
കോതമംഗലം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനം കോതമംഗലം മേഖലയുടെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയിൽ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവായെ മേഖലാധിപൻ അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്തയും, മേഖലയിലെ വൈദികരും ചേർന്നു സ്വീകരിച്ചു. ധൂപ പ്രാർത്ഥനയ്ക്ക് ശേഷം വാഹന റാലിയോടെ ചേലാട് സെൻ്റ് സ്റ്റീഫൻസ് ബെസ് അനിയ വലിയ പള്ളിയിൽ എത്തിച്ചേർന്ന് പ്രാർത്ഥനയ്ക്ക് ശേഷം സമ്മേളന നഗരിയിൽ പ്രവേശിച്ചു.
പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായെ സ്മരിച്ചു കൊണ്ട് അനുസ്മരണ പ്രാർത്ഥന നടന്നു. മേഖലാധിപൻ അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്കുള്ള മംഗള പത്ര അവതരണം കോതമംഗലം മേഖലയുടെ സെക്രട്ടറി ഫാ. എൽദോസ് പുൽപ്പറമ്പിൽ അവതരിപ്പിച്ചു. തുടർന്ന് കാതോലിക്ക ബാവയ്ക്ക് മംഗള പത്ര സമർപ്പണം എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത സമ്മാനിച്ചു.
കോതമംഗലം മേഖലയുടെ ഉപഹാര സമർപ്പണം അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്തായും മൂവാറ്റുപുഴ, അങ്കമാലി മേഖല മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തായും ചേർന്ന് നൽകി.
പൗരസ്ത്യ സുവിശേഷ സമാജം മൊത്രപ്പോലീത്ത അഭിവന്ദ്യ മർക്കോസ് മോർ ക്രിസോസ്റ്റമോസ് മൊത്രപ്പോലീത്ത, ഡീൻ കുര്യാക്കോസ് എംപി, ജനറൽ കൺവീനർ ഫാ. ജോസ് ജോൺ പരണായിൽ, കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ ടോമി, എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ ദാനി, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയം, കവിളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിബി മാത്യു പ്രസിഡൻ്റ്, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രശേഖരൻ നായർ, പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെയിസൻ ദാനിയൽ, കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി ഗോപി, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി, അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി റോയി ഇടയത്തുകുടി എന്നിവർ സംസാരിച്ചു.
സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, ഷെവ. ടി.യു. കുരുവിള, സഭാ വർക്കിംഗ് കമ്മിറ്റി മെമ്പേഴ്സ് ബാബു പീച്ചിക്കര, എൽദോസ് മേനോത്തുമാലി, ചേലാട് പള്ളി ട്രസ്റ്റിമാരായ റോയി അപ്പയ്ക്കൽ, റെജി സൈമൺ കൊട്ടിശ്ശേരിക്കുടി, ചേലാട് സെൻ്റ് സ്റ്റീഫൻസ് ബെസ് അനിയ പള്ളി വികാരി ഫാ. എൽദോസ് തോമ്പ്ര എന്നിവർ പങ്കെടുത്തു.







