മഞ്ഞിനിക്കര ● തിന്മയെ തള്ളി നന്മയെ തിരഞ്ഞെടുത്ത ദൈവപുരുഷനായിരുന്നു വിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായെന്ന് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പറഞ്ഞു. മഞ്ഞിനിക്കര ദയറായിൽ വിശുദ്ധ പിതാവിന്റെ കബറിങ്കൽ അഖണ്ഡ പ്രാർത്ഥന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. യേശുക്രിസ്തുവാകുന്ന മഹാവൃക്ഷത്തിന്റെ തണൽ പരത്തി അനുഗ്രഹങ്ങൾ വർഷിക്കുന്ന അഭയകേന്ദ്രമാണ് പരിശുദ്ധ പിതാവിന്റെ കബറിടമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ദയറാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. അഖണ്ഡ പ്രാർത്ഥനയുടെ ജനറൽ കൺവീനർ വന്ദ്യ ജേക്കബ് തോമസ് കോർ എപ്പിസ്കോപ്പ മാടപ്പാട്ട്, വന്ദ്യ ബർസൗമോ റമ്പാൻ, വന്ദ്യ ബേസിൽ റമ്പാൻ, കൺവീനർ ഫാ. ബെൻസി മാത്യു കിഴക്കേതിൽ, ഫാ. അഖിൽ അലക്സ്, ദയറാ സെക്രട്ടറി ഷെവ. വർഗീസ് കലൂർ, അഡ്വ. എ.സി. കുര്യാക്കോസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫാ. ബെൻസോ കാരിമറ്റം, ഫാ. അഭിലാഷ് വലിയവീട്ടിൽ, ഫാ. ഫെവിൻ ജോൺ എന്നിവർ ധ്യാനപ്രസംഗങ്ങൾ നടത്തി. രാവിലെ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും വിശുദ്ധ മോറാന്റെ കബറിടത്തിൽ ധൂപപ്രാർത്ഥനയും നടന്നു.
രാത്രി പ്രാർത്ഥനയും പ്രദക്ഷിണവും അഖണ്ഡ പ്രാർത്ഥനയുടെ ഭാഗമായി നടക്കും. ഒക്ടോബർ 11 ഞായറാഴ്ച പുലർച്ചെ അഞ്ചിന് അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന നടക്കും. തുടർന്ന് ആശീർവാദവും നേർച്ചവിളമ്പും നടത്തുന്നതോടെ അഖണ്ഡ പ്രാർത്ഥനയ്ക്ക് സമാപനമാകും.







