കൊച്ചി ● സുറിയാനി പാരമ്പര്യത്തിലുള്ള എല്ലാ ക്രൈസ്തവ സഭകളുടെയും പൊതു സ്രോതസ്സാണു മുളന്തുരുത്തി സുന്നഹദോസ് എന്നു ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ. വെള്ളിയാഴ്ച മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികം യാക്കോബായ സുറിയാനി സഭ ആഘോഷിക്കുകയാണ്. മാർത്തോമാ ശ്ലീഹായുടെ പൈതൃകമുള്ള ക്രൈസ്തവ സഭകൾ പേർഷ്യയിൽ നിന്നുള്ള സുറിയാനി മെത്രാന്മാരാലാണു ഭരിക്കപ്പെട്ടത്. പിന്നീട് കൊളോണിയൽ കാലത്ത് ഡച്ച്, പോർച്ചുഗീസ്, ബ്രിട്ടീഷുകാർ എന്നിവർ അവരുടെ വിശ്വാസത്തോടു മലങ്കര സഭയെ ചേർക്കാൻ ശ്രമിച്ചു. ഇതിൻ്റെ ഫലമായി സഭയിൽ ഉടലെടുത്ത വിശ്വാസ, ആചാര, സ്വത്വ പ്രതിസന്ധികൾക്കു പരിഹാരം എന്ന നിലയ്ക്കാണു മുളന്തുരുത്തി സുന്നഹദോസ് സംഘടിപ്പിച്ചത്.
മലങ്കരയിലെ സുറിയാനി ഓർത്തഡോക്സ് പാരമ്പര്യം അനുശാസിക്കുന്ന എല്ലാ സഭകളും മുളന്തുരുത്തി സുന്നഹദോസിന്റെ തീരുമാനങ്ങളെ സ്വാംശീകരിച്ചു. മലങ്കര സഭയും അന്ത്യോഖ്യാ സിംഹാസനവും തമ്മിലുള്ള ബന്ധത്തെ നിർവചിച്ചു കൊണ്ടാണു സുന്നഹദോസിന്റെ കാനോനുകൾ അവസാനിപ്പിച്ചിരിക്കുന്നത്.
അന്ത്യോഖ്യായിൽ നിന്നു കേരളത്തിൽ വന്ന ആദ്യത്തെ പാത്രിയർക്കീസായ പരിശുദ്ധ പത്രോസ് തൃതീയൻ ബാവായുടെ നേതൃത്വത്തിലായിരുന്നു സുന്നഹദോസ്. ആദ്യമായാണ് ഇത്തരം സുന്നഹദോസുകളിൽ അൽമായർക്കു പ്രാതിനിധ്യം നൽകുന്നത്. ലോക ചരിത്രത്തിൽ പോലും ജനാധിപത്യം എന്ന ആശയം ക്രമപ്പെടുത്തുന്നതിനു മുൻപേ മലങ്കര സഭയിൽ ‘എപ്പിസ്കോപ്പൽ-ഡമോക്രാറ്റിക്ക്’ രീതിയിൽ സഭാ ഭരണത്തെ സുന്നഹദോസ് ക്രമീകരിച്ചു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന അസോസിയേഷനിലൂടെ മലങ്കര മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സഭ ഭരിക്കപ്പെടണം എന്ന ആശയം മുളന്തുരുത്തി സുന്നഹദോസിലൂടെയാണ് ആദ്യമായി സഭ യിൽ നടപ്പിലാക്കപ്പെട്ടത്. 1876 ജൂൺ 28 മുതൽ 30 വരെ മുളന്തുരുത്തി പള്ളിയിൽ വച്ചായിരുന്നു സുന്നഹദോസ്. മലങ്കരയിലെ അന്നത്തെ 103 പള്ളികളിൽ നി .ന്ന് 130 വൈദികരും, 144 ജനപ്രതിനിധികളും ഇതിൽ പങ്കെടുത്തു.
സഭയുടെ നടത്തിപ്പിനു ‘യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ’ എന്ന ആശയം മുന്നോട്ട് വച്ചതും, നടപ്പിലാക്കിയതും ഈ സുന്നഹദോസിലൂടെയായിരുന്നു. 18 കാനോനുകളും ഈ സുന്നഹദോസിൽ ക്രമപ്പെട്ടു. പള്ളിയോട് ചേർന്നു പള്ളിക്കൂടങ്ങളും, സ്ഥാപനവും നടത്തിപ്പും, ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി, ലിംഗ വിവേചനത്തിന് അതീതമായി വിദ്യാഭ്യാസം എല്ലാവർക്കും തുടങ്ങിയ സാമൂഹിക ദർശനങ്ങളും രൂപീകരിക്കപ്പെട്ടു.
സുന്നഹദോസിനെ തുടർന്നു, ഭരണസൗകര്യാർഥം മലങ്കര സഭയെ 7 ഭദ്രാസനങ്ങളായി വിഭജിച്ചു. അവയ്ക്ക് 6 മെത്രാപ്പോലീത്തന്മാരെ വാഴിക്കുകയും ചെയ്തു. മലങ്കരയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ ചാത്തുരുത്തി മോർ ഗ്രിഗോറിയോസ് ഗീവർഗീ സ് (പരുമല) മെത്രാപ്പോലീത്ത ഇപ്രകാരം വാഴിക്കപ്പെട്ടയാളും, പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറിയും, മുളന്തുരുത്തി സുന്നഹദോസിന്റെ പ്രധാന സംഘാടകരിൽ ഒരാളുമായിരുന്നു- ശ്രേഷ്ഠ ബാവ പറഞ്ഞു.