ഈജിപ്ത് ● നിഖ്യാ സുന്നഹദോസിൻ്റെ 1700-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ലോക സഭാ കൗൺസിലിൻ്റെ (WCC) ഫെയ്ത്ത് ആൻഡ് ഓർഡർ കമ്മീഷൻ സംഘടിപ്പിച്ച ലോക സമ്മേളനം ഈജിപ്തിലെ കെയ്റോയ്ക്കടുത്ത് വാദി അൽ-നട്രൂണിലുള്ള അൽ-ലോഗോസ് പീപ്പിൾ സെൻ്ററിൽ വെച്ച് ഒക്ടോബർ 23 മുതൽ 28 വരെ നടന്നു. കോപ്റ്റിക് ഓർത്തഡോക്സ് സഭയാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്.
“സഭകളുടെ ദൃശ്യമായ ഐക്യം ഇനി എവിടെ?” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സമ്മേളനത്തിൽ പഠനങ്ങളും ചർച്ചകളും നടന്നത്. ക്രിസ്തീയ സഭകൾ വിശ്വാസപരമായ പ്രതിസന്ധി നേരിട്ട കാലഘട്ടത്തിൽ നിഖ്യായിൽ ഒരുമിച്ച സഭാ പിതാക്കന്മാർ, അടിസ്ഥാന വിശ്വാസം ഉറപ്പിച്ച് വിശ്വാസപ്രമാണം രൂപീകരിച്ചതുപോലെ, ഇന്നത്തെ കാലഘട്ടത്തിലെ പ്രതിസന്ധികൾക്കിടയിൽ സഭകളുടെ ദൃശ്യമായ ഐക്യം എങ്ങനെ സാധ്യമാക്കാം എന്നതായിരുന്നു പ്രധാന ചിന്താവിഷയം.
വൈവിധ്യങ്ങൾക്കിടയിലും സെക്കുലറിസവും പീഡനങ്ങളും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ക്രൈസ്തവ സമൂഹം നേരിടുമ്പോൾ, സഭകളുടെ കൂട്ടായ സാക്ഷ്യവും ഐക്യവും കാലഘട്ടത്തിൻ്റെ അനിവാര്യതയാണ് എന്ന് സമ്മേളനം അടിവരയിട്ടു പറഞ്ഞു. ലോക സമാധാനത്തിനും, പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉയർത്തുന്നതിനും, സാമൂഹ്യ നീതിക്കും വേണ്ടി ക്രൈസ്തവ സഭകൾ ഒരുമിച്ച് ശബ്ദമുയർത്തേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വലിയ ആഹ്വാനവും സമ്മേളനം നൽകി.
ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവ സഭകളിൽ നിന്നുമായി അറുനൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. എല്ലാ ദിവസവും പ്രാർത്ഥനകൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ എന്നിവ നടന്നു. പീഡനങ്ങളിലും പ്രതിസന്ധികളിലും തളരാതെ വിശ്വാസസ്ഥിരതയിലും സാക്ഷ്യത്തിലും മുന്നോട്ടുപോകുന്ന കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ ദയറാകളും ആത്മീയ കേന്ദ്രങ്ങളും പ്രതിനിധികൾ സന്ദർശിച്ചത് ഒരു പ്രത്യേക അനുഭവമായി.
നിഖ്യാ വിശ്വാസം സംരക്ഷിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്ന വിശുദ്ധ അത്താനാസിയോസിൻ്റെ പാരമ്പര്യം ഇന്നും കാത്തുസൂക്ഷിക്കുന്ന കോപ്റ്റിക് സഭയുടെ ആരാധനാ രീതികളും വിശ്വാസ പാരമ്പര്യങ്ങളുടെ ചൈതന്യവും മറ്റ് ക്രൈസ്തവ സഭാവിഭാഗങ്ങൾക്ക് മനസ്സിലാക്കാൻ ഇത് വലിയ അവസരമായി.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വൈദിക സെമിനാരി റെസിഡൻ്റ് മെത്രാപ്പോലീത്തയും ഡബ്ല്യു.സി.സി.യുടെ ഫെയ്ത്ത് ആൻഡ് ഓർഡർ കമ്മീഷൻ അംഗവും, കൂടാതെ ഈ ലോക സമ്മേളനത്തിൻ്റെ സ്റ്റിയറിംഗ് ഗ്രൂപ്പ് അംഗവുമായിരുന്ന അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, പാത്രിയർക്കീസ് ബാവായുടെ ഡമാസ്കസിലെ സിറിയക് സ്റ്റഡീസിൻ്റെ ചുമതലയുള്ള അഭിവന്ദ്യ മോർ സേവേറിയോസ് റോജർ മെത്രാപ്പോലീത്ത എന്നിവർ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക പ്രതിനിധികളായി സമ്മേളനത്തിൽ പങ്കെടുത്തു. അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഗ്ലോബൽ എക്യുമെനിക്കൽ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ട്രെയിനിങ്ങിലെ റിസോഴ്സ് പേഴ്സൺ ആയിരുന്നു. ഫാ. ഡോ. ജേക്കബ് ജോസഫ്: സമ്മേളനത്തിൽ റിസോഴ്സ് പേഴ്സൺ ആയി പങ്കെടുത്തു. അഭിവന്ദ്യ മെത്രാപ്പോലീത്തമാർ കോൺഫറൻസിൻ്റെ വിവിധ മീറ്റിംഗുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു
കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ പോപ്പ് തവാദ്രോസ് രണ്ടാമൻ പാത്രിയർക്കീസ് ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു. 1927-ൽ ലോസാനിൽ നടന്ന ആദ്യ സമ്മേളനത്തിന് ശേഷം സംഘടിപ്പിക്കപ്പെട്ട ആറാമത്തെ ലോക സമ്മേളനമാണിത്. ലോക സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള തങ്ങളുടെ നിയോഗം മറക്കാതെ, സാമൂഹ്യ നീതിക്കുവേണ്ടിയുള്ള ശബ്ദമായി ക്രൈസ്തവ സമൂഹങ്ങൾ മാറണമെന്ന ആഹ്വാനത്തോടെയാണ് സമ്മേളനം സമാപിച്ചത്.
ലോക സമ്മേളനത്തിന് മുന്നോടിയായി ഒക്ടോബർ 22-ന് നടന്ന ഏഷ്യാ മേഖലാ യോഗത്തിൽ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയും ഡോ. മാത്യൂസ് ജോർജും സംയുക്തമായി അധ്യക്ഷത വഹിച്ചു.










