പുത്തൻകുരിശ് ● വാൽപ്പാറയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുശോചനം രേഖപ്പെടുത്തി.
വിനോദയാത്രയ്ക്ക് പോയ മലപ്പുറം പാങ്ങ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ദുരന്തത്തിൽ മരണപ്പെട്ടുവെന്ന വാർത്ത അത്യന്തം ദുഃഖത്തോടെയും വേദനയോടെയും ആണ് ശ്രവിച്ചതെന്ന് ബാവ പറഞ്ഞു. അറിവിന്റെ വെളിച്ചം സമൂഹത്തിന് പകർന്നു നൽകുന്ന അധ്യാപകരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും അപ്രതീക്ഷിത വിയോഗം, ആ വിദ്യാലയത്തിനും നാടിനും ഒരുപോലെ നികത്താനാവാത്ത നഷ്ടമാണെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെയും സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും ആഴമേറിയ ദുഃഖത്തിൽ ഹൃദയപൂർവ്വം പങ്കുചേരുന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങിവരട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും, പരേതരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നതായും ശ്രേഷ്ഠ ബാവ അനുശോചന കുറിപ്പിൽ അറിയിച്ചു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാസെൻ്റർ
18/04/2026
