ഓക്ലൻഡ് ● ആധുനിക സാങ്കേതിക വിദ്യകൾ മനുഷ്യനെ ഏകാഗ്രതയിലേക്കല്ല, മറിച്ച് ഒറ്റപ്പെടലിലേക്കും സ്വന്തം തുരുത്തുകളിലേക്കുമാണ് നയിക്കുന്നതെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ.
വിശ്വാസത്തിന് ക്ഷയം സംഭവിക്കുന്ന വർത്തമാനകാലത്ത്, അടഞ്ഞ വാതിലുകൾക്കുള്ളിലെ ഭീതിയെ അതിജീവിക്കാൻ വിശ്വാസത്തിന്റെ പൂർണ്ണത ആവശ്യമാണെന്ന് ബാവ ഓർമ്മിപ്പിച്ചു.
ഓക്ലൻഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബാവ.
സാങ്കേതികവിദ്യ മനുഷ്യനെ പരസ്പര ബന്ധങ്ങളിൽ നിന്ന് അകറ്റി ഇടുങ്ങിയ മുറികളിലേക്കും ഭീതിയിലേക്കും ഒതുക്കുകയാണ്. ഇന്നത്തെ ലോകത്തിന്റെ പ്രത്യേക സാഹചര്യത്തിൽ, നാം പലപ്പോഴും അടഞ്ഞ വാതിലുകൾക്കുള്ളിൽ കഴിയുന്നവരാണോ എന്നത് ഓരോരുത്തരും ആത്മപരിശോധന നടത്തണമെന്നും ബാവ നിർദ്ദേശിച്ചു. സ്നേഹത്തിന്റെ പൂർണ്ണതയിൽ നിറയാൻ ഭയത്തെ അതിജീവിച്ച് ഇത്തരം അടഞ്ഞ വാതിലുകൾ തുറക്കപ്പെടണം. കർത്താവിന്റെ ഉത്ഥാനവും സ്വർഗ്ഗാരോഹണവും നൽകുന്ന പ്രത്യാശ പുതുജീവനിലേക്കുള്ള ചുവടുവെപ്പിന് കരുത്തേകണമെന്നും ബാവ കൂട്ടിച്ചേർത്തു.
മാർത്തോമാ ശ്ലീഹായുടെ വാക്കുകൾ കേവലം സംശയമായിരുന്നില്ല, മറിച്ച് സത്യത്തെ ആഴത്തിൽ അന്വേഷിക്കുന്ന ഹൃദയത്തിന്റെ വേദനയും നൊമ്പരവുമാണെന്ന് ബാവ വിശദീകരിച്ചു. കണ്ടു വിശ്വസിച്ചവരും കാണാതെ വിശ്വസിച്ചവരും ഒരുപോലെ ഭാഗ്യവാന്മാരാണ്. വിശ്വാസത്തിന്റെ കരുത്തിലാണ് നാം ക്രിസ്തുവിനെ അനുഭവിക്കേണ്ടതെന്നും ബാവ ഓർമ്മിപ്പിച്ചു.
ജീവിതത്തിൽ നാം നേരിടുന്ന വേദനകളും മുറിപ്പാടുകളും ദൈവത്തിന്റെ രക്ഷാപദ്ധതിയിലെ അർത്ഥവത്തായ സാക്ഷ്യങ്ങളാണ്. ഉത്ഥിതനായ ക്രിസ്തു തന്റെ മുറിപ്പാടുകൾ ശിഷ്യന്മാർക്ക് കാണിച്ചുകൊടുക്കുന്നത് സ്നേഹത്തിന്റെ ആധിക്യമാണ് വെളിപ്പെടുത്തുന്നത്. ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ മഹത്വം അവിടുത്തെ മുറിപ്പാടുകളിലാണെന്ന് ഉൾക്കൊണ്ട്, ജീവിതത്തിലെ പ്രയാസങ്ങളെ സമാധാനത്തിലേക്കുള്ള വഴിവിളക്കുകളായി കാണണമെന്ന് ബാവ ഉത്ബോധിപ്പിച്ചു. സങ്കീർണ്ണമായ ജീവിത സാഹചര്യങ്ങളെ ദൈവഹിതമായി കണ്ട് സ്വീകരിക്കാൻ വിശ്വാസികൾക്ക് സാധിക്കണം.
വിശ്വാസം എന്നത് കേവലം ആരാധനകളിൽ ഒതുങ്ങേണ്ടതല്ല, അത് ജീവിതസാക്ഷ്യത്തിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കേണ്ട മിഷണറി ദൗത്യമാണ്. വീടുകളിലും ജോലിസ്ഥലങ്ങളിലും പൊതുസമൂഹത്തിലും സഹജീവികളോട് കരുണയോടും ദയയോടും കൂടി പെരുമാറുന്നത് ഈ ദൗത്യനിർവ്വഹണത്തിന്റെ ഭാഗമാണെന്നും ബാവ കൂട്ടിച്ചേർത്തു. ക്രിസ്തുവിന് സാക്ഷികളാകാൻ വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരുമെന്ന ബോധ്യം വിശ്വാസികളിൽ ഉണ്ടാകണമെന്നും ബാവ ആഹ്വാനം ചെയ്തു.
വികാരി ഫാ. അബിൻ വർഗീസ് മണക്കാട്ട്, വന്ദ്യ ഡോ. ജോസഫ് സഖറിയാസ് മാരാംകണ്ടത്തിൽ കോറെപ്പിസ്കോപ്പ, വന്ദ്യ ജോൺ തെക്കെട്ടത്ത് കോറെപ്പിസ്കോപ്പ, ഡീക്കൺ ഗ്രിഗർ പോൾ എന്നിവരും നൂറുക്കണക്കിന് വിശ്വാസികളും വി. കുർബ്ബാനയിൽ സംബന്ധിച്ചു.




