
ഒലിവ് മലയ്ക്ക് കിഴക്കുള്ള ബെത്ത് ഫാഗ യിൽ നിന്നു ജറുസലമിലേക്കു യേശു നടത്തിയ രാജകീയ യാത്രയുടെ ഓർമ പുതുക്കുന്ന ദിനമാണ് ഓശാനപ്പെരുന്നാൾ. ക്രിസ്തുവിന്റെ മഹത്വകരമായ രണ്ടാം വരവിൻ്റെ മുൻകുറി ആയിരുന്നു ആ യാത്ര എന്നാണു സഭാ പി താക്കന്മാർ പഠിപ്പിക്കുന്നത്.
പെസഹാ പെരുന്നാളിന് 6 ദിവസം മുൻപു റോമൻ ഗവർണറായ പീലാത്തോസും ഹേറോദേസ് രാജാവും വലിയ സൈനിക അകമ്പടിയോടെ ജറുസലമിലേക്കു രാജകീയമായി അധികാര ഗർവോടെ എഴുന്നള്ളിയിരുന്നതായി ചരിത്രകാരനായ ജോസേഫുസ് പറയുന്നു. യേശു ജറുസലമിലേക്കു പ്രവേശിക്കുന്നതും ഈ ദിവസം തന്നെയാണ്. ഗവർണറും രാജാ വും ഗർവോടെ എഴുന്നള്ളിയപ്പോൾ ജനം വെറുപ്പോടും പുചഛത്തോടും അവരെ കണ്ടു. എന്നാൽ യേശു വിനയാന്വിതനായി കഴുതപ്പുറത്തു സമാധാന രാജാവായി എഴുന്നള്ളിയപ്പോൾ ജനം സ്നേഹത്തോടും ആദരവോടും ഓശാന വിളികളോടും ഒലിവിൻ ചില്ലകൾ പിടിച്ചും വഴിയിൽ വസ്ത്രങ്ങൾ വിരിച്ചും സന്തോഷപൂർവം സ്വീകരിച്ചു.
അധികാര ഗർവോടെ പെരു മാറുന്നവരെക്കാൾ വിനയമുള്ള വരെയാണു ജനം സ്വീകരിക്കുന്നതും ആദരിക്കുന്നതും അംഗീകരിക്കുന്നതുമെന്ന് ഓശാന പെരുന്നാൾ ഓർമിപ്പിക്കുന്നു. കുതിരപ്പുറത്തു വരുന്ന രാജാവ് യുദ്ധത്തിൻ്റെ കാഹളവുമായി വരുന്നവനാണ്. കഴുതപ്പുറത്തു വരുന്ന രാജാവ് സമാധാന പ്രിയനാണ്. ക്രിസ്തു പ്രഘോഷിക്കുന്നതു സമാധാനത്തിന്റെ സുവിശേഷമാണ്.
രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങളും മതങ്ങളിൽ വർഗീയചിന്തകളും പ്രത്യയശാസ്ത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകളും സംഘടനകളിൽ വിഭാഗീയതയും കുടുംബങ്ങളിൽ കലഹങ്ങളും വ്യക്തികളിൽ അസ്വസ്ഥതകളും നിറഞ്ഞു സമാധാനം അന്യമാവുന്ന ഈ കാലത്ത്, കഴുതപ്പുറത്ത് എഴുന്നള്ളിയ ക്രിസ്തു ഓർമപ്പെടുത്തുന്നതു സമാധാനപ്രിയരാകുക, സമാധാനം ഉണ്ടാക്കുക എന്നാണ്.
മഹത്വത്തോടുകൂടിയ ക്രിസ്തുവിൻ്റെ ജറുസലം പ്രവേശനത്തെപ്പറ്റി വിവരിക്കുന്ന 3 സുവിശേഷങ്ങളിലും ഒരുപോലെ പറയുന്ന ഒരു വാക്യമാണ് “കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യമുണ്ട്” ഏറ്റവും ബുദ്ധി കുറഞ്ഞ മൃഗമായി, പരിഹാസ പാത്രമായി പറയപ്പെടുന്ന, തരം താണ ജോലികൾക്കായി സ്ഥിരം ഉപയോഗിക്കുന്ന, ആർക്കും വേണ്ടാത്ത കഴുതക്കുട്ടിയെക്കുറിച്ചാണു യേശു പറയുന്നത്; എനിക്ക് ഇതിനെ കൊണ്ട് ആവശ്യമുണ്ട് എന്ന്.
കർത്താവ് കഴുതയുടെ ആത്മാഭിമാനത്തെ ഉയർത്തി അതിൻ്റെ സകല നികൃഷ്ടതയും നീക്കി സ്നേഹത്തോടെ ഒപ്പം കൂട്ടുന്നു. ഏറ്റവും നിസ്സാരനായ, നിസ്സഹായനായ കഴുത എല്ലാവരുടെയും ശ്രദ്ധാകേന്ദ്രവും വിലയുള്ളവനുമായി അന്നു മാറുന്നു.