
പെരുമ്പാവൂർ ● സമൂഹം വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലഘട്ടത്തിൽ വനിതകൾ മിഷണറികൾ ആകണമെന്നും, തങ്ങൾക്കുള്ളവ പരസ്പരം പങ്കുവച്ചുകൊണ്ട് സമൂഹത്തിൽ ദാരിദ്ര നിർമാർജനത്തിന് വനിതാ സമാജം നേതൃത്വം നൽകണമെന്നും, ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആഹ്വാനം ചെയ്തു.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിൻ്റെ ദേശീയ വാർഷിക സമ്മേളനം തുരുത്തിപ്ലി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രേഷ്ഠ ബാവ. ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി.
വനിതാ സമാജം പ്രസിഡന്റ് അഭിവന്ദ്യ മോർ പീലകസിനോസ് സഖറിയാസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ക്ലാസ് നയിച്ചു.
അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
അഞ്ചു പേർക്ക് വിവാഹ ധന സഹായം വിതരണം ചെയ്തു. ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവാ സ്മാരക ഭവനത്തിൻ്റെ താക്കോൽ കൈമാറി. യൂറോപ്പ് ഭദ്രാസനം എക്സലൻസി അവാർഡ് ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും ഏറ്റവും നല്ല യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ട കാക്കനാട് നിലംപതിഞ്ഞിമുകൾ സെന്റ് തോമസ് പള്ളിയ്ക്കു സമ്മാനിച്ചു. ഏറ്റവും നല്ല ഭദ്രാസനം, യൂണിറ്റ് അവാർഡുകളും സമ്മേളനത്തിൽ വിതരണം ചെയ്തു.
വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി എൽദോസ്, വനിതാ സമാജം ജനറൽ സെക്രട്ടറി മേരിക്കുട്ടി പീറ്റർ വേലംപറമ്പിൽ, ട്രഷറർ ശലോമി പൗലോസ്, സൂസി ജോർജ്, ഫാ. സജി ജേക്കബ് മുണ്ടയ്ക്കൽ, ഫാ. എബിൻ കെ. ഏലിയാസ്, ഫാ. എൽദോസ് തുരുത്തേൽ, എം.പി. മത്തായി, ജിൻസ് ജോർജ്, സിജോ മാത്യു, റെജി മോൻ പി.വി, അമ്മിണി മാത്യൂ എന്നിവർ പ്രസംഗിച്ചു. സഭയോടുള്ള ഭക്തിപ്രമേയവും, പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായോടുള്ള അനുശോചനവും യോഗത്തിൽ രേഖപ്പെടുത്തി.







