കാക്കനാട് ● അങ്കമാലി ഭദ്രാസനത്തിലെ തെങ്ങോട് വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള അത്ഭുതദൃശ്യം ഉളവായ മോർ കുരാക്കോസ് സഹദാ ചാപ്പലിൽ മോർ കുര്യാക്കോസ് സഹദായുടേയും, മോർത്ത് യൂലിത്തി അമ്മയുടേയും ഓർമ്മപ്പെരുന്നാൾ ഭക്തിനിർഭരമായി ആരംഭിച്ചു.
പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ജൂലൈ 11-ന് രാവിലെ വിശുദ്ധ കുർബ്ബാനനന്തരം കൊടിയേറ്റ് നിർവഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വി. കുർബ്ബാന, സന്ധ്യാപ്രാർത്ഥന എന്നിവ നടന്നു.
പെരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 14 ചൊവ്വ രാവിലെ 6.30-ന് പ്രഭാതപ്രാർത്ഥന, 7-ന് ഫാ. എൽദോ വർക്കി തൈക്കാനത്തിൻ്റെ കാർമികത്വത്തിൽ വി. കുർബ്ബാന എന്നിവ നടത്തപ്പെടും. വൈകിട്ട് 7-ന് അഭിവന്ദ്യ ഡോ. മോർ കൂറീലോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാനമസ്കാരം, പ്രസംഗം എന്നിവ നടക്കും.
തുടർന്ന് ഇടവകയിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം, കൈത്താങ്ങ് ചികിത്സാ സഹായം, പാച്ചോർ നേർച്ച എന്നിവ ഉണ്ടായിരിക്കും. 9.15 -ന് അഖണ്ഡ പ്രാർത്ഥന ആരംഭിക്കും.
പ്രധാനപ്പെരുന്നാൾ ദിനമായ ജൂലൈ 15 ബുധൻ രാവിലെ 6-ന് അഖണ്ഡ പ്രാർത്ഥന സമാപിക്കും. 7.30-ന് പ്രഭാതപ്രാർത്ഥന, 8.30-ന് അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. കുർബ്ബാന, പ്രസംഗം എന്നിവ നടക്കും. തുടർന്ന് തിരുശ്ശേഷിപ്പ് പേടകത്തിൽ നിന്ന് ആഘോഷപൂർവ്വം പുറത്തെടുക്കും. പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ, എഴുത്തിനിരുത്തൽ എന്നിവ നടത്തപ്പെടും. ഉച്ചയ്ക്ക് 12-ന് തിരുശ്ശേഷിപ്പ് പേടകത്തിലേയ്ക്ക് ആഘോഷപൂർവ്വം തിരികെവയ്ക്കും. തുടർന്ന് കൊടിയിറക്കലോടെ പെരുന്നാൾ സമാപിക്കും.
വികാരിമാരായ ഫാ. ഷിബു ചെറിയാൻ കൂളിയാട്ട്, ഫാ. ഹെനു തമ്പി കണ്ടോത്തുമറ്റത്തിൽ, ട്രസ്റ്റിമാരായ എബ്രഹാം ചെറിയാൻ ഇടയത്ത്, ബിജു കുര്യൻ കയ്യാലത്ത് എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയം സംപ്രേഷണം ചെയ്യും.
