മീനങ്ങാടി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസന വൈദിക സംഗമം ഉദ്ഘാടനത്തിലെ വ്യത്യസ്ത കൊണ്ട് ശ്രദ്ധേയമായി. നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന രീതി ഒഴിവാക്കി ചെടിച്ചട്ടിയിലെ വൃക്ഷത്തൈക്ക് വെള്ളമൊഴിച്ചായിരുന്നു ഉദ്ഘാടനം നടത്തിയത്. ‘കുടുംബക്കൂട്ട്’ എന്ന പേരിൽ നടത്തിയ സംഗമം മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ സ്തേഫാനോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
വരും തലമുറ ‘സ്നേഹം നട്ടുനനയ്ക്കണമെന്ന’ വലിയ സന്ദേശമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. വന്ദ്യ പൗലോസ് നാരകത്ത് പുത്തൻപുരയിൽ കോറെപ്പിസ്കോപ്പ, ഭദ്രാസന വൈദീക സെക്രട്ടറി ഫാ. മത്തായികുഞ്ഞ് ചാത്തനാട്ടുകുടി, ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്, പ്രോഗ്രാം കോ. ഓഡിനേറ്റർ ഫാ. ബാബു നീറ്റുംകര എന്നിവർ പ്രസംഗിച്ചു.
വിരമിക്കുന്ന വൈദീകരായ ഫാ. ജോർജ് തോമസ് പുല്യാട്ടേൽ, ഫാ. ജോസഫ് പള്ളിപ്പാട്ട്, ഫാ. ജോർജ് നെടുംതളളിൽ എന്നിവർക്ക് യാത്രയയപ്പും ഉപഹാരങ്ങളും സമ്മാനിച്ചു. വൈദീകരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും നടത്തി.




