
പുത്തൻകുരിശ് ● ‘അങ്ങ് സര്‍വഥാ യോഗ്യന്‍, അങ്ങയെ ഞങ്ങള്‍ അംഗീകരിക്കുന്നു’ എന്നര്‍ഥമുള്ള ഓക്സിയോസ് വിളികള്‍ മുഴങ്ങിയ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവയായി മോര് ബസേലിയോസ് ജോസഫ് സ്ഥാനാരോഹണം ചെയ്തു. പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വിവിധ നാടുകളില്‍നിന്നെത്തിയ വിശ്വാസികളും വൈദികരുമുള്പ്പെടുന്ന വന്‍ജനാവലിയെ സാക്ഷിയാക്കിയാണു ചടങ്ങ് നടന്നത്. ശുശ്രൂഷയ്ക്ക് എബ്രഹാം മോര് സേവേറിയോസ് വലിയ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. യാക്കോബായ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും കത്തോലിക്കാസഭയിലെ മേജര്‍ ആര്‍ച്ചുബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍, കർദ്ദിനാൾ മോർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ എന്നിവരും സഹകാര്‍മികരായിരുന്നു.
വൈകിട്ട് മൂന്നരയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പാത്രിയര്‍ക്കാ സെന്ററില്‍നിന്നു ശ്രേഷ്ഠ ബാവയെ വിശ്വാസിസമൂഹം രാജോചിതമായ വരവേല്‍പ്പു നല്കി കത്തീഡ്രലിലേക്കു സ്വീകരിച്ചാനയിച്ച ചടങ്ങായിരുന്നു തുടക്കം. പന്തലില്‍ പ്രവേശിച്ച ബാവയെ തോബശ്ലോം എന്നു തുടങ്ങുന്ന സ്വാഗതഗാനം ആലപിച്ചാണു വിശ്വാസിസമൂഹം സ്വാഗതം ചെയ്തത്.
പരമ്പരാഗത ആചാരപ്രകാരം സഭാ അല്മായ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍ മരക്കുരിശും വൈദിക ട്രസ്റ്റി ഫാ. റോയ് ജോര്‍ജ് കട്ടച്ചിറ ബൈബിളും സഭാസെക്രട്ടറി ജേക്കബ് സി. മാത്യു പാത്രിയര്‍ക്കാ പതാകയും സ്ലീബ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ മെഴുകുതിരിയും വഹിച്ച് മുന്നില്‍ നീങ്ങി. തൊട്ടുപിന്നില്‍ സീനിയോറിറ്റി ക്രമപ്രകാരം ഒറ്റവരിയായി മെത്രാപ്പോലീത്തമാരും പള്ളിയില്‍ പ്രവേശിച്ചു. ഏറ്റവും പിന്നിലായി നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്കാ ബാവയും. ധൂപാര്പ്പണത്തോടെയാണ് പള്ളിയില്‍ ശുശ്രൂഷകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കബറില്‍ ധൂപപ്രാര്‍ഥന അര്‍പ്പിച്ച ശേഷം സുന്ത്രോണീസോ (സിംഹാസനാരോഹണം) ശുശ്രൂഷയ്ക്കായി ശ്രേഷ്ഠ ബാവയും കാര്‍മ്മികരും മദ്ബഹായില്‍ പ്രവേശിച്ചു.
പ്രാരംഭ പ്രാര്‍ഥനയ്ക്കുശേഷം നവാഭിഷിക്തന് പടിഞ്ഞാറുതിരിഞ്ഞ് മദ്ബഹാ മധ്യേ സിംഹാനസത്തില് ഉപവിഷ്ടനായി. അംശവസ്ത്രങ്ങളണിഞ്ഞ് സഹകാര്‍മികരായ മെത്രാന്മാര് നാലുപേര്‍ വീതം ഇരുവശത്തുമിരുന്നു.
പ്രധാന കാര്‍മികനായ എബ്രഹാം മോര് സേവേറിയോസാണു പ്രാര്‍ഥനയ്ക്കു തുടക്കം കുറിച്ചത്. മാര്‍ റാഫേല്‍ തട്ടിലും ക്ലിമീസ് ബാവയും സഹകാര്‍മികരായി. പരി. പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായെത്തിയ ബെയ്റൂട്ട് ആര്‍ച്ചുബിഷപ്പ് മോര് ഡാനിയേല്‍ ക്ലിമീസ്, പാത്രിയര്‍ക്കീസ് ബാവയുടെ സെക്രട്ടറിയും ഹോംസിലെ ആര്‍ച്ചുബിഷപ്പുമായ മോര് തിമോഥിയോസ് മത്താ അല്‍ ഘോറി, ആലപ്പോ ആര്‍ച്ചുബിഷപ്പ് മോര് ബുട്രോസ് അല്‍ ഖാസിം എന്നിവരും മാത്യൂസ് മോര് ഇവാനിയോസ്, കുര്യാക്കോസ് മോര് ദിയസ്കോറോസ്, ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ്, കുര്യാക്കോസ് മോര് ഗ്രിഗോറിയോസ് എന്നിവരുമായിരുന്നു മറ്റു സഹകാര്‍മ്മികര്‍.
സിറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, സിറോ മലങ്കര മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവര്‍ മദ്ബഹയിലെ ശുശ്രൂഷയില്‍ സഹകാര്മ്മികരായതു ശ്രദ്ധേയമായി.
കാതോലിക്ക ബാവ സിഹാസനത്തിലിരുന്നു യോഹന്നാന്റെ സുവിശേഷത്തിലെ മര്‍മ്മപ്രധാനമായ ഭാഗം വായിച്ചു. ‘ഞാന്‍ സത്യമായും സത്യമായും നിങ്ങളോടു പറയുന്നു’ എന്നു തുടങ്ങുന്ന ഹൃദയസ്പര്‍ശിയായ വാക്യങ്ങളാണു വായിച്ചത്. തുടര്‍ന്നു ‘കുറിയോലിസോന്’ എന്നു വിശ്വാസിസമൂഹം ഏറ്റുചൊല്ലി.
അതിനുശേഷമാണു ഓക്സിയോസ് നടന്നത്. അന്തരീക്ഷത്തില്‍ ഓക്സിയോസ് ആലാപനം ഉയരവേ, ശ്രേഷ്ഠ ബാവയെ സിംഹാസനത്തിലിരുത്തി മൂന്നുതവണ ഉയര്‍ത്തി. ആ സമയം സ്ലീബ ഉയര്‍ത്തി ബാവ വിശ്വാസികളെ മൂന്നുവട്ടം ആശിര്‍വദിച്ചു. പരി. പാത്രിയര്‍ക്കീസ് നല്കിയ അധികാരപത്രം (സുസ്താത്തിക്കോന്‍) ഡാനിയേല്‍ മോര് ക്ലീമിസ് വായിച്ചു. അധികാരശ്രേണിയുടെ പ്രതീകമായി അംശവടി കൈമാറലായിരുന്നു അടുത്തരംഗം. അഞ്ചു ബിഷപ്പുമാര്‍ വീതം മുന്നോട്ടുവന്നാണ് അംശവടിയില്‍ പിടിച്ചശേഷം ഒരോരുത്തരായി കൈവിട്ടുമാറിയത്. പിന്നെ വിശ്വാസപ്രമാണം ചൊല്ലി ശുശ്രൂഷ പൂര്‍ത്തിയാക്കി. ശ്രേഷ്ഠ കാതോലിക്ക ബാവ വിശ്വാസിസമൂഹത്തെ തന്റെ സ്ലീബ ഉയര്‍ത്തി വാഴ്ത്തി അനുഗ്രഹിച്ചതോടെ ഒരുമണിക്കൂര്‍ നീണ്ടുനിന്ന ഭക്തിനിര്‍ഭരമായ ചടങ്ങിനു പരിസമാപ്തിയായി.
പാലാ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, പുനലൂര്‍ ബിഷപ്പ് സില്‍വെസ്റ്റര്‍ പൊന്നുമുത്തന്‍, മലങ്കര മാര്‍ത്തോമ്മാ സഭയുടെ തോമസ് മാര്‍ തിമോത്തിയോസ്, തൊഴിയൂര്‍ സഭയുടെ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, കല്‍ദായ സഭയുടെ മോര് ഔഗേന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത, ബിലീവേഴ്സ് ചര്‍ച്ചിന്റെ സാമുവേല്‍ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, വരാപ്പുഴ അതിരൂപത സഹായ മെത്രാന് ആന്റണി വാലുങ്കല്‍ എന്നിവരും ശുശ്രൂഷയില്‍ സംബന്ധിച്ചു.