കുന്നക്കുരുടി ● സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സൗഹാർദത്തിന്റെയും സംഗമസ്ഥാനത്താണ് ദൈവാലയങ്ങൾ രൂപപ്പെടേണ്ടതെന്നും, ഈ മൂല്യങ്ങൾ നഷ്ടപ്പെടുന്നിടത്ത് ദൈവസാന്നിധ്യം ഉണ്ടാകില്ലെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രസ്താവിച്ചു. കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ബാവ.
മതസൗഹാർദത്തിന് വലിയ പ്രാധാന്യം നൽകുന്ന സഭയാണ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയെന്നും, മറ്റു മതങ്ങളെയും അവരുടെ ആചാരാനുഷ്ഠാനങ്ങളെയും ആദരിക്കുന്നതിൽ സഭ എപ്പോഴും മുൻപന്തിയിലാണെന്നും ബാവ വ്യക്തമാക്കി. സമൂഹത്തിലെ സന്തുലിതാവസ്ഥ നിലനിർത്താൻ പരസ്പര ബഹുമാനവും മതനിരപേക്ഷതയുടെ മൂല്യങ്ങളും അനിവാര്യമാണെന്നും ബാവ പറഞ്ഞു.
’കാഹളം’ എന്ന അർഥമുള്ള ‘യോവേൽ’ എന്ന ഹീബ്രു വാക്കിൽ നിന്നാണ് ജൂബിലി എന്ന പദം രൂപപ്പെട്ടത്. ആട്ടിൻകൊമ്പു കൊണ്ടുണ്ടാക്കിയ കാഹളം മുഴക്കി ദേശമൊട്ടാകെ പ്രഖ്യാപിക്കുന്ന ആത്മീയ ഉണർവാണ് ജൂബിലി ആഘോഷം. കടങ്ങൾ റദ്ദാക്കുക, അടിമകളെ മോചിപ്പിക്കുക, പൈതൃക സ്വത്തുകൾ തിരികെ നൽകുക തുടങ്ങി സാമൂഹിക നീതിയിലധിഷ്ഠിതമായ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലുള്ളത്. “അടിമകൾക്കുള്ള വിമോചനവും യഥാസ്ഥാനപ്പെടലുമാണ് ജൂബിലിയുടെ സന്ദേശം. ആധുനിക സമൂഹത്തിൽ അടിമ-ഉടമ വ്യവസ്ഥിതി നേരിട്ടില്ലെങ്കിലും, അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഓരോ വ്യക്തിയും കുടുംബവും അടിമത്തത്തിന്റെ ഇരകളാണ്.” – ബാവ ഓർമ്മിപ്പിച്ചു.
പട്ടിണി, ദാരിദ്ര്യം, വിദ്യാഭ്യാസത്തിന്റെ അഭാവം, ആരോഗ്യപരിപാലനത്തിലെ ശൂന്യത എന്നിവയെല്ലാം അടിമത്തത്തിന്റെ പുതിയ രൂപങ്ങളാണ്. മാന്യമായ ജീവിതം നയിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അത്തരം അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുടെ വേദനകൾ പരിഹരിക്കുകയും ചെയ്യുമ്പോഴാണ് ജൂബിലി ആഘോഷങ്ങൾ അർത്ഥപൂർണ്ണമാകുന്നത്.
ജൂബിലി ആഘോഷങ്ങൾ വെറും ആർഭാടങ്ങൾക്കുള്ള വേദിയാകരുത്. അനാവശ്യ ധൂർത്തുകൾ ഒഴിവാക്കി ആത്മീയതയും കൂട്ടായ്മയും ശക്തിപ്പെടുത്തണം. പെരുന്നാളുകളിലെ ആഡംബരങ്ങൾ ആത്മീയതയെ ബാധിക്കുന്നുണ്ടെങ്കിൽ അവ ഉപേക്ഷിക്കാൻ വിശ്വാസികൾ തയ്യാറാകണം.
പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും വരുംതലമുറയ്ക്കായി ഭൂമിയെ സംരക്ഷിക്കാനും ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ടെന്നും പരിസ്ഥിതി സംരക്ഷണവും ജൂബിലി വത്സരത്തിന്റെ പ്രധാന സന്ദേശങ്ങളിലൊന്നാണെന്നും ബാവ പറഞ്ഞു. കുടുംബങ്ങളിലെ ശൈഥില്യം ഇന്നത്തെ വലിയ വെല്ലുവിളിയാണെന്നും, പ്രാർത്ഥനയിലൂടെയും സ്നേഹത്തിലൂടെയും കുടുംബബന്ധങ്ങൾ ദൃഢമാക്കേണ്ടതുണ്ടെന്നും ബാവ ചൂണ്ടിക്കാട്ടി. യുവാക്കൾ ആത്മീയതയിൽ നിന്ന് അകലുന്നതും ലഹരിയുടെ വ്യാപനവും സമൂഹത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങളാണെന്നും ബാവ മുന്നറിയിപ്പ് നൽകി.
ക്രിസ്തീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സൽപ്രവൃത്തികളിലൂടെ ദൈവമഹത്വം പ്രകടിപ്പിക്കുന്ന മാതൃകാപരമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ വിശ്വാസികൾ മുന്നോട്ടുവരണമെന്ന് ശ്രേഷ്ഠ ബാവ ആഹ്വാനം ചെയ്തു.
പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, ബെന്നി ബഹനാൻ എംപി, നിയുക്ത എം.എൽ.എ മാരായ വി.പി. സജീന്ദ്രൻ, മാത്യു കുഴൽനാടൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, ജില്ലാ പഞ്ചായത്ത് അംഗം സുജിത്ത് പോൾ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ്, മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻദാസ്, എൽദോ ഏബ്രഹാം, സജി മർക്കോസ്, വികാരി ഫാ. പോൾ തോമസ് ആയത്തുകുടി, വന്ദ്യ വർഗീസ് വാലയിൽ കോറെപ്പിസ്കോപ്പ, ഫാ. സജി ജോബ്, ഫാ. ഷിബു കെ. പോൾ, ട്രസ്റ്റിമാരായ സജി പി. ഏലിയാസ്, ബേസിൽ കെ. ജേക്കബ്, സെക്രട്ടറി എ.വി. പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് സ്നേഹോജ്ജ്വലമായ സ്വീകരണമാണ് ഇടവക വിശ്വാസികൾ ഒരുക്കിയത്. നിരവധി വാഹനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ശ്രേഷ്ഠ ബാവായെ സ്വീകരിച്ച് പള്ളിയിലേക്ക് ആനയിച്ചു. തുടർന്ന് സന്ധ്യാപ്രാർത്ഥനയ്ക്ക് ശ്രേഷ്ഠ ബാവ നേതൃത്വം നൽകി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.