
കുത്താട്ടുകുളം ● സഭയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ചർച്ചകൾക്ക് വാതിൽ തുറന്നിട്ടിരിക്കുന്നുവെന്ന് ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കൂത്താട്ടുകുളം മേഖലയ്ക്കു കീഴിലെ 14 പള്ളികളുടെയും, പൗരാവലിയുടെയും നേതൃത്വത്തിൽ കാതോലിക്ക ബാവായ്ക്കു നൽകിയ സ്വീകരണ പരിപാടിയിലെ മറുപടി പ്രസംഗം നൽകുകയായിരുന്നു ശ്രേഷ്ഠ ബാവ. ചില പള്ളികളിൽ സെമിത്തേരികൾ താഴിട്ടു പൂട്ടുന്ന സ്ഥിതിയാണ്. എല്ലാറ്റിനും പരിഹാരം ഉണ്ടാകണം. സാധ്യതകൾ തട്ടിത്തെറിപ്പിക്കില്ല. നീതി നിഷേധിക്കപ്പെടുന്നത് ചോദ്യം ചെയ്യുന്നത് കോടതിയോടുള്ള അനാദരവല്ല. അവകാശങ്ങൾ വിട്ടുകൊടുക്കാൻ തയാറല്ലെന്നും പോരാട്ടം തുടരുമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
എല്ലാവരെയും ഉൾപ്പെടുത്തി സ്വീകരണവും അനുമോദനവും നൽകിയ കുത്താട്ടുകുളത്തെ പൗരാവലിക്ക് ശ്രേഷ്ഠ ബാവ നന്ദി പറഞ്ഞു. സഭയിലെ വിശ്വാസികൾ മാത്രമല്ല, എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഇതരമതത്തിൽ പെട്ടവരും നൽകുന്ന സ്വീകാര്യതയെ ഹൃദയംകൊണ്ട് ചേർത്തു പിടിക്കുന്നതായി ബാവ പറഞ്ഞു. നല്ല ഹൃദയമുള്ള മനുഷ്യരെ സൃഷ്ടിച്ചെടുക്കയാണ് ലക്ഷ്യം. സഭയ്ക്ക് പ്രതിസന്ധികളുണ്ടെങ്കിലും ആർക്കും തകർക്കാൻ കഴിയില്ല എന്ന് ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. ഒഎൻവിയുടെ കവിതയുൾപ്പെടുത്തിയാണ് ശ്രേഷ്ഠ കാതോലിക്ക ബാവ മറുപടി പ്രസംഗം അവസാനിപ്പിച്ചത്.
ജനത്തിൻ്റെ വിശുദ്ധീകരണമാണ് ശ്രേഷ്ഠ കാതോലിക്ക ബാവ ഏറ്റെടുത്തിരിക്കുന്നതെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഉള്ളിൽ നിന്ന് ഉറവ പോലുള്ള സ്നേഹത്താൽ കാതോലിക്ക ബാവ ഉത്തരവാദിത്വം നിറവേറ്റുമെന്നും, മുന്നിൽ നിന്ന് നയിക്കുമെന്നും മന്ത്രി പറഞ്ഞു. ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് കുത്താട്ടുകുളം കെ.ടി. ജേക്കബ് സ്മാരക ടൗൺ ഹാളിൽ മേഖലയിലെ വിശ്വാസികളും, പൗരാവലിയും ചേർന്ന് നൽകിയ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. പാലാ രൂപത ബിഷപ്പ് ഡോ. ജോസഫ് കല്ലറങ്ങാട് അനുഗ്രഹ പ്രഭാഷണം നടത്തി. ഉള്ളിൽ നിന്നു സംസാരിക്കുന്ന ഉത്തമനായ മനുഷ്യ സ്നേഹിയാണ് ശ്രേഷ്ഠ ബാവായെന്നു ബിഷപ്പ് ഡോ. ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ശേഷ്ഠ ബാവയ്ക്ക് കൂത്താട്ടുകുളം മേഖലയുടെ പ്രത്യേക ഉപഹാരം സമർപ്പിച്ചു.
ജനറൽ കൺവീനർ കെ.എ. തോമസ്, ജോസ് കെ. മാണി എംപി, അഡ്വ. അനൂപ് ജേക്കബ് എംഎൽഎ, അഡ്വ. മാത്യു കുഴൽനാടൻ എംഎൽഎ, കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൺ വിജയാ ശിവൻ, ഫാ. ജയിംസ് കുടിലിൽ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് ആർ. ശ്യാംദാസ്, എസ്എൻഡിപി യൂണിയൻ സെക്രട്ടറി സത്യൻ ചേരിയ്ക്കുവാഴയിൽ, സഭാ വൈദിക ട്രസ്റ്റി റവ. ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, ഫാ. മാത്യു കരീത്തറ, അമ്മിഞ്ഞി മാത്യു, അഡ്വ. പിറ്റർ കെ. ഏലിയാസ്, സംഘാടക സമിതി ചെയർമാൻ ഫാ. പോൾ തോമസ് പീച്ചിയിൽ തുടങ്ങിയവർ സംസാരിച്ചു.
വിവിധ മേഖലയിലെ പ്രമുഖ വ്യക്തികളായ ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ നാരായണൻ നമ്പൂതിരി, വന്ദ്യ കെ.വി. തോമസ് കുപ്പമല പുത്തൻപുര കോറെപ്പിസ്ക്കോപ്പ, ഫാ. കെ.ടി. തോമസ് കാക്കൂർ, ഐസക് പുളിമുട്ടിൽ പുതുവേലി, ബോബി സ്കറിയ കൊച്ചു പടിഞ്ഞാറേക്കര മാറിക, കെ.എ. തോമസ് പാലക്കുഴ, ബേബി കൊച്ചുവിരിപ്പിൽ എന്നിവരെ കാതോലിക്ക ബാവ ആദരിച്ചു. കൂത്താട്ടുകുളം മേഖലയിലെ വൈദീകർ കാതോലിക്ക ബാവായെ സ്വീകരിക്കുന്ന പ്രത്യേക ചടങ്ങും നടന്നു.
കത്തിച്ച മെഴുകുതിരികളുമായി പ്രാർഥനാഗീതങ്ങളുയർത്തി സ്വർണവർണ പതാകകളേന്തിയ നൂറുകണക്കിന് വിശ്വാസികൾ ശ്രേഷ്ഠ കാതോലിക്ക ബാവായെ വരവേറ്റു. ഒലിയപ്പുറം കുരിശുകവലയിലെത്തിച്ചേർന്ന ശ്രേഷ്ഠ ബാവായെ ഫാ. പോൾ പിച്ചിയിലിൻ്റെ നേതൃത്വത്തിൽ വടകര മുത്തപ്പൻ പള്ളിയിലേക്ക് സ്വീകരിച്ചു. വടകര മുത്തപ്പൻ പള്ളിയങ്കണത്തിലെത്തിയ ശ്രേഷ്ഠ ബാവായെ ഫാ. അജു ചാലപ്പുറം കാപ്പയണിയിച്ച് സ്വീകരിച്ചു. അഭിവന്ദ്യ ഡോ. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത, അഡ്വ. പീറ്റർ കെ. ഏലിയാസ്, ഫാ. പോൾ പനച്ചിയിൽ, ഫാ. ജോമോൻ പൈലി, ഫാ. ബിജു ചക്രവേലിൽ ഫാ. ബിനു കോഴിക്കോട്ട്, ഫാ. മനു കോക്കാട്ട്, ഫാ. തോമസ് കാക്കൂർ, ഫാ. ജിജിൻ ജോൺ പാപ്പനാൽ തുടങ്ങിയവർ നേതൃത്വം നൽകി.
ദൈവാലയത്തിനുള്ളിൽ ശ്രേഷ്ഠ ബാവായും വൈദികരും ചേർന്ന് പ്രാർഥന നടത്തി. കൂത്താട്ടുകുളം സ്വകാര്യ ബസ് സ്റ്റാൻഡ് കവലയിൽ നിന്നാണ് സ്വീകരണ ഘോഷയാത്രയാരംഭിച്ചത്. വിശ്വാസികൾ ശ്രേഷ്ഠ ബാവായെ സെൻട്രൽ കവലയിലേക്ക് സ്വീകരിച്ചു. ജനറൽ കൺവീനർ കെ.എ. തോമസ്, ഉല്ലാസ് തോമസ്, പ്രിൻസ് പോൾ ജോൺ, അഡ്വ. ബോബൻ വർഗീസ്, കെ. സാജു എന്നിവർ നേതൃത്വം നൽകി. അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് സമ്മേളനം തുടങ്ങിയത്.
