കോട്ടയം ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മോർ അന്തോണിയോസ് ഇവാഞ്ചലിക്കൽ മിഷൻ (എ.ഇ.എം) ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായി നിർമ്മിച്ച ‘കനാൻ വയോജന സംരക്ഷണ വില്ലേജ്’ ജൂലൈ 18-ന് സമർപ്പിക്കും.
സാന്ത്വനത്തിന്റെയും കാരുണ്യത്തിന്റെയും പുതിയ അധ്യായത്തിന് തുടക്കമാകുന്ന ചടങ്ങുകൾ ജൂലൈ 18 ശനിയാഴ്ച വൈകിട്ട് മോർ അന്തോണിയോസ് നഗറിൽ നടക്കും. വൈകിട്ട് 3-ന് തിരുവഞ്ചൂർ-ഏറ്റുമാനൂർ ബൈപ്പാസിൽ പുതുതായി നിർമിച്ച മന്ദിരത്തിന്റെ കൂദാശയും, വൈകിട്ട് 4-ന് തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ജൂബിലി ആഘോഷ ഉദ്ഘാടനവും നടക്കും.
മന്ദിര കൂദാശ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിക്കും. ‘കനാൻ വയോജന സംരക്ഷണ വില്ലേജ്’ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടറും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപനുമായ അഭിവന്ദ്യ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന വിവിധ ജീവകാരുണ്യ പദ്ധതികളുടെ ജൂബിലി ആഘോഷം ബഹുമാനപ്പെട്ട സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കോട്ടയം എം.പി. ശ്രീ. ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണം നടത്തും.
ശ്രീ. ചാണ്ടി ഉമ്മൻ എം.എൽ.എ, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ തോമസ് മോർ തീമോത്തിയോസ്, മാത്യൂസ് മോർ അഫ്രേം, മാത്യൂസ് മോർ തിമോത്തിയോസ്, മുൻമന്ത്രി വി.എൻ. വാസവൻ, റബർ ബോർഡ് ചെയർമാൻ എൻ. ഹരി, അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത രാധാകൃഷ്ണൻ, പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി. ഐപ്പ്, സംഘാടക സമിതി കൺവീനർ അനിയൻ മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാകുമാരി സലിമോൻ, അയർക്കുന്നം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി നാഗമറ്റം എന്നിവരുൾപ്പെടെ സഭാ മേലധ്യക്ഷന്മാരും ജനപ്രതിനിധികളും ചടങ്ങിൽ ആശംസകൾ അർപ്പിക്കും.
സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായി ഒരുങ്ങുന്ന ഈ സീനിയർ ലിവിങ് ഹോം, വയോജന സംരക്ഷണ മേഖലയിലെ ശ്രദ്ധേയമായ സേവന സംരംഭമായി മാറുന്നതിനൊപ്പം ഏകദേശം നൂറോളം പേർക്ക് തൊഴിൽ അവസരവും സൃഷ്ടിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
കൂദാശയും പൊതുസമ്മേളനവും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
