസേഫ് ഉതുപ്പിൻ്റെയും മറിയത്തിൻ്റെയും മകനായി കീരംപാറ പഞ്ചായത്തിലെ ഊഞ്ഞാപ്പാറയിൽ ജനനം. പൊതുമരാമത്ത് മന്ത്രി, എം.എൽ.എ., കേരള കോൺഗ്രസിൻ്റെ തല മുതിർന്ന നേതാവുമായിരുന്നു. മികച്ച സംഘാടകനും സഹകാരിയും, വ്യവസായിയും, ടൂറിസം സംരംഭകൻ തുടങ്ങി കൈവച്ച മേഖലകളിലെല്ലാം തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് മടക്കം. കോതമംഗലത്ത് വികസന വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ്.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ സെക്രട്ടറിയായിരുന്ന അദ്ദേഹം പരിശുദ്ധ പാത്രിയർക്കീസ് ബാവായിൽ നിന്ന് ഷെവലിയാർ, കമാൻഡർ, ബാർ ഈത്തോ ശാറിറോ (സഭയുടെ സത്യപുത്രൻ) എന്ന് ബഹുമതികൾ ഏറ്റുവാങ്ങിയിട്ടുണ്ട്. മഞ്ഞനിക്കര ദയറ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം, യാക്കോബായ സുറിയാനി സഭയുടെ എഡ്യുക്കേഷൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
കേരള കോൺഗ്രസ് സംസ്ഥാന ട്രഷറർ, സംസ്ഥാന സെക്രട്ടറി, വൈസ് ചെയർമാൻ, സംസ്ഥാന കോഓർഡിനേറ്റർ, യു.ഡി.എഫ് എറണാകുളം ജില്ലാ ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. സംസ്ഥാന ഭവനനിർമാണ ബോർഡ് ചെയർമാനായും എക്സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചു.
1964-74 കാലഘട്ടത്തിൽ കീരംപാറ പഞ്ചായത്ത് പ്രസിഡൻ്റ്, 1966-76 ൽ കീരംപാറ സഹകരണ സംഘം സ്ഥാപക പ്രസിഡന്റ്, കീരംപാറ സെന്റ് സ്റ്റീഫൻസ് സ്കൂൾ മാനേജർ, കീരംപാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് സ്കൂൾ സ്ഥാപക മാനേജർ, കോതമംഗലം ബ്ലോക്ക് ഡെവലപ്പ്മെന്റ് കമ്മറ്റി ചെയർമാൻ, എറണാകുളം ജില്ല വികസന സമിതി ചെയർമാൻ, സംസ്ഥാന പ്ലാൻ്റേഷൻ കോർപ്പറേഷൻ ചെയർമാൻ, റബർ ബോർഡ് അംഗം, ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയ പള്ളി ട്രസ്റ്റി, അങ്കമാലി ഭദ്രാസന ട്രസ്റ്റ് കൺവീനർ, ഭദ്രാസന കൗൺസിൽ അംഗം, എം.എ കോളജ് അസോസിയേഷൻ ഭരണസമിതി അംഗം, പിറവം ബസേലിയോസ് കോളജ്, മലേക്കുരിശ് പാത്രിയർക്കാ ഇഗ്നേഷ്യസ് സഖാ പ്രഥമൻ ട്രെയ്നിങ് കോളജ്, പിറമാടം ബസേലിയോസ് കോളജ്, ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളജ്, പുത്തൻകുരിശ് സെന്റ് തോമസ് കോളജ് എന്നിവയുടെ സ്ഥാപക സെക്രട്ടറി, ഇന്റർ ചർച്ച് കൗൺസിൽ അംഗം, നിലയ്ക്കൽ സെന്റ് തോമസ് പള്ളി എക്യുമെനിക്കൽ സെന്റർ ട്രസ്റ്റ് അംഗം, കേരള സ്വാശ്രയ ഡെൻ്റൽ കോളജ് മാനേജ്മെന്റ് കൺസോർഷ്യം സെക്രട്ടറി, കാപിറ്റൽ ഫിൻസെർവ് ലിമിറ്റഡ് ഡയറക്ടർ, കറുകടം വിദ്യാവികാസ് സ്കൂൾ ചെയർമാൻ എന്നിങ്ങനെ ഒട്ടേറെ ചുമതലകളിൽ പ്രവർത്തിച്ചു.
ഭാര്യ: കീരംപാറ കല്ലുങ്കൽ ചിന്നമ്മ, മക്കൾ: റീന, ഡോ. രേണു, റെമി, ഡോ. രേഖ, എൽദോ, മരുമക്കൾ: ഡോ. പോൾ ജേക്കബ്, പരേതനായ ഡോ. പവൽസ് കുര്യൻ, തോമസ് മുത്തൂറ്റ്, പരേതനായ സുദീപ് തോമസ് ജോൺ, റിതിക.
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആദരാഞ്ജലികൾ.
