
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായും സുറിയാനി മല്പാനുമായിരുന്ന പുണ്യശ്ലോകനായ മർക്കോസ് മോർ കൂറീലോസ് മെത്രാപ്പോലീത്തായുടെ 20-ാമത് ശ്രാദ്ധപ്പെരുന്നാൾ മെയ് 30 ന് പരിശുദ്ധ സുറിയാനി സഭ കൊണ്ടാടുന്നു. 1946 ഒക്ടോബർ 6 ന് കോട്ടയം നട്ടശ്ശേരിയിലെ രാമന്തര കുടുംബത്തിൽ വർക്കി, ഏലിയാമ്മ ദമ്പതികളുടെ മകനായാണ് ജനനം. കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് ബി.എ ബിരുദവും കോട്ടയം എം.ഡി സെമിനാരിയിൽ നിന്ന് ജി.എസ്.ടി ബിരുദവും നേടിയിട്ടുള്ള പുണ്യ പിതാവിനെ 1970 മെയ് 7 ന് കോട്ടയം ഭദ്രാസനത്തിലെ വടവാതുർ മോർ അപ്രേം യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് പുണ്യശ്ലോകനായ പൗലോസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്ത (ശ്രേഷ്ഠ ബസ്സേലിയോസ് പൗലൂസ് ദ്വിതീയൻ ബാവ) ശെമ്മാശപട്ടം നൽകുകയും 1974 മാർച്ച് 25 വചനിപ്പ് പെരുന്നാൾ ദിവസം പുണ്യശ്ലോകനായ മോർ ഗ്രിഗോറിയോസ് ഗീവർഗീസ് (പെരുമ്പള്ളി തിരുമേനി) പുണ്യവാനായ പിതാവിനെ പൗരോഹിത്യ സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്തു. തുടർന്ന് കുറിച്ചി പുത്തൻപള്ളി, പങ്ങട പള്ളി, ബഹ്റൈൻ, റൂർക്കേല, ഭിലായ് എന്നീ ദൈവാലയങ്ങളിലും വൈദികനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വളരെ ലളിത ജീവിത തൽപരനായിരുന്നു തിരുമേനി. മുളന്തുരുത്തി വെട്ടിക്കൽ സെമിനാരിയിൽ സേവനമനുഷ്ഠിക്കുന്ന കാലയളവിൽ മുളന്തുരുത്തി കരവട്ടെ കുരിശിങ്കൽ ബസ് ഇറങ്ങിയ ശേഷം അവിടെ നിന്നും കാൽനടയായാണ് വെട്ടിക്കൽ സെമിനാരിയിലേക്ക് പോയിരുന്നത്.
മുളന്തൂരുത്തി സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിലെ സിറിയക് ഡിപ്പാർട്ട്മെന്റിന്റെ തലവനും കോട്ടയം ഭദ്രാസനത്തിന്റെ ജേണൽ ചീഫ് എഡിറ്ററുമായിരുന്നു. 2000 ഓഗസ്റ്റ് 6 ന് പെരുമ്പിള്ളി സെന്റ് ജോർജ്ജ് സിംഹാസന പള്ളിയിൽ വെച്ച് അഭി. കുര്യാക്കോസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത മർക്കോസ് എന്ന പേരിൽ പിതാവിന് റമ്പാൻ സ്ഥാനം നൽകി. 2001 ജനുവരി 14 ന് പരി. ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ കണ്ടനാട് ഭദ്രാസനാധിപൻ അഭി. മാത്യൂസ് മോർ ഈവാനിയോസ് തിരുമേനിയൊടൊപ്പം മർക്കോസ് മോർ കൂറിലോസ് എന്ന നാമത്തിൽ പുണ്യ പിതാവിനെ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തി.
2001 മുതൽ 2003 വരെ രണ്ട് വർഷത്തോളം കൊല്ലം, തുമ്പമൺ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുറിയാനി പണ്ഡിതനായ അഭിവന്ദ്യ പിതാവ് കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ സിറിയക്കിന്റെ പരീക്ഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം സെന്റ് എഫ്രേം സിറിയക് റിസർച്ച് സെന്ററിലെ സിറിയക് അദ്ധ്യാപകനുമായിരുന്നു. സരസനും നല്ല നർമ്മബോധവുമുള്ള പിതാവായിരുന്നു മോർ കൂറിലോസ് തിരുമേനി. നർമ്മത്തിന്റെ സ്പർശം ഉപയോഗിച്ച് നന്നായി വിവരിച്ച ഉപമകളോടെ സാധാരണക്കാരുടെ ഹൃദയത്തെ സ്പർശിക്കാൻ കഴിവുള്ള ഒരു ഗംഭീര പ്രഭാഷകൻ കൂടിയായിരുന്നു അഭിവന്ദ്യ പിതാവ്.
2005 മെയ് 30 ന് പുണ്യവാനായ പിതാവ് തന്റെ ഈ ഭൂമിയിലെ തന്നെ സുവിശേഷ ദൗത്യം പൂർത്തിയാക്കി തന്റെ നാഥങ്കലേക്ക് വാങ്ങിപ്പോയി. ലോകത്തു നിന്നും ദൈവം വിളിച്ചു വേർതിരിച്ച ഈ പിതാവിന്റെ ഭൗതിക ശരീരം പിതാവിന്റെ ആഗ്രഹപ്രകാരം കോട്ടയം ജില്ലയിലെ പാമ്പാടിക്ക് സമീപമുള്ള പങ്ങട സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടക്കി. പുണ്യശ്ലോകനായ പിതാവിന്റെ ഓർമ്മ നമുക്ക് അനുഗ്രഹമാകട്ടെ.
