കോതമംഗലം ● ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാളിന് ആയിരക്കണക്കിന് ഭക്തജനങ്ങളെ സാക്ഷിയായി വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ കൊടിയുയർത്തി.
പരിശുദ്ധ ബാവായുടെ പാദ സ്പർശത്താൽ അനുഗ്രഹീതമായ ചക്കാലക്കുടി ചാപ്പലിൽ നിന്ന് ആരംഭിച്ച പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേർന്ന് ധൂപ പ്രാർത്ഥനയ്ക്ക് ശേഷമാണ് കൊടിയുയർത്തിയത്. ചക്കാലക്കുടിയിൽ നിന്നുള്ള പ്രദക്ഷിണത്തിൽ നായർ യുവാവായ ചക്കാലക്കൽ സുരേഷ് ഇത്തവണയും തൂക്ക് വിളക്കേന്തി. പള്ളിയിൽ നടന്ന പ്രാർത്ഥനയ്ക്ക് കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. സഹവികാരിമാരായ ഫാ. സിബി ഇടപ്പുളവൻ, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. നോബി വെട്ടിച്ചിറ, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, വർക്കിങ് കമ്മിറ്റി അഗംങ്ങൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
സഭയിലെ നിരവധി വൈദികർ, കന്യാസ്ത്രീകൾ, എം.എൽ.എ മാരായ ഷിബു തെക്കുംപുറം, മനോജ് മുത്തേടൻ, മാത്യു കുഴൽനാടൻ, മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, മുൻ എം.എൽ.എ ആന്റണി ജോൺ, ഗവർമെന്റിന്റെ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, ജന പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കൊടി ഉയർത്തലിനു ശേഷം കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നിന്നും പ്രത്യേകം തയ്യാറാക്കി കൊണ്ടുവന്ന തമുക്ക് നേർച്ച ഭക്തജനങ്ങൾക്കായി നൽകി. പരിശുദ്ധ ബാവ കോതമംഗലത്ത് എത്തിച്ചേർന്നപ്പോൾ ബാവായെ കണ്ട് അനുഗ്രഹം പ്രാപിക്കാനായി കരിങ്ങാച്ചിറയിൽ നിന്നും വന്ന വിശ്വാസികൾ കൊണ്ടു വന്ന പലഹാരത്തിന്റെ അനുസ്മരണയിലാണ് തമുക്ക് നേർച്ച നൽകുന്നത്. കരിങ്ങാച്ചിറ പള്ളിയിൽനിന്നും വികാരിമാരായ ഫാ. ബേസിൽ ഷാജു, ഫാ. റിജോ ജോർജ്, ഫാ. ടിജോ മർക്കോസ് ട്രസ്റ്റിമാർ, അൽമായ വൈസ് പ്രസിഡൻ്റ്, സംഘടന ഭാരവാഹികളും എത്തിച്ചേർന്നു.
പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവ കാലം ചെയ്ത സമയത്ത് സ്വയം പ്രകാശിച്ച കൽക്കുരിശിലെ പെരുന്നാൾ നാളെ സെപ്റ്റംബർ 26 ശനി നടത്തപ്പെടും. കൽകുരിശ് നിർമ്മാണ വേളയിൽ കർത്താക്കന്മാർ കാവലിരുന്നതിനെ അനുസ്മരിച്ചുകൊണ്ട് മൂന്ന് വൈദീകർ അംശ വസ്ത്രങ്ങൾ അണിഞ്ഞു കുരിശിന് പടിഞ്ഞാറ് വശത്ത് പ്രത്യേക ഇരിപ്പടത്തിൽ ഇരിക്കുന്നു.
നാളെ രാവിലെ 6:30-ന് പ്രഭാത പ്രാർത്ഥന, 7:15-ന് മുവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന, പള്ളിയുടെ പടിഞ്ഞാറേ കൽക്കുരിശിങ്കലേക്ക് പ്രദക്ഷിണം, ആശിർവാദം എന്നിവ നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് പെരുന്നാൾ കച്ചവടത്തിനുള്ള സ്റ്റാൾ ലേലം ഉണ്ടായിരിക്കും. വൈകിട്ട് സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ നിർവ്വഹിക്കും. പെരുന്നാൾ ദിനങ്ങൾ ഒക്ടോബർ 4 വരെയെങ്കിലും ഒക്ടോബർ 11 ഞായറാഴ്ച വരെ ദീപാലങ്കാരങ്ങൾ തുടരുമെന്ന് പെരുന്നാൾ ഭാരവാഹികൾ അറിയിച്ചു.

