കൊച്ചി ● വചനിപ്പ് തിരുനാള്‍ ദിനമായ ഇന്ന് ആകമാന സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാര്‍ക്കും ലോകമൊട്ടുക്കുള്ള വിശ്വാസികള്‍ക്കും പ്രാര്‍ഥനാപുണ്യം. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്സ്ഥാനമേല്ക്കുന്ന നിമിഷം കാത്തിരിക്കുകയാണ് വിശ്വാസികള്‍.
ബയ്റുത്ത് അറ്റ്ചാനെ സെയ്ന്റ് മേരീസ് കത്തീഡ്രലില്‍ വൈകീട്ട് 5-നാണ് (ഇന്ത്യന്‍ സമയം രാത്രി 8.30) ചടങ്ങ്. സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും സഹ കാര്‍മികരാകും. വചനിപ്പ് തിരുനാള്‍ ദിവസമാണ് സ്ഥാനാരോഹണമെന്ന പ്രത്യേകതയുമുണ്ട്. ഇന്ന് രാവിലെ സഭയുടെ എല്ലാ ദൈവാലയങ്ങളിലും വി.കുർബാനയുണ്ടായിരുന്നു.
പാത്രിയര്‍ക്കീസ് ബാവയുടെ കീഴില്‍ പ്രാദേശിക ഭരണത്തിനായി ക്രമീകരിക്കപ്പെട്ട കാതോലിക്കേറ്റിലെ 81-ാമത്തെ കാതോലിക്കാ ബാവയാണ് മാര്‍ ഗ്രിഗോറിയോസ്. കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭ, സിറിയന്‍ കത്തോലിക്കാ സഭ, അര്‍മേനിയന്‍ കത്തോലിക്കാ സഭ, കല്‍ദായ സുറിയാനി സഭ തുടങ്ങി വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. മലങ്കര കത്തോലിക്കാ സഭയുടെ തലവനായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും മാര്‍ത്തോമ്മ സഭയെ പ്രതിനിധാനം ചെയ്ത് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയും പങ്കെടുക്കുന്നുണ്ട്.
മുന്‍ കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്, അല്‍ഫോന്‍സ് കണ്ണന്താനം, ബെന്നി ബഹനാന് എം പി, ഷോണ്‍ ജോര്‍ജ് എന്നിവര്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളായി ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന്റെ പ്രതിനിധിസംഘത്തില്‍ എംഎല്‍എമാരായ അനൂപ് ജേക്കബ്, ഇ.ടി. ടൈസണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിള്‍, പി.വി. ശ്രീനിജിന്‍ എന്നിവരും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷുമുണ്ട്.
🔘പരുമല തിരുമേനിയുടെ നാലാം തലമുറക്കാരന്
മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പരിശുദ്ധ ചാത്തുരുത്തിയില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസി (പരുമല കൊച്ചുതിരുമേനി) ന്റെ നാലാം തലമുറക്കാരനാണ്. 1960 നവംബര്‍ 10-ന് പെരുമ്പിള്ളി ശ്രാമ്പിക്കല്‍ പള്ളത്തിട്ടയില്‍ വര്‍ഗീസിന്റെയും സാറാമ്മയുടെയും നാലാമത്തെ മകനായി ജനിച്ചു. സണ്ണി, ഉമ്മച്ചന്, പരേതയായ ശാന്ത എന്നിവര്‍ സഹോദരങ്ങള്‍.
🔘വിദ്യാഭ്യാസം
പെരുമ്പിള്ളി പ്രൈമറി, മുളന്തുരുത്തി ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ സ്കൂള്‍ പഠനശേഷം പെരുമ്പിള്ളി സെയ്ന്റ് ജെയിംസ് തിയോളജിക്കല്‍ സെമിനാരിയില്‍ വൈദിക പഠനം നടത്തി. മഹാരാജാസ് കോളേജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. 1988-ല്‍ അയര്‍ലന്‍ഡില്‍ സെയ്ന്റ് പാട്രിക് കോളേജില്‍നിന്ന് വേദശാസ്ത്രത്തില്‍ ബിരുദവും 1991-ല്‍ ഡബ്ലിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഫിലും അമേരിക്കയില്‍നിന്ന് ക്ലിനിക്കല്‍ പാസ്റ്ററല്‍ ആന്‍ഡ് കൗണ്‍സലിങ്ങില്‍ ഡിപ്ലോമയും നേടി.
🔘ജോസഫ് ശെമ്മാശന്
മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ സുറിയാനി കത്തീഡ്രലാണ് മാതൃ ഇടവക. 1974 മാര്‍ച്ച് 25 വചനിപ്പ് പെരുന്നാള്‍ ദിവസം മഞ്ഞനിക്കര ദയറായില്‍ െവച്ച് 13-ാം വയസ്സില്‍ കൊച്ചി ഭദ്രാസനത്തിന്റെ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത (പെരുമ്പിള്ളി തിരുമേനി) കോറൂയോ പട്ടം കൊടുത്തു. ശെമ്മാശപ്പട്ടമേറ്റ 23 പേരില്‍ പ്രായത്തില്‍ ഏറ്റവും ഇളയ ആള് ജോസഫ് ശെമ്മാശനായിരുന്നു. 1984 മാര്‍ച്ച് 25-ന് മാര്‍ ബസേലിയോസ് പൗലോസ് രണ്ടാമന് ബാവ കശ്ശീശാ പദവിയിലേക്ക് ഉയര്‍ത്തി. 1984 മുതല്‍ നാലുവര്‍ഷം െബംഗളൂരു സെയ്ന്റ് മേരീസ് പള്ളി വികാരിയായി.
ഉപരിപഠനാര്‍ഥം അമേരിക്കയില്‍ പോയപ്പോള്‍ വിവിധ ദൈവാലയങ്ങളില്‍ ശുശ്രൂഷ നിര്‍വഹിച്ചു. അയര്‍ലന്‍ഡിലെ പഠനകാലത്ത് ലണ്ടനില്‍ പള്ളി സ്ഥാപിച്ച് അഞ്ചുവര്‍ഷം വികാരിയായിരുന്നു.
🔘മെത്രാപ്പോലീത്ത സ്ഥാനം
1994 ജനുവരി 14-ന് പാത്രിയര്‍ക്കീസ് സഖാ പ്രഥമന്‍ ബാവ ഡമാസ്കസില്‍ െവച്ച് റമ്പാനായി ഉയര്‍ത്തി. 1994 ജനുവരി 16-ന് 33-ാം വയസ്സില്‍ പാത്രിയര്‍ക്കീസ് സഖാ പ്രഥമന്‍ ബാവ മാര്‍ ഗ്രിഗോറിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തയായി വാഴിച്ചു. 30 വര്‍ഷമായി കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായി അജപാലന ശുശ്രൂഷ ചെയ്തുവരുന്നു. 18 വര്‍ഷം എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അങ്കമാലി ഭദ്രാസനത്തില്‍ വിവിധ മേഖലകളുടെയും ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
അഖില മലങ്കര സണ്‍ഡേ സ്കൂള്‍ അസോസിയേഷന് പ്രസിഡന്റ്, മഞ്ഞനിക്കര തീര്‍ഥയാത്രാസംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 2019 ഓഗസ്റ്റ് 28-ന് സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായി തിരഞ്ഞെടുത്തു. 2024 ഫെബ്രുവരിയില്‍ മലങ്കരയിലെത്തിയ പാത്രിയര്‍ക്കീസ് ബാവ മലങ്കര മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചു. ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ അനാരോഗ്യത്തെ തുടര്‍ന്ന് പാത്രിയര്‍ക്കീസ് ബാവ ഗ്രിഗോറിയോസിനെ കാതോലിക്കോസ് അസിസ്റ്റന്റാക്കി.
🔘വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
സഭയുടെ കീഴിലുള്ള വിവിധ കോളേജുകളുടെ മാനേജര്‍, പാത്താമുട്ടത്തുള്ള സെയ്ന്റ് ഗിറ്റ്സ് എന്‍ജിനിയറിങ് കോളേജ് പ്രസിഡന്റ്, എറണാകുളം മരടില്‍ ഗ്രിഗോറിയന്‍ പബ്ലിക് സ്കൂള്‍ സ്ഥാപകന്‍, മാനേജിങ് ഡയറക്ടര്‍, തിരുവാങ്കുളം ജോര്‍ജിയന്‍ അക്കാദമി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ മാനേജര്‍, എരൂര്‍ ജെയ്നി സെന്റര്‍ സ്പെഷ്യല്‍ സ്കൂള്‍ പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിക്കുന്നു.