
പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് ബെന്യാമിൻ ജോസഫ് മെത്രാപ്പോലിത്ത (1949 – 2004) – കുന്നംകുളം ആർത്താറ്റ് സിംഹാസന പള്ളി ഇടവകയിൽ പനയ്ക്കൽ ഉക്രുവിന്റെയും (ജോസഫ്), താണ്ടുവിന്റെയും മകനായി ബെന്നി (തിരുമേനിയുടെ ബാല്യകാല നാമം) 1949 ജൂൺ 24-ാംതീയതി ജനിച്ചു. ഇരട്ട സഹോദരിയായ ബെറ്റിയെ കൂടാതെ ബെന്നിക്ക് ആറ് സഹോദരന്മാരും, നാല് സഹോദരികളുമുണ്ട്. സ്കൂൾ വിദ്യാഭ്യാസം കുന്നംകുളം എം.ജെ.ഡി ഹൈസ്കൂളിലും, പ്രീഡിഗ്രി ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലും, ഗണിതശാസ്ത്രത്തിൽ ഡിഗ്രി പഠനം തൃശൂർ സെന്റ് തോമസ് കോളേജിലും നിർവ്വഹിച്ചു.
വിദ്യാർത്ഥിയായിരുന്ന ബെന്നിയെ കുന്നംകുളം സെന്റ് മേരീസ് സിംഹാസന പള്ളി വികാരിയായിരുന്ന (1961-84) ബഹു കെ.വി കുരിയാക്കോസച്ചൻ (പിന്നീട് അഭിവന്ദ്യ യൂലിയോസ് തിരുമേനി) മദ്ബഹായിലെ ശുശ്രൂഷകൾക്കായി പ്രവേശിപ്പിച്ചു. 1972 ൽ മഞ്ഞിനിക്കര ദയറായിൽ വിദ്യാർത്ഥിയായി ചേർന്ന ബെന്നി അൽമേനിയായിരിക്കെ അന്ത്യോഖ്യാ സിംഹാസന പ്രതിനിധി മോർ തിമൊഥിയോസ് അഫ്രേം ആബൂദി മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. 1973 ജൂൺ 15-ാം തീയതി (സ്വർണ്ണവെള്ളിയാഴ്ച്ച) അഭിവന്ദ്യ അഫ്രേം ആബുദി മെത്രാപ്പോലീത്തായിൽ നിന്നും മഞ്ഞനിക്കര ദയറായിൽവച്ച് കോറൂയോ പട്ടം സ്വീകരിച്ചു. 1974 ൽ ഉപരിപഠനാർത്ഥം ലബനോനിലെ മോർ അഫ്രേം വൈദിക സെമിനാരിയിൽ ചേർന്നു. ലബനോനിലെ ആഭ്യന്തര യുദ്ധ കാലത്ത് ബെന്നി ശെമ്മാശ്ശന്റെ സെമിനാരിയിലെ താമസത്തെക്കുറിച്ചുള്ള സ്മരണകൾ പലപ്പോഴും തിരുമേനി അയവിറക്കാറുണ്ട്. 1977 ജൂലൈ 13-ാം തീയതി പാത്രിയർക്കാ വികാരിയായിരുന്ന മോർ സേവേറിയോസ് ഹാവ മെത്രാപ്പോലീത്തയിൽ നിന്ന് യൗഫദ്ക്ക്നോ പട്ടവും, 1977 ജൂലൈ 14-ാം തീയതി പരി. യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവയിൽ നിന്ന് ശർവോയോ റമ്പാനായും, 1977 ജൂലൈ 16-ാംതീയതി പൂർണ്ണ ശെമ്മാശനായും പട്ടമേറ്റു.
1977-79 കാലഘട്ടത്തിൽ അച്ചാനിയിലെ (Mount Labanon) സെന്റ് എംഫ്രേം സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ ഇംഗ്ലീഷ് അദ്ധ്യാപകനായും, വൈസ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. 1979 ജൂലൈ 15 -ാം തീയതി പരി. യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവയിൽ നിന്ന് കശീശ്ശ പട്ടമേറ്റു. 1979 ഡിസംബറിൽ പരി. പാത്രിയർക്കീസ് ബാവായുടെ മലങ്കര കാര്യങ്ങൾക്കുള്ള സെക്രട്ടറിയായി നിയമിതനായി. 1979-84 കാലയളവിൽ യോർദ്ദാൻ ഇടവകയുടെ വികാരിയായി ചുമതലകൾ നിർവ്വഹിച്ചു.
1980 ൽ ആറു മാസത്തോളം ദുബായിലെ മോർ ഇഗ്നാത്തിയോസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ ശുശ്രൂഷകൾ ചെയ്തു. 1980-84 കാലയളവിൽ പരി. സഖാ ഇവാസ് ഒന്നാമൻ പാത്രിയർക്കീസ് ബാവായുടെ ഒന്നാം സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 1984 ഒക്ടോബർ 7-ാം തീയതി പരി. സഖാ ഒന്നാമൻ പാത്രിയർക്കീസ് ബാവ ദമസ്കോസിലെ സെന്റ് ജോർജ് കത്തീഡ്രലിൽ വച്ച് മോർ ഒസ്താത്തിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തത്തയായി വാഴിച്ചു.
1984 നവംബറിൽ മലങ്കരയിൽ തിരിച്ചെത്തിയ തിരുമേനി കുന്നംകുളം സിംഹാസന പള്ളിയുടെ പൂർണ്ണ ചുമതലയും, മറ്റു സിംഹാസന പള്ളികളുടെയും സ്ഥാപനങ്ങളുടെയും സഹായ മെത്രാപ്പോലീത്തയായും ചുമതലയേറ്റു. 1992 ജനുവരി 24-ാം തീയതി സിംഹാസനപ്പള്ളികളുടെ അഭിവന്ദ്യ യാക്കോബ് മാർ യൂലിയോസ് തിരുമേനി കാലം ചെയ്തപ്പോൾ സിംഹാസനപ്പള്ളികളുടെയും സ്ഥാപനങ്ങളുടെയും മെത്രാപ്പോലീത്തയായി നിയമിതനായി. 1993 ഫെബ്രുവരി 13-ാം തീയതി മഞ്ഞിനിക്കര ദയറായിൽവച്ച് അഭിവന്ദ്യ അഫ്രേം ആബൂദി മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ സുന്ത്രോണിസോ നടത്തി.
കുന്നംകുളം സെന്റ് മേരീസ് സിംഹാസന പള്ളി സംബന്ധിച്ച കേസിൽ 1985 ൽ പരി. ഇഗ്നാത്തിയോസ് സഖാ ഒന്നാമൻ പാതിയർക്കീസ് ബാവായുടെ പവർ ഓഫ് അറ്റോർണി പ്രകാരം കക്ഷി ചേർന്നു. (1961 മുതൽ കെ.വി കുരിയാക്കോസച്ചൻ വികാരിയെന്ന നിലയിലും 1981 മുതൽ പവർ ഓഫ് അറ്റോർണി പ്രകാരവും കേസ് നടത്തി വരികയായിരുന്നു). ഈ കേസിൽ (0 S. No.21983) 29-11-2002 ൽ അനുകൂല വിധിയുണ്ടാകുകയും, അഭിവന്ദ്യ ബെന്യാമിൻ തിരുമേനിയുടെ താല്പര്യപ്രകാരം 2003 മാർച്ചിലെ മോർ ഒസ്താത്തിയോസ് സ്ലീബാ ബാവയുടെ ശ്രാദ്ധം വി. ഒൻപതിന്മേൽ കുർബ്ബാനയോടുകൂടെ ആഘോഷിക്കുകയും ചെയ്തു.
അഭിവന്ദ്യ തിരുമേനി മഞ്ഞനിക്കരയിലും മറ്റു പല സ്ഥലങ്ങളിലും സ്ഥാപനങ്ങൾ പടുത്തുയർത്തിയിട്ടുണ്ട്. മഞ്ഞനിക്കര ദയറായുടെ വടക്കുവശത്തായി തീർത്ഥാടകർക്കുവേണ്ടി മന്ദിരം 7-11-1989 ൽ കല്ലിട്ട് 10-2-1996 ൽ കൂദാശ ചെയ്തു. മഞ്ഞനിക്കര ദയറാപ്പള്ളി പുതുക്കിപ്പണിയുന്നതിനായി രൂപരേഖ തയ്യാറാക്കുകയും, പള്ളിയുടെ തെക്കും പടിഞ്ഞാറും ഭാഗങ്ങൾ ആ രൂപരേഖയനുസരിച്ച് പണിയിപ്പിക്കുകയും ചെയ്തു. 1991 ഫെബ്രുവരി 8-ാം തീയതി കുന്നംകുളത്തിനടുത്ത് പെലക്കാട്ടുപയ്യൂർ കുരിശുപള്ളിക്ക് തറക്കല്ലിട്ട് 1992 മാർച്ചിൽ കൂദാശ ചെയ്തു. 1997 മാർച്ച് 23-ാം തീയതി മഞ്ഞനിക്കരയ്ക്കടുത്ത് ഊന്നുകല്ലിൽ സെന്റ് ഏലിയാസ് സിഹാസനപ്പള്ളിക്ക് തറക്കല്ലിട്ട് 1998 ഒക്ടോബർ 13-ാം തീയതി കൂദാശ ചെയ്തു. 1998ൽ Elias III Benevolent Society രജിസ്റ്റർ ചെയ്ത് പ്രവർത്തന മാരംഭിച്ചു. 1998 ആഗസ്റ്റ് 23-ാം തീയതി കുന്നംകുളത്തിനടുത്ത് അകതിയൂർ സെന്റ് ജോർജ്ജ് സിറിയൻ സിംഹാസന ചാപ്പലിന് തറക്കല്ലിട്ട് 2001 മെയ് 6-ാം തീയതി കൂദാശ ചെയ്തു. 2002 ജൂൺ 30-ാം തീയതി തൃശൂർ സെന്റ് പീറ്റേഴ്സ് സിറിയൻ സിംഹാസന ചാപ്പലിൽ വി. കുർബാന ആരംഭിച്ചു. 2004 ആഗസ്റ്റ് 25-ാം തീയതി നെടുംകണ്ടം സെന്റ് മേരീസ് സിംഹാസനപ്പള്ളി കൂദാശചെയ്ത് വി. കുർബാന അർപ്പിച്ചു. ഇതു കൂടാതെ ആർത്താറ്റ് മോർ ഒസ്താത്തിയോസ് ചാപ്പൽ, പരിശുദ്ധ ഒസ്താത്തിയോസ് കുരിശ്, പോഴോട്ടുമുറി കുരിശ് എന്നിവയും തിരുമേനി കല്ലിട്ട് കൂദാശ ചെയ്തവയിൽ ഉൾപ്പെടുന്നു.
അന്ത്യാഖ്യാ സിംഹാസനം വക മലങ്കരയിലുള്ള പള്ളികളും, ദയറാകളും പലരും കൈവശപ്പെടുത്താൻ ശ്രമിച്ചപ്പോൾ പുണ്യശ്ലോകനായ തിരുമേനി അതിനെതിരെ ശബ്ദമുയർത്തിയിട്ടുണ്ട്. 1996 ഒക്ടോബർ 13-ാം തീയതി അന്ത്യോഖ്യാ സിംഹാസനം വക മലേക്കുരിശ് ദയറാ കണ്ടനാട് ഭദ്രാസനത്തിന്റെ ചുമതലയുണ്ടായിരുന്ന തോമസ് അത്താനാസിയോസ് തിരുമേനി കൈവശപ്പെടുത്താൻ പരിശ്രമം നടത്തി. അഭിവന്ദ്യ തിരുമേനിയുടെ നിശ്ചയദാർഢ്യം കൊണ്ടുമാത്രമാണ് ആ ദയറാ ഇന്ന് അന്ത്യോഖ്യാ സിംഹാസനത്തിന്റെതായി നിലനില്ക്കുന്നത്. അന്ത്യാഖ്യാ സിംഹാസനത്തോടും പരി. പാത്രിയർക്കീസ് ബാവായോടും വിധേയത്വം പുലർത്തുന്ന പള്ളികൾ പൂട്ടിക്കുക എന്നത് 1997 മുതൽ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗത്തിന്റെ ഒരു സമീപനമായിരുന്നു. ആ പരിശ്രമത്തിനെതിരെ കേരളം മുഴുവൻ ഓടി നടന്ന ധീരനായ ഒരു തിരുമേനിയായിരുന്നു ബെന്യാമിൻ തിരുമേനി. കട്ടച്ചിറ, മംഗലംഡാം, ഏരുക്കുംചിറ, കണ്യാട്ടുനിരപ്പ്, കടമറ്റം, കോലഞ്ചേരി, ഊരമന, ചാലിശ്ശേരി, ചെറുതോണി എന്നിവടങ്ങളിലെല്ലാം തിരുമേനി പലതവണ ഓടിയെത്തുകയും ഒന്നിലധികം ദിവസം താമസിക്കുകയും ചെയ്തിട്ടുണ്ട്. 1982 മുതൽ കടുത്ത പ്രമേഹ രോഗിയായിരുന്നെങ്കിലും അന്ത്യോഖ്യാ വിശ്വാസ സംരക്ഷണത്തിന് രോഗം തടസ്സമായിരുന്നില്ല. അന്ത്യോഖ്യാ വിശ്വാസ സംരക്ഷണസമിതി, കേഫാ എന്നീ സംഘടനകളുടെ നേതൃത്വം വഹിച്ചിരുന്നു.
2004 ജൂൺ 13-ാം തീയതി ഞായറാഴ്ച തിരുമേനി തൃശൂർ സെന്റ് പീറ്റേഴ്സ് സിറിയൻ സിഹാസന ചാപ്പലിൽ വി. കുർബാന അർപ്പിച്ചു. ഉച്ചയോടെ കുന്നംകുളം സിംഹാസന പള്ളിയിലെത്തി. നേരത്തെ നടത്തിയ പരിശോധനകളിൽ ഹ്യദ് രോഗമുണ്ടെന്നും ഓപ്പറേഷൻ ആവശ്യമാണെന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടും അതിന്റെ ഒന്നും ആവശ്യമില്ല, എനിക്കൊരു കുഴപ്പവുമില്ല, എന്നൊക്കെ കല്പിക്കുമായിരുന്നു. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഞായറാഴ്ച വൈകിട്ട് പരിശോധനയ് ക്കായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 14-ാം തീയതി തിങ്കളാഴ്ച രാവിലെ പത്രം വായിച്ചുകൊണ്ടിരുന്നപ്പോൾ അസ്വാസ്ഥ്യം തോന്നി, ഒരു വശത്തിനു ബലക്ഷയം സംഭവിച്ചു. ഉടനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രോഗനിലയിൽ മാറ്റമില്ലാതെ തുടർന്നു. 2004 ജൂൺ 17-ാം തീയതി വ്യാഴാഴ്ച പുലർച്ചെ 2.42 ന് തൃശൂർ ഹോസ്പിറ്റലിൽ വച്ച് കാലം ചെയ്തു.
രാവിലെ 10 മണിയോടെ ഭൗതികശരീരം വിലാപയാത്രയായി. മാതൃ ദേവാലയമായ കുന്നംകുളം സെന്റ് മേരീസ് സിറിയൻ സിംഹാസനപ്പള്ളിയിലേക്കു കൊണ്ടുപോയി പൊതു ദർശനത്തിനു വെച്ചു. ജൂൺ 18-ാം തീയതി വെള്ളിയാഴ്ച വി. കുർബാനയ്ക്ക ശേഷം രാവിലെ 8.30 ന് ഭൗതിക ശരീരം കുന്നംകുളം തെക്കെ അങ്ങാടി, പാറയിൽ സെന്റ് തോമസ് സിംഹാസന ചാപ്പൽ, പാറനൂർ മോർ ഒസ്താത്തിയോസ് കുരിശ്, അങ്കമാലി, കളമശ്ശേരി, കരിങ്ങാച്ചിറ, മലേക്കുരിശ് ദയറ, മുളന്തുരുത്തി പെരുമ്പള്ളി സിംഹസനപ്പള്ളി ഏറ്റുമാനൂർ, പേരൂർ പള്ളി, തിരുവഞ്ചൂർ പള്ളി ,മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ, കോട്ടയം സിംഹാസനപ്പള്ളി, ചിങ്ങവനം ദയറ, തിരുവല്ല സിഹാസന പള്ളി പത്തനംതിട്ട, ഓമല്ലൂർ കുരിശ് വഴി രാത്രി 10 മണിയോടെ മഞ്ഞനിക്കര ദയറായിലെത്തിച്ചു.
ജൂൺ 19-ാം തീയതി ശനിയാഴ്ച ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ പ്രധാന കാർമ്മികത്വത്തിൽ വി. കുർബാനയും തുടർന്ന് കബറടക്ക ശുശ്രൂഷയും നടന്നു. തിരുമേനി ആഗ്രഹിച്ചിരുന്ന സ്ഥലത്തുതന്നെ കബർ തയ്യാറാക്കി. 20 വർഷം മഞ്ഞിനിക്കര ദയറായിൽ ശുശ്രൂഷകൾ നടത്തിയ തിരുമേനിയുടെ ഓർമ്മ ജൂൺ 17-ാം തീയതി പരി.സഭ ആചരിക്കുന്നു. പുണ്യ പിതാവിന്റെ ഓർമ്മയും മദ്ധ്യസ്ഥതയും അനുഗ്രഹകരമായി തീരട്ടെ.

