ഷാർജ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യു.എ.ഇ മേഖല പള്ളി പ്രതിപുരുഷ യോഗം ഷാർജ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാത്രിയാർക്കൽ കത്തീഡ്രലിൽ നടന്നു. യു.എ.ഇ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു. മേഖലയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
സോണൽ വൈസ് പ്രസിഡന്റ് ഫാ. ബിനു അമ്പാട്ട് സ്വാഗതം ആശംസിച്ചു. സെക്രട്ടറി സന്ദീപ് ജോർജ് 2025-26 വർഷത്തെ വാർഷിക റിപ്പോർട്ടും, ട്രസ്റ്റി എൽദോ പി. ജോർജ് കണക്കും, ഓഡിറ്റർ വിൽസൺ ജോസഫ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. 2026-27 പ്രവർത്തന വർഷത്തേക്കുള്ള പദ്ധതികൾ യോഗം വിലയിരുത്തി.
ഈ വർഷത്തെ യു.എ.ഇ. മേഖല ഫാമിലി കോൺഫറൻസ് നവംബർ അവസാന വാരം ദുബായ് മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ വെച്ച് നടത്താനും യോഗം തീരുമാനിച്ചു.



