ആലാട്ടുചിറ ● അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ ആലാട്ടുചിറ ബെത്ലഹേം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പുനർനിർമ്മിച്ച ദൈവാലയത്തിൻ്റെ വി. മൂറോൻ അഭിഷേക കൂദാശയും ബലിയർപ്പണവും സെപ്റ്റംബർ 26, 27 (ശനി, ഞായർ) തീയതികളിൽ ഭക്തിനിർഭരമായി നടക്കും.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരായ മോർ അഫ്രേം മാത്യൂസ്, മോർ ക്രിസോസ്റ്റമോസ് മർക്കോസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ എന്നിവരുടെ സഹകാർമികത്വത്തിലും നടക്കും.
സെപ്റ്റംബർ 26 ശനിയാഴ്ച വൈകിട്ട് 5-ന് സന്ധ്യാപ്രാർത്ഥന ആരംഭിക്കും. ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്കും അഭിവന്ദ്യ മെത്രാപ്പോലീത്തമാർക്കും ഇടവക ഭക്തിനിർഭരമായ സ്വീകരണം നൽകും. തുടർന്ന് പ്രധാന ഗേറ്റ് സമർപ്പണം, കൊടിമര കൂദാശ എന്നിവ നടക്കും. വൈകിട്ട് 6-ന് വി. മൂറോൻ അഭിഷേക കൂദാശയും ശേഷം പ്രസംഗവും നടക്കും. തുടർന്ന് യൂത്ത് അസ്സോസിയേഷൻ നിർമ്മിച്ചുനൽകുന്ന ഭവനത്തിന്റെ താക്കോൽദാനം, വനിതാ സമാജം സമാഹരിച്ച ഡയാലിസിസ് ചികിത്സാ സഹായധനത്തിന്റെ കൈമാറ്റം, ആശീർവാദം എന്നിവ നടക്കും. രാത്രി 9-ന് വാദ്യമേളവും നേർച്ചസദ്യയും ഉണ്ടായിരിക്കും.
സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 7-ന് പ്രഭാത പ്രാർത്ഥനയും, 8ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാനയും നടക്കും. തുടർന്ന് പ്രസംഗം, നേർച്ചസദ്യ എന്നിവ ഉണ്ടായിരിക്കും.
ചടങ്ങുകൾക്ക് വികാരി ഫാ. നെൽസൺ ജോയി മൂലേക്കുടി, ഫാ. ബേസിൽ പൊട്ടയ്ക്കൽ, ട്രസ്റ്റിമാരായ ജോയി എം.ജെ. മനേക്കുടിയിൽ, ജിജോ വർഗീസ് കുഴിക്കാടൻ, ഇടവകയിലെ വൈദികർ, മാനേജിംഗ് കമ്മിറ്റി, നിർമ്മാണ- ആഘോഷ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും
ശുശ്രൂഷകൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയം സംപ്രേഷണം ചെയ്യും.
