പുത്തന്‍കുരിശ് ● പ്രാര്‍ത്ഥനാ ഗീതങ്ങളുടെയും മണിനാദങ്ങളുടെയും വിശ്വാസ ചൈതന്യം തുളുമ്പി നിന്ന പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയ്ക്ക് പുതിയ മെത്രാപ്പോലീത്തായെ വാഴിച്ചു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര് ബസ്സേലിയോസ് ജോസഫ് ബാവായുടെ തൃക്കരങ്ങളാല്‍ അങ്കമാലി ഭദ്രാസനം-മൂവാറ്റുപുഴ മേഖലയിലെ സഹായ മെത്രാപ്പോലീത്തയായി അഭിവന്ദ്യ മോര് ഗ്രിഗോറിയോസ് ഗബ്രിയേല്‍ മെത്രാപ്പോലീത്തായെ വാഴിച്ചു.
പന്ത്രണ്ട് ശ്ലീഹന്മാരുടെ ഓർമ്മദിനവും ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിൻ്റെ ശതോത്തര സുവർണ ജൂബിലി സമാപനം ദിനം കൂടിയായ ഇന്ന് ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര് ബസ്സേലിയോസ് ജോസഫ് ബാവ നിര്‍വഹിച്ച പ്രഥമ മെത്രാപ്പോലീത്ത സ്ഥാനാരോഹണ ശുശ്രൂഷയ്ക്കാണ് പുത്തന്‍കുരിശ് സാക്ഷിയായത്. സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരായി.
പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ ഏഴിന് പ്രഭാത പ്രാര്‍ത്ഥനയോടെ ആരംഭിച്ച മെത്രാഭിഷേക ശുശ്രൂഷ ഉച്ചയ്ക്ക് 12-ന് സമാപിച്ചു. രാവിലെ 8 മണിക്ക് ശ്രേഷ്ഠ കാതോലിക്ക ബാവായേയും അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരേയും നിയുക്ത മെത്രാപ്പോലീത്തയെയും ആചാരപരമായി കത്തീഡ്രല്‍ പാഴ്സനേജില്‍ നിന്ന് വി. മദ്ബഹായിലേയ്ക്ക് ഘോഷയാത്രയായി ആനയിച്ചു.
സഭാ ട്രസ്റ്റി കമാന്‍ഡര്‍ തമ്പു ജോര്‍ജ് തുകലന്‍ കുരിശും, വൈദിക ട്രസ്റ്റി ഫാ. റോയി ജോര്‍ജ് കട്ടച്ചിറ വി. വേദപുസ്തകവും, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു പാത്രിയര്‍ക്കാ പതാകയും വഹിച്ച് മുന്നില്‍ നീങ്ങി. പിന്നീട് മെത്രാപ്പോലീത്തന്മാര് വാഴ്ചാ ക്രമത്തില്‍ അംശവസ്ത്രങ്ങള്‍ ധരിച്ച് മുന്പോട്ട് നീങ്ങിയപ്പോള്‍ ഏറ്റവും പുറകിലായി ശ്രേഷ്ഠ കാതോലിക്ക ബാവായും നിയുക്ത മെത്രാന് സ്ഥാനിയും അണിനിരന്നു. ഗായകസംഘം ഗാനം ആലപിച്ചു. കത്തിച്ച മെഴുകുതിരിയുമായി വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും പിതാക്കന്മാരെ സ്വീകരിച്ച് വി. മദ്ബഹായിലേയ്ക്ക് ആനയിച്ചു. തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ആരംഭിച്ച വി. കുര്‍ബ്ബാന മദ്ധ്യേയായിരുന്നു മെത്രാഭിഷേക ശുശ്രൂഷ.
ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ നിയുക്ത മെത്രാപ്പോലീത്തയെ അംഗീകരിച്ചുകൊണ്ടുള്ള കല്പന അഭിവന്ദ്യ ഗീവര്‍ഗീസ് മോര് അത്താനാസിയോസ് മെത്രാപ്പോലീത്ത വായിച്ചതോടെയാണ് മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിച്ചത്. ശുശ്രൂഷ ക്രമങ്ങളെ കുറിച്ച് അഭിവന്ദ്യ മാത്യൂസ് മോര് അഫ്രേം മെത്രാപ്പോലീത്ത വിശദീകരിച്ചു.
രണ്ടു ഘട്ടമായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷ. നിയുക്ത മെത്രാപ്പോലീത്ത വെള്ള ശിരോവസ്ത്രമണിഞ്ഞ് മദ്ബഹായ്ക്ക് അഭിമുഖമായി മുട്ടുകുത്തിനിന്നു. ശ്രേഷ്ഠ ബാവ ശിരസ്സില്‍ വി. ഗ്രന്ഥം വച്ച് സുവിശേഷ ഭാഗം വായിച്ചു. തുടര്‍ന്ന് നിയുക്ത മെത്രാപ്പോലീത്ത പരി. അന്ത്യോഖ്യാ സിംഹാസനത്തോടും സഭയുടെ കാനോനുകളോടും 2002-ലെ ഭരണഘടനയോടും വിധേയത്വം വിശ്വസ്തതയും ആദരവും പ്രഖ്യാപിക്കുന്ന ഉടമ്പടി പത്രം (ശല്മൂസ) വായിച്ച് ഒപ്പിട്ട് ശ്രേഷ്ഠ ബാവായ്ക്ക് നല്കിയ ശേഷം ശ്രേഷ്ഠ കാതോലിക്ക ബാവായെ വണങ്ങി.
51-ാം സങ്കീര്‍ത്തന വായനയോടെയാണ് രണ്ടാം ഘട്ട ശുശ്രൂഷ തുടങ്ങിയത്. വീണ്ടും വി. ത്രോണോസിനു മുന്നില്‍ നിയുക്ത മെത്രാന് മുട്ടുകുത്തി തല വണങ്ങി നിന്നു. തന്റെ പുറങ്കുപ്പായം കൊണ്ട് നിയുക്ത സ്ഥാനിയെ അണച്ചുപിടിച്ച് പരിശുദ്ധാത്മ നല്വരത്തിനായുള്ള മുഖ്യകാര്‍മ്മികന്റെ പ്രാര്‍ത്ഥനയും ജനസമൂഹത്തിന്റെ കുറിയേലായിസോന്‍ ഘോഷവും അന്തരീക്ഷം ഭക്തിസാന്ദ്രമാക്കി. തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ വന്ദ്യ ഗബ്രിയേല്‍ റമ്പാനെ മോര് ഗ്രിഗോറിയോസ് ഗബ്രിയേല്‍ എന്ന് നാമകരണം ചെയ്തു.
മുഖ്യകാര്മികനില് നിന്നു സ്വീകരിച്ച അംശവസ്ത്രം സഹകാര്‍മികരായ മെത്രാപ്പോലീത്തന്മാര് ചേര്‍ന്ന് നവാഭിഷിക്തനെ ധരിപ്പിച്ചു. ശ്രേഷ്ഠ ബാവ കുരിശുമാല വാഴ്ത്തി അണിയിച്ചു. തുടര്‍ന്നായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. സിംഹാസനങ്ങളിലിരുത്തി വൈദികര്‍ മൂന്നുപ്രാവശ്യം ഉയര്‍ത്തിയപ്പോള്‍ ‘ഇവന് സ്വീകാര്യന്‍’ എന്നര്‍ത്ഥമുള്ള ഓക്സിയോസ് വിളി ഉയര്‍ന്നു. തുടര്‍ന്ന് നിയുക്ത മെത്രാപ്പോലീത്ത വി. ഏവന്‍ഗേലിയോന്‍ വായിച്ചു.
ഇടയജീവിതത്തിന്റെയും വിശ്വാസപാലനത്തിന്റെയും അധികാര ചിഹ്നമായ അംശവടി ബാവ മുകളിലും നവാഭിഷിക്തന് ഏറ്റവും കീഴെയും പിടിച്ചുള്ള കൈമാറ്റം പ്രതീകാത്മകമായി. പരസ്പരാശ്ലേഷണത്തിനിടെ മറശീല വീണു. തുടര്‍ന്ന് നിയുക്ത മെത്രാപ്പോലീത്ത വി. കുര്‍ബ്ബാന ചൊല്ലി പൂര്‍ത്തീകരിച്ചതോടെ നാലരമണിക്കൂര്‍ നീണ്ട ശുശ്രൂഷകള്‍ക്ക് പരിസമാപ്തിയായി.
മെത്രാപ്പോലീത്തമാരായ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി തോമസ് മോര് തീമോത്തിയോസ്, മാത്യൂസ് മോര് ഈവാനിയോസ്, യൂഹാനോന്‍ മോര് മിലിത്തിയോസ്, കുര്യാക്കോസ്
മോര് ദിയസ്കോറോസ്, മാത്യൂസ് മോര് തേവോദോസിയോസ്, മാത്യൂസ് മോര് അഫ്രേം, കുര്യാക്കോസ് മോര് യൗസേബിയോസ്, ഡോ. ഗീവര്‍ഗീസ് മോര് കൂറിലോസ്, മര്‍ക്കോസ് മോര് ക്രിസോസ്റ്റമോസ്, ഏലിയാസ് മോര് അത്താനാസിയോസ്, കുര്യാക്കോസ് മോര് ഗ്രീഗോറിയോസ്, കുര്യാക്കോസ് മോര് ഈവാനിയോസ്, പൗലോസ് മോര് ഐറേനിയോസ്, കുര്യാക്കോസ് മോര് ക്ലീമിസ്, യാക്കോബ് മോര് അന്തോണിയോസ്, സഖറിയാസ് മോര് പീലക്സിനോസ്, ഐസക് മോര് ഒസ്താത്തിയോസ്, ഏലിയാസ് മോര് യൂലിയോസ്, തോമസ് മോര് അലക്സന്ത്രയോസ്, ഡോ. മാത്യൂസ് മോര് അന്തിമോസ്, മാത്യൂസ്
മോര് തീമോത്തിയോസ്, ഗീവര്‍ഗീസ് മോര് സ്തേഫാനോസ്, സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെ സ്വിറ്റ്സര്‍ലന്‍ഡ്-ഓസ്ട്രിയ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മോര് ദിവന്നാസിയോസ് ഇസ ഗുര്‍ബൂസ് മെത്രാപ്പോലീത്ത, സീറോ മലബാര്‍ സഭ കോതമംഗലം രൂപതാ ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മലങ്കര സുറിയാനി കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപതാ ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യോസ് മെത്രാപ്പോലീത്ത, വരാപ്പുഴ അതിരൂപതയുടെ സഹായ മെത്രാന് ഡോ. മാര്‍ ആന്റണി വാലുങ്കല്‍, ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസ്, മാര്‍ത്തോമ്മ സുറിയാനി സഭ വികാരി ജനറല്‍ റവ. ഡോ. സി.എ. വര്‍ഗീസ്, വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം റവ. ഡോ. പോളി, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാന്‍ഡര്‍ തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, വന്ദ്യ കോറെപ്പിസ്കോപ്പമാര്‍, വന്ദ്യ റമ്പാച്ചന്മാര്, ബഹു. വൈദീകര്‍, കന്യാസ്ത്രീകള്‍, വര്‍ക്കിംഗ്- മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ആയിരക്കണക്കിന് വിശ്വാസികള്‍ എന്നിവര്‍ സംബന്ധിച്ചു.
ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സ്മരണാര്‍ത്ഥം താല്‍ക്കാലികമായി ദൈവാലയം നഷ്ടപ്പെട്ട 19 പള്ളികള്‍ക്ക് ഒരുലക്ഷം രൂപ വീതം സാമ്പത്തിക സഹായമായി ശ്രേഷ്ഠ കാതോലിക്ക ബാവ നല്കി.














