
പെരുമ്പാവൂർ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിൻ്റെ 2024-2025 വർഷത്തെ വാർഷിക ദേശീയ സമ്മേളനവും ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണവും മെയ് 30 വെള്ളിയാഴ്ച അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ തുരുത്തിപ്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ നടക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്യും. വനിതാ സമാജം പ്രസിഡൻ്റ് അഭിവന്ദ്യ മോർ പീലക്സീനോസ് സഖറിയാസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേൽ ബൈബിൾ ക്ലാസിന് നേതൃത്വം നൽകും.
സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരായ ഡോ. മോർ സേവേറിയോസ് എബ്രാഹം, മോർ തീമോത്തിയോസ് തോമസ്, മോർ ഈവാനിയോസ് മാത്യൂസ്, ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ അഫ്രേം മാത്യൂസ്, മോർ യൗസേബിയോസ് കുര്യാക്കോസ്, മോർ അത്താനാസിയോസ് ഏലിയാസ്, മോർ ക്ലീമീസ് കുര്യാക്കോസ്, മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ തീമോത്തിയോസ് മാത്യൂസ് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.
രാവിലെ 8 മണിക്ക് രജിസ്ട്രേഷനോടെ ക്യാമ്പ് ആരംഭിക്കും. 10 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ തുരുത്തിപ്ലി വലിയ പള്ളി വികാരി ഫാ. സജി ജോബ് മുണ്ടയ്ക്കൽ സ്വാഗതം ആശംസിക്കും. അഖില മലങ്കര മർത്തമറിയം വനിതാ സമാജം വൈസ് പ്രസിഡൻ്റ് ഫാ. കുര്യാക്കോസ് കടവുംഭാഗം ആമുഖ സന്ദേശം നൽകും. തുടർന്ന് ശ്രേഷ്ഠ ബാവായെ ദൈവാലയത്തിൽ നിന്ന് സ്വീകരിച്ച് ആനയിക്കും. അഭിവന്ദ്യരായ പിതാക്കന്മാർ അനുഗ്രഹ പ്രഭാഷണം നടത്തും. വിവാഹ സഹായ ഫണ്ട് വിതരണം, പുണ്യശ്ലോകനായ ബസ്സേലിയോസ് തോമസ് പ്രഥമൻ സ്മാരക ഭവനത്തിൻ്റെ താക്കോൽ ദാനം നിർവ്വഹണം, എൻഡോവ്മെന്റ് വിതരണം, യൂറോപ്പ് ഭദ്രാസന എക്സലൻസി അവാർഡ് വിതരണം എന്നിവ ചടങ്ങിൽ നടക്കും.
അഖില മലങ്കര മർത്തമറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ബെസ്ക്ക്യാമ്മ മേരിക്കുട്ടി പീറ്റർ വേലംപറമ്പിൽ റിപ്പോർട്ട് അവതരണവും ട്രഷറർ ശലോമി പൗലോസ് കണക്ക് അവതരണവും നടത്തും. ബെന്നി ബഹന്നാൻ എം.പി., എൽദോസ് കുന്നപ്പിള്ളി എം.എൽ.എ., സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, സഭാ അൽമായ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ്ജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി മാത്യു, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. എൽദോസ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. തുടർന്ന് സമ്മാനദാനം, കലാ പരിപാടികൾ എന്നിവ ഉണ്ടാകും.
വാർഷിക ദേശീയ സമ്മേളനം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
