കറ്റാനം ● രണ്ടാഴ്ച മുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റ് മരണപ്പെട്ട കട്ടച്ചിറ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും, മദ്ബഹാ ശുശ്രൂഷകനും, വട്ടപ്പറമ്പിൽ ബിനു തങ്കച്ചൻ-ജോളി ദമ്പതികളുടെ മകനുമായ ബേസിൽ ബിനുവിന്റെ ഭവനത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ സന്ദർശിച്ച് പ്രാർത്ഥന നടത്തുകയും ബന്ധുമിത്രാദികളെ ആശ്വസിപ്പിക്കുകയും ചെയ്തു.
സൺഡേ സ്കൂൾ ഉൾപ്പെടെ പള്ളിയുടെ എല്ലാ പ്രവർത്തന മേഖലകളിലും മികവ് തെളിയിച്ച നല്ലൊരു മകനെയാണ് ആകസ്മികമായി നഷ്ടപ്പെട്ടതെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ബാവ പറഞ്ഞു. ബേസിൽ ബിനുവിന്റെ മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് സെമിത്തേരിയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ബാവ ഉത്കണ്ഠ രേഖപ്പെടുത്തി.
വൈദികർ ഉൾപ്പെടെയുള്ള ബന്ധുമിത്രാദികൾക്ക് സെമിത്തേരിയിൽ പ്രവേശിക്കുവാൻ യാതൊരുവിധ വിലക്കുകളോ തടസ്സങ്ങളോ ഇല്ലാതിരിക്കെ, മനഃപ്പൂർവം സംഘർഷം സൃഷ്ടിച്ച ഉദ്യോഗസ്ഥ നടപടി വേദനിപ്പിക്കുന്നതാണ്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്നും, ഇക്കാര്യത്തിൽ സഭ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ബാവ വ്യക്തമാക്കി.
സഭാ വൈദിക ട്രസ്റ്റിയും ബേസിൽ ബിനുവിന്റെ ബന്ധുവുമായ ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഫാ. ജോർജ് പെരുമ്പട്ടേത്ത്, ഫാ. ഷിജു പി. കുഞ്ഞുമോൻ, ഇടവക ട്രസ്റ്റി ഷെവ. അലക്സ് എം. ജോർജ് എന്നിവരും ബാവയോടൊപ്പം ഉണ്ടായിരുന്നു



